canva
Markets

ടെക് കമ്പനികളുടെ സി.‍ഡി.എസ് പുറത്തിറക്കിയത് എന്തിന്? ജെ.പി മോർ​ഗന്റെ ഈ നീക്കം വിപണിക്കുള്ള മുന്നറിയിപ്പോ?

എ.ഐ മത്സരത്തിനായി ടെക് കമ്പനികൾ വൻതോതിൽ കടം എടുക്കുന്നതിനിടെ ജെ.പി മോർഗൻ സി.‍ഡി.എസ് പുറത്തിറക്കി. ഇത് വിപണിയിലെ റിസ്ക് വർധനവിന്റെ സൂചനയാണോ എന്ന ചർച്ച ശക്തമാകുന്നു.

Dhanam News Desk

വിപണി മൂല്യത്തിൽ ലോകത്തെ ഏറ്റവും വലിയ ബാങ്കായ ജെ.പി മോർ​ഗൻ ചേസ്, യു.എസിലെ വൻകിട ടെക് കമ്പനികളുടെ കടപ്പത്രത്തിന്മേലുള്ള ഡെറിവേറ്റീവ് കോൺട്രാക്ടുകളായ ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകൾ (CDS) പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിലെ മത്സരത്തിനായി ശതകോടിക്കണക്കിന് ഡോളർ പൊതുവിപണിയിൽ നിന്നും സമാഹരിച്ചിട്ടുള്ള മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്), ആൽഫബെറ്റ് (​ഗൂ​ഗിൾ), ആമസോൺ, ഓറക്കിൾ തുടങ്ങിയ കമ്പനികളുടെ കടപ്പത്രങ്ങളിന്മേലാണ് ഒരുകൂട്ടം സി.ഡി.എസ് കോൺട്രാക്ടുകൾ ജെ.പി മോർ​ഗൻ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം 2008-ലെ സാമ്പത്തിക തകർച്ചയുടെ തൊട്ടുമുമ്പ്, ഏതാനും വൻകിട ബാങ്കുകൾ അന്നത്തെ റിയൽ എ​സ്റ്റേറ്റ് തകർച്ചയിൽ നിന്ന് ലാഭം നേടുന്നതിനായി മുൻകൂട്ടി ചില ട്രേഡ് പൊസിഷൻസ് എടുത്തിരുന്നു. ഇപ്പോൾ സമാനമായ ഒരു നീക്കമാണ് വിപണിയിൽ പുതിയ ഫിനാൻഷ്യൽ പ്രോഡക്ട് ഇറക്കി ജെ.പി മോർ​ഗൻ നടത്തിയിരിക്കുന്നത്. എ.ഐ രം​ഗത്തെ മത്സരത്തിനായി ടെക് കമ്പനികളുടെ വൻ തോതിലുള്ള കടമെടുപ്പ് വിപണിയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന ആശങ്ക വിപണിയിലെ ഒരുവിഭാ​ഗം നിക്ഷേപകർ പങ്കുവെക്കുന്നതിനിടെയാണ് ജെപി മോർ​ഗനിൽ നിന്നും സി.ഡി.എസ് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.

എന്താണ് സി.‍ഡി.എസ്?

ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പ് എന്നത് കടപ്പത്രങ്ങളിന്മേലുള്ള ഒരു ഇൻഷുറൻസ് കരാറാണെന്ന് ലളിതമായി വിശേഷിപ്പിക്കാം. ഉദ്ദാഹരണത്തിന് നിങ്ങളൊരു കോർപറേറ്റ് കമ്പനിയുടെ ബോണ്ട്/കടപ്പത്രം വാങ്ങിയിട്ടുണ്ടെന്ന് കരുതുക. കാലക്രമേണ കമ്പനികളുടെ കടം തിരിച്ചടവിനെ കുറിച്ച് സംശയമുണർന്നുവെന്നും കരുതുക. അപ്പോൾ നിങ്ങളുടെ പണം സംരക്ഷിക്കുന്നതിനായി ഒരു ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പ് കോൺട്രാക്ട് വാങ്ങാവുന്നതാണ്. അതായത്, ടെക് കമ്പനികൾക്ക് ഭാവിയിൽ കടം തിരിച്ചടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയോ, അല്ലെങ്കിൽ അവരുടെ കടബാധ്യതയിന്മേലുള്ള റിസ്ക് കൂടുകയോ ചെയ്താൽ — ആ കമ്പനികളുടെ ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ് വാങ്ങിയിട്ടുള്ളവർക്ക് ലാഭം കിട്ടുമെന്ന് സാരം.

എന്താണ് ഇപ്പോഴുള്ള പ്രാധാന്യം?

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികൾ എ.ഐ. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ശതകോടിക്കണക്കിന് ഡോളർ കടം വാങ്ങുകയാണ്. 2025-ൽ മാത്രം 12,100 കോടി ഡോളറിന്റെ (ഏകദേശം 11,37,400 കോടി രൂപ) കടപ്പത്രങ്ങൾ ഇറക്കി. 2026-ൽ ഇത് 30,000 കോടി ഡോളർ (ഏകദേശം 28,20,000 കോടി രൂപ) ആയി വർധിക്കുമെന്നാണ് അനുമാനം. അതായത് എ.ഐ മേഖലയിലെ കടുത്ത മത്സരം കാരണം ടെക് കമ്പനികളുടെ കടം കുത്തനെ ഉയരുന്നു. അതു മുഖേന റിസ്ക് വർധിക്കുന്നു. ഭാവിയിൽ എ.ഐ സേവനങ്ങൾ വിറ്റഴിച്ച് കരുതിയതു പോലുള്ള വരുമാനം കണ്ടെത്താൻ സാധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും പശ്ചിമേഷ്യയിലെ യുദ്ധം ഉൾപ്പെടെയുള്ള വിവിധ ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങളുടെ പ്രതികൂല സ്വാധീനം വിപണിയിൽ വർധിക്കുന്നതിനിടെ.

എന്ത് മനസ്സിലാക്കണം?

ജെ.പി മോർ​ഗൻ എ.ഐ ടെക് കമ്പനികളുടെ സി.ഡി.എസ് കോൺട്രാക്ടുകൾ പുറത്തിറക്കി എന്നതുകൊണ്ട് വിപണിയിൽ തകർച്ച വരുമെന്നതിന്റെ ഉറപ്പായ ലക്ഷണമായൊന്നും കണക്കിലെടുക്കേണ്ട. പക്ഷേ, വലിയ ബാങ്കുകൾ റിസ്ക് കുറയ്ക്കുന്നതിനായുള്ള ഹെഡ്ജ് ടൂളുകളെ ആശ്രയിക്കാൻ തുടങ്ങുമ്പോൾ, സാമ്പത്തിക സംവിധാനത്തിനുള്ളിൽ റിസ്ക് ക്രമേണ വർധിക്കുകയാണെന്ന സൂചനയായി വായിച്ചെടുക്കാം എന്നാണ് വിപണി വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.

അതിനാൽ നിക്ഷേപകർ ചെയ്യേണ്ടത്, എ.ഐ കമ്പനികളുടെ മുന്നേറ്റത്തിന്റെ വാർത്തകൾ മാത്രം നോക്കാതെ, കടപ്പത്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും കൂടി ശ്രദ്ധിക്കണം. കാരണം പലപ്പോഴും സാമ്പത്തിക തകർച്ചയുടെ സൂചനകൾ ആദ്യം കടന്നുവരുന്നത് ​സ്റ്റോക്ക് മാർക്കറ്റിലായിരിക്കില്ല, കടപ്പത്ര വിപണിയിലാകും തുടങ്ങുക. ചുരുക്കത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വേണ്ടിയെടുത്ത കടം തിരിച്ചടയ്ക്കാൻ പ്രാപ്തമായ വരുമാനം കമ്പനികൾക്ക് കൈവരിക്കാനാകുന്നില്ലെങ്കിൽ, 2008-ലെ ചരിത്രം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് സാരം.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT