Photo : ITC / Website 
Markets

2500 കോടിയുടെ നിക്ഷേപ പദ്ധതികളുമായി ഐടിസി

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Dhanam News Desk

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 കോടിയുടെ നിക്ഷേപ പദ്ധതികളുമായി ഐടിസി (ITC). ഗുജറാത്തിലെ നദിയാദില്‍ അത്യാധുനിക പാക്കേജിംഗ് പ്ലാന്റ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് 2,500 കോടി രൂപയുടെ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള മള്‍ട്ടിബിസിനസ് കമ്പനിയുടെ പ്രീമിയം ആഡംബര ഹോട്ടലായ ഐടിസി നര്‍മദ (ITC Narmada) അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഐടിസി ചെയര്‍മാന്‍ സഞ്ജീവ് പുരിയാണ് (Sanjiv Puri) ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ മൈസൂരില്‍ ഒരു നിക്കോട്ടിന്‍ ഡെറിവേറ്റീവുകളുടെ നിര്‍മാണ കേന്ദ്രം, തെലങ്കാനയിലെ മേഡക് ജില്ലയില്‍ ഒരു ഭക്ഷ്യ സംസ്‌കരണ പ്ലാന്റ്, പശ്ചിമ ബംഗാളിലെ ഉലുബേരിയയില്‍ ഒരു ഉപഭോക്തൃ ഉല്‍പ്പന്ന പ്ലാന്റ് എന്നിവയും കമ്പനി സ്ഥാപിക്കും. എന്നാല്‍ ഓരോ പ്ലാന്റിനുമായി എത്ര തുക നിക്ഷേപിക്കുമെന്ന് പുരി വ്യക്തമാക്കിയില്ല.

ഇവിടങ്ങളിലേക്ക് ആവശ്യമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് കര്‍ഷകരുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 4,000 ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) രൂപീകരിച്ച് ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 10 ദശലക്ഷം കര്‍ഷകരെ ബന്ധിപ്പിക്കുക എന്ന ഐടിസി ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി കര്‍ഷകര്‍ക്ക് കാര്‍ഷിക, അനുബന്ധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കുന്നതിനായി ഐടിസി (ITC) അതിന്റെ സൂപ്പര്‍ ആപ്പ് മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് (ഐടിസിഎംഎആര്‍എസ്) പുറത്തിറക്കിയിരുന്നു.

ആഭ്യന്തര ഹോസ്പിറ്റാലിറ്റി ബിസിനസിനെ കുറിച്ച് സംസാരിക്കവെ, പാന്‍ഡെമിക്കിന് ശേഷം, ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായം അതിവേഗം വീണ്ടെടുക്കുകയാണെന്ന് പുരി പറഞ്ഞു. പാന്‍ഡെമിക് സാഹചര്യം കാരണം, പല വിദേശ വിനോദസഞ്ചാരികളും ആഭ്യന്തര യാത്രയ്ക്ക് മുന്‍ഗണന നല്‍കി, ഇത് പ്രാദേശിക ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് വളരെയധികം ഉത്തേജനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT