ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും സ്ഥിരത കൈവരിച്ചതോടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) വീണ്ടും സജീവമായിട്ടുണ്ട്. ഈയാഴ്ച്ച ചെറുതും വലുതുമായ ആറ് ഐപിഒകളാണുള്ളത്. വിപണിയില്‍ 10,733.5 കോടി രൂപയാണ് ഈ കമ്പനികളെല്ലാം കൂടി സമാഹരിക്കുക. വിദേശ നിക്ഷേപകര്‍ പിന്തിരിഞ്ഞ് നിന്നപ്പോഴും ആഭ്യന്തര നിക്ഷേപകരുടെ സക്രിയ ഇടപെടലാണ് വിപണിക്ക് ആവേശമാകുന്നത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയായ ഗ്രോയും (Groww), ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സും (Pine Labs) ആണ് ഐപിഒയ്‌ക്കെത്തുന്ന മുന്‍നിര കമ്പനികള്‍. ശ്രീജി ഗ്ലോബല്‍ എഫ്എംസിജി (Shreeji Global FMCG), ഫിന്‍ബഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Finbud Financial Services), ഫാര്‍മ കമ്പനി ക്യൂറിസ് ലൈഫ്‌സയന്‍സസ് (Curis Lifesciences), ഹെല്‍മറ്റ് നിര്‍മാതാക്കളായ സ്റ്റഡ്‌സ് ആക്‌സസറീസ് (Studds Accessories) എന്നീ ഐപിഒകളാണ് ഈയാഴ്ച്ച എത്തുന്നത്.
ആറ് ഐപിഒകളിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് 10,733.5 കോടി രൂപയാണ്. ഗ്രോയും പൈന്‍ ലാബ്‌സിന്റെയും വിഹിതം ഇതില്‍ 10,532.2 കോടി രൂപ വരും. ബില്യണ്‍ബ്രെയ്ന്‍സ് ഗാരേജ് വെഞ്ചേഴ്‌സാണ് ഗ്രോയുടെ മാതൃകമ്പനി. പ്രൈസ് ബാന്‍ഡ് 95-100 രൂപ നിരക്കിലാകും. ഓഫര്‍ ഫോര്‍ സെയിലിലൂടെ 5,572.30 കോടി രൂപയും 1,060 കോടി രൂപയുടെ പുതിയ ഓഹരികളുമാണ് ഐപിഒയിലൂടെ വില്പനയ്ക്ക് വയ്ക്കുന്നത്. നവംബര്‍ 4ന് തുടങ്ങി 7ന് അവസാനിക്കും.
നോയിഡ ആസ്ഥാനമായ ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സ് 3,900 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത്. നവംബര്‍ 7-11 തീയതികളിലാണ് ഐപിഒ. 2,080 കോടി രൂപയുടെ പുതിയ ഓഹരികളും 8.23 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെയും വില്പനയ്ക്ക് വയ്ക്കും. പ്രൈസ് ബാന്‍ഡ് 210-221 രൂപ.
എസ്എംഇ സെക്ടറില്‍ നിന്നുള്ള ശ്രീജി ഗ്ലോബല്‍ എഫ്എംസിജി ഐപിഒ എത്തുന്നത് നവംബര്‍ നാലിനാണ്. പ്രൈസ് ബാന്‍ഡ് 120-125. സുഗന്ധനവ്യജ്ഞന, ഭക്ഷ്യധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 85 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലോണ്‍ അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഫിന്‍ബഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഐപിഒയ്ക്കുള്ള മറ്റൊരു കമ്പനി. 72 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. പ്രൈസ് ബാന്‍ഡ് 140-142.
ഫാര്‍മ കമ്പനിയായ ക്യൂറിസ് ലൈഫ്‌സയന്‍സസ് 27.5 കോടി രൂപയുടെ ഐപിഒയ്ക്കാണ് തയാറെടുക്കുന്നത്. ഓഹരിയൊന്നിന് 120-128 രൂപ റേഞ്ചിലായിരിക്കും.
ഹെല്‍മറ്റ് നിര്‍മാതാക്കളായ സ്റ്റഡ് ആക്‌സസറീസ് 455 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ സമാഹരിക്കുക. ഐവെയര്‍ കമ്പനിയായ ലെന്‍സ്‌കാര്‍ട്ടിന്റെ ഐപിഒ നവംബര്‍ നാല് വരെ തുടരും. 7,278 കോടി രൂപയാണ് ലെന്‍സ്‌കാര്‍ട്ടിന്റെ ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine