പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഐടി ഓഹരികളിൽ വീണ്ടും ശക്തമായ മുന്നേറ്റം; ടി.സി.എസ് 6% നേട്ടത്തിൽ ഇന്നത്തെ സർപ്രൈസ് റാലിക്ക് പിന്നിലെന്ത്?

നിഫ്റ്റി ഐടി സൂചികയുടെ ഭാ​ഗമായ 10 ഓഹരികളും ഇന്ന് മുന്നേറ്റം കാണിക്കുന്നു

Dhanam News Desk

ഐടി മേഖലയിലെ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി സൂചികയിലെ 10 ഓഹരികളും ഇന്ന് നേട്ടത്തിലാണ്. ടിസിഎസ് 6% മുകളിലും എച്ച്സിഎൽ ടെക് 5.5% മുകളിലും ഉയർന്നപ്പോൾ ഇൻഫോസിസ്, എൽടിഐഎം, ടെക് മഹീന്ദ്ര, എംഫസിസ്, വിപ്രോ എന്നിവയും നേട്ടമുണ്ടാക്കി. ടി.സി.എസ്—എ.ബി.ബി കരാർ, എച്ച്.സി.എൽ ടെക് നൽകിയ പോസിറ്റീവ് സൂചന, രൂപയുടെ മൂല്യത്തകർച്ച, ദീർഘകാല നിക്ഷേപകരുടെ താൽപര്യം, എ.ഐ ഭീതി കുറഞ്ഞത് എന്നിവയാണ് വിപണിയിലെ ഇന്നത്തെ സർപ്രൈസ് റാലിക്ക് കാരണം.

തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലും ഐടി ഓഹരികളിൽ വൻ മുന്നേറ്റം. വെള്ളിയാഴ്ച കാഴ്ചവെച്ചതിനേക്കാളും മികച്ച പ്രകടനമാണ് തിങ്കളാഴ്ചത്തെ (ജൂലൈ 13) വ്യാപാരത്തിൽ പ്രകടമാകുന്നത്. പ്രധാന ബെഞ്ച്മാർക്ക് സൂചികകളായ എൻ.എസ്.ഇ നിഫ്റ്റിയും ബി.എസ്.ഇ സെൻസെക്സും നഷ്ടം നേരിടുന്നതിനിടെയാണ് ഐടി ഓഹരികളുടെ ഇന്നത്തെ മുന്നേറ്റം എന്നതും ശ്രദ്ധേയം.

എൻ.എസ്.ഇയിൽ ലി​സ്റ്റ് ചെയ്തിട്ടുള്ള ഐടി വിഭാ​ഗം ഓഹരികളുടെ സെക്ടറൽ സൂചികയായ നിഫ്റ്റി ഐടി 4 ശതമാനത്തിലേറെ നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്. വിശാല വിപണി ഇന്ന് നഷ്ടത്തിലായിരിക്കുമ്പോഴും ഐടി ഓഹരികളുടെ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അനുകൂല ഘടകം എന്തെന്ന് നോക്കാം.

ഓഹരികളുടെ പ്രകടനം

നിഫ്റ്റി ഐടി സൂചികയുടെ ഭാ​ഗമായ 10 ഓഹരികളും ഇന്ന് മുന്നേറ്റം കാണിക്കുന്നുണ്ട്. ഇതിൽ ജൂൺ സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ടി.സി.എസ് (BSE: 532540, NSE: TCS) ഓഹരി 6 ശതമാനത്തിലധികവും ജൂൺ പാദഫലം ഇന്ന് പുറത്തുവിടുന്ന എച്ച്.സി.എൽ ടെക് ഓഹരി (BSE: 532281, NSE: HCLTECH) 5.5 ശതമാനത്തിലേറെയും കുതിച്ചുയർന്നു.

സമാനമായി ഇൻഫോസിസ്, എൽ.ടി.എം ലിമിറ്റ‍ഡ് (മുമ്പ് എൽടിഐ മൈൻഡ്ട്രീ), ടെക് മഹീന്ദ്ര ഓഹരികൾ 4 ശതമാനം വീതവും നേട്ടം നിലവിൽ രേഖപ്പെടുത്തുന്നു. എംഫസിസ് 3 ശതമാനത്തിലേറെയും വിപ്രോ 2 ശതമാനത്തിലേറെ വർധനയും രേഖപ്പെടുത്തുന്നു.

എന്തുകൊണ്ട് മുന്നേറ്റം?

എ.ബി.ബി ഗ്രൂപ്പിന്റെ ആഗോള ശൃംഖല നവീകരിക്കുന്നതിനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ദീർഘകാല കരാർ ടി.സി.എസ് കരസ്ഥമാക്കിയത് ഐടി സെക്ടറിനെയൊന്നാകെ നേട്ടത്തിലേക്ക് നയിച്ചു. എച്ച്.സി.എൽ ടെക്നോളജീസ് കമ്പനിയുടെ മാനേജ്മെന്റ്, ഒന്നാം പാദഫലത്തിന് മുന്നോടിയായി ഐ.ടി സെക്ടറിന്റെ ഭാവിയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട് പങ്കുവെച്ചതും ഇന്നത്തെ സർപ്രൈസ് മുന്നേറ്റത്തിനുള്ള മുഖ്യ കാരണങ്ങളിലൊന്നായി മാർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ സമീപകാലത്ത് ശക്തമായ തിരുത്തൽ നേരിട്ട് ഗണ്യമായി വിലയിടിവ് നേരിടുന്ന ഓഹരികളിൽ ദീർഘകാല കാഴ്ചപ്പാടോടെ നിക്ഷേപകർ വാങ്ങാൻ തുനിയുന്നതും (bargain hunting) ഐടി ഓഹരികളിലെ കുതിപ്പിന് പിന്നിലുണ്ടെന്നും വിലയിരുത്തലുണ്ട്. വീണ്ടും യു.എസ് ഡോളർ ശക്തിയാ‌ർജിച്ചതോടെ രൂപയുടെ വിനിമയ നിരക്ക് താഴുന്നതിന്റെ മെച്ചം ഐടി കമ്പനികൾക്ക് ലഭിക്കുമെന്ന ഹ്രസ്വകാല പോസിറ്റീവ് കാഴ്ചപ്പാടും ഐടി ഓഹരികൾക്ക് പിന്തുണയേകുന്നു.

കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഭീഷണി കാരണം നേരിട്ട തിരിച്ചടി നിലവിൽ അർഹിക്കുന്നതിലും അധികമാണെന്നും ഏറ്റവും മോശംഘട്ടം പിന്നിട്ടുവെന്ന ഒരുവിഭാ​ഗം നിക്ഷേപകരുടെ കാഴ്ചപ്പാടും ഐടി ഓഹരികളെ പിന്തുണയ്ക്കുന്നതായും അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT