canva
Markets

ഐടി ഓഹരികളില്‍ കൂട്ടത്തകര്‍ച്ച; ഇന്‍ഫോസിസും ടി.സി.എസും 6 ശതമാനം ഇടിഞ്ഞു, കാരണമിതാണ്!

യു.എസ് വിപണിയിലുണ്ടായ തകര്‍ച്ചയുടെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും ദൃശ്യമായത്

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐ.ടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ പ്രമുഖ ഐ.ടി കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍ ടെക് എന്നിവയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു. യു.എസ് വിപണിയിലുണ്ടായ തകര്‍ച്ചയുടെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും ദൃശ്യമായത്.

ആശങ്കയായി എ.ഐ ചാറ്റ് ബോട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലെ പുതിയ മുന്നേറ്റങ്ങള്‍ പരമ്പരാഗത ഐടി സേവന കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന നിക്ഷേപകരുടെ ഭയമാണ് പ്രധാന കാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പറായ ആന്ത്രോപിക് (Anthropic) അവതരിപ്പിച്ച പുതിയ സേവനങ്ങള്‍ ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന ഭീതിയാണ് ഐ.ടി ഓഹരികളിലെ ഈ കൂട്ടവില്‍പ്പനയ്ക്ക് കാരണമായത്.

ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഡാറ്റാ അനാലിസിസ് തുടങ്ങിയ മേഖലകളിലെ ജോലികള്‍ സ്വയം പ്രവര്‍ത്തിപ്പിക്കുക (automate) എന്ന ലക്ഷ്യത്തോടെയാണ് ആന്ത്രോപിക് (Anthropic) അടുത്തിടെ ക്ലോഡ് കോവര്‍ക്ക് (Claude Cowork) ഏജന്റിനായി പുതിയ പ്ലഗ്-ഇന്നുകള്‍ പുറത്തിറക്കിയത്.

ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണിയിലെ ഐ.ടി ഓഹരികള്‍ നേരിട്ട വലിയ ഇടിവ് ഇന്ത്യന്‍ വിപണിയെയും ബാധിക്കുകയായിരുന്നു.. ആഗോളതലത്തില്‍ എ.ഐ മേഖലയിലെ മത്സരവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആറ് ശതമാനത്തിലധികം ഇടിവില്‍

ഐ.ടി മേഖലയിലെ തകര്‍ച്ചയെത്തുടര്‍ന്ന് നിഫ്റ്റി ഐ.ടി സൂചിക (Nifty IT index) ഏകദേശം 6 ശതമാനം ഇടിഞ്ഞു. മിക്കവാറും എല്ലാ ഐടി ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഇന്‍ഫോസിസ് ഓഹരി വില ഇന്ന് 6% ഇടിഞ്ഞ് ഏകദേശം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിപണിയിലെ കരുത്തരായ ടിസിഎസ് ഓഹരികളും 6 ശതമാനത്തോളം താഴേക്ക് പോയി. വിപ്രോ ഓഹരികള്‍ 6.7% ഇടിവാണ് രാവിലെ രേഖപ്പെടുത്തിയത്. എച്ച്സിഎല്‍ ടെക് ഓഹരികള്‍ 6.44 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഐടി മേഖലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളില്‍ വിപണി ഏത് രീതിയില്‍ പ്രതികരിക്കുമെന്നത് നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT