ഓഹരി വിപണി ഇടിയുമ്പോള്‍ വാങ്ങുക (Buying on dips) എന്ന നിക്ഷേപ തന്ത്രം വീണ്ടും നിക്ഷേപകരുടെ ചര്‍ച്ചയില്‍. വില കുറയുമ്പോള്‍ വാങ്ങി, വിപണി ഉയരുമ്പോള്‍ ലാഭം നേടുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. എന്നാല്‍, എല്ലാ സാഹചര്യങ്ങളിലും ഇത് സുരക്ഷിതവും ഫലപ്രദവുമായ തന്ത്രമല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിപണിയിലെ താല്‍ക്കാലിക അനിശ്ചിതത്വങ്ങള്‍, വാര്‍ത്താ പ്രതികരണങ്ങള്‍, ആഗോള സംഭവവികാസങ്ങള്‍ എന്നിവയെ തുടര്‍ന്നുണ്ടാകുന്ന ഇടിവുകളാണ് സാധാരണയായി 'ഡിപ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം ഇടിവുകള്‍ പലപ്പോഴും നിക്ഷേപ അവസരങ്ങളായി മാറാറുണ്ടെങ്കിലും, ഇടിവിന് പിന്നിലെ കാരണം തിരിച്ചറിയാതെ വാങ്ങല്‍ നടത്തുന്നത് വലിയ റിസ്‌കിലേക്ക് നയിക്കാം.
വിപണി വികാരപരമായ കാരണങ്ങളാല്‍ (sentiment-driven) ഇടിയുമ്പോഴും, കമ്പനികളുടെ അടിസ്ഥാന ഘടകങ്ങള്‍ (fundamentals) ശക്തമായിരിക്കുമ്പോഴും ഇടിവില്‍ വാങ്ങുന്നത് ഗുണകരമാകാം. ലാഭം സ്ഥിരത, കടബാധ്യത നിയന്ത്രിതം, ഭാവി വളര്‍ച്ചയ്ക്ക് സാധ്യത -ഇങ്ങനെയുള്ള കമ്പനികളില്‍ ഇത്തരം ഇടിവുകള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരങ്ങളാകാറുണ്ട്.
വില താഴ്ന്നുവെന്ന ഒറ്റ കാരണം കൊണ്ട് വാങ്ങുന്നത് ഗുണകരമല്ല. ഇടിവ് താല്‍ക്കാലികമാണോ, അല്ലെങ്കില്‍ ബിസിനസിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പ്രശ്‌നമുണ്ടോ എന്ന് തിരിച്ചറിയണം.
സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍, ലാഭക്ഷമതയിലെ ഇടിവ്, നയപരമായ വലിയ മാറ്റങ്ങള്‍ തുടങ്ങിയവ മൂലമുള്ള വിലത്തകര്‍ച്ചകള്‍ ഡിപ് ആണ് എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വാങ്ങിയ ഓഹരികള്‍ ദീര്‍ഘകാലം പ്രതാപം വീണ്ടെടുക്കാന്‍ കഴിയാതെ പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
കൃത്യമായ അടിത്തട്ട് (market bottom) കണ്ടെത്തുക എളുപ്പമല്ലെന്നതും ഈ തന്ത്രത്തിന്റെ പ്രധാന വെല്ലുവിളിയാണ്. ആദ്യ ഇടിവിന് ശേഷം വിപണി വീണ്ടും താഴേക്ക് പോകുന്ന സാഹചര്യങ്ങളും സാധാരണമാണ്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) പോലുള്ള ക്രമമായ നിക്ഷേപ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഡിപ് നോക്കി വാങ്ങുന്നത് കൂടുതല്‍ സമയനിര്‍ണ്ണയ (timing) കഴിവ് ആവശ്യപ്പെടുന്ന തന്ത്രമാണ്. SIP വഴി വിപണിയിലെ ഉയര്‍ച്ച-താഴ്ചകള്‍ ശരാശരി ആക്കി ദീര്‍ഘകാല നിക്ഷേപം നടത്താന്‍ കഴിയുമെന്നതാണ് നേട്ടം.
അതിനാല്‍, സ്ഥിരമായ SIP നിക്ഷേപത്തിനൊപ്പം വലിയ തിരുത്തലുകള്‍ (corrections) ഉണ്ടാകുമ്പോള്‍ അധിക നിക്ഷേപം നടത്തുക എന്ന സംയുക്ത സമീപനമാണ് പല ധനകാര്യ ഉപദേശകരും ശുപാര്‍ശ ചെയ്യുന്നത്.
ഡിപ്പില്‍ വാങ്ങുന്നത് ഒരു സര്‍വ്വകാല വിജയ തന്ത്രമല്ല. ഇത് ഫലപ്രദമാകുന്നത് ഇടിവിന് പിന്നിലെ കാരണങ്ങള്‍, നിക്ഷേപകന്റെ റിസ്‌ക് സഹിഷ്ണുത, കമ്പനിയുടെയും സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാന ശക്തി എന്നിവയെ ആശ്രയിച്ചാണ്.
അടിസ്ഥാന വിശകലനമില്ലാതെ വെറും വിലക്കുറവ് കണ്ടു വാങ്ങല്‍ നടത്തുന്നത്, നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ഊഹക്കച്ചവടമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine