ഇൻസൈറ്റിൽ ​ഗൗതം അദാനി Image Source: Canva/adani.com
Markets

അദാനി ഓഹരികള്‍ക്ക് ഇനി നല്ലകാലം? ഈ ആറെണ്ണം വാങ്ങാമെന്ന് ജെഫറീസ്; $5,100 കോടിയുടെ നിക്ഷേപം വളർച്ചയ്ക്ക് കരുത്താകുമോ?

അദാനി ഗ്രൂപ്പിന്റെ ആറ് ഓഹരികൾക്ക് ജെഫറീസ് ബൈ റേറ്റിങ് നൽകിയിട്ടുണ്ട്; മൂന്ന് വർഷത്തിനുള്ളിലെ 5,100 കോടി ഡോളർ നിക്ഷേപവും കടബാധ്യത കുറയുന്നതും വളർച്ചാ സാധ്യതകൾക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ

Dhanam News Desk

അദാനി ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ഭാവിയിലെ വരുമാന വളർച്ചാ സാധ്യതയിലും വലിയ പ്രതീക്ഷയുമായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്. തുടർച്ചയായി നിരീക്ഷിക്കുന്ന അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികളുടെ ഓഹരികൾക്ക് 'ബൈ' (Buy) റേറ്റിങ് നൽകിയിരിക്കുകയാണ് സ്ഥാപനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എബിറ്റ്ഡ (EBITDA), പ്രതിയോഹരി വരുമാനം (EPS) എന്നിവയിൽ 23 ശതമാനം സംയുക്ത വാർഷിക വളർച്ചയാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ വൻകിട നിക്ഷേപ പദ്ധതികളും കടബാധ്യതയും കണക്കിലെടുക്കുമ്പോൾ ഈ വളർച്ചാ പ്രതീക്ഷകൾ എത്രത്തോളം ഓഹരി വിലകളിൽ പ്രതിഫലിച്ചുകഴിഞ്ഞു എന്നതാണ് നിക്ഷേപകർ പരിശോധിക്കേണ്ടത്.

അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അംബുജ സിമന്റ്സ് എന്നീ ഓഹരികൾക്കാണ്, ഇപ്പോൾ നിക്ഷേപത്തിനായി പരി​ഗണിക്കാമെന്ന സൂചനയോടെയുള്ള ബൈ റേറ്റിങ് ജെഫറീസ് നൽകിയിരിക്കുന്നത്. തുറമുഖം, വൈദ്യുതി, പുനരുപയോഗ ഊർജം, വൈദ്യുതി വിതരണം, വിമാനത്താവളങ്ങൾ, സിമന്റ് തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഭൗതിക ആസ്തി ശൃംഖലയായാണ് (hard-asset platform) അദാനി ഗ്രൂപ്പിനെ ബ്രോക്കറേജ് വിലയിരുത്തുന്നത്.

മൂന്ന് വർഷത്തിൽ 51 ബില്യൺ ഡോളറിന്റെ നിക്ഷേപം

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 51 ബില്യൺ (5,100 കോടി) ഡോളറിന്റെ മൂലധനച്ചെലവിടലാണ് (Capex) ഗ്രൂപ്പ് നടത്തുകയെന്നാണ് ജെഫറീസിന്റെ കണക്ക്. ഇതിന്റെ 60 ശതമാനത്തോളം വൈദ്യുതി മേഖലയിലേക്കായിരിക്കും. വൻതോതിൽ സൃഷ്ടിച്ചിട്ടുള്ള ശേഷികളെ വരുമാനം നൽകുന്ന ആസ്തികളാക്കി മാറ്റുകയാണ് ലക്ഷ്യം. 2027–29 കാലയളവിൽ അദാനി ഗ്രൂപ്പിന്റെ പ്രവർത്തന മൂലധനത്തിന്റെ (funds from operations) 65 ശതമാനത്തോളം സ്ഥിരതയാർന്നതും നിയന്ത്രിത വരുമാനമുള്ളതുമായ ബിസിനസുകളിൽ നിന്നായിരിക്കാമെന്നും ബ്രോക്കറേജ് റിപ്പോർട്ടിൽ പറയുന്നു.

കടബാധ്യത കുറയുന്നു; പക്ഷേ ആശങ്ക പൂർണമായി ഒഴിഞ്ഞിട്ടില്ല

ജെഫറീസിന്റെ കവറേജിൽ അഥവാ നിരീക്ഷണത്തിലുള്ള ആറ് അദാനി ​ഗ്രൂപ്പ് കമ്പനികളുടെ ആകെ കടബാധ്യത 3,840 കോടി ഡോളറാണ് (38.4 ബില്യൺ). എങ്കിലും അറ്റ കടവും പ്രവർത്തന ലാഭവും തമ്മിലുള്ള അനുപാതം (Net debt-to-EBITDA) 2022-ലെ 6.9 മടങ്ങിൽ നിന്ന് 2026-ഓടെ 4.1 മടങ്ങായി കുറഞ്ഞിട്ടുണ്ട്. പ്രവർത്തന വരുമാനത്തിൽ നിന്നുള്ള പണമൊഴുക്ക് (ക്യാഷ് ഫ്ലോ) വർധിച്ചതും മൂലധന സമാഹരണവും കടം പുനഃക്രമീകരിച്ചതുമാണ് ഇതിന് സഹായിച്ചത്. അതേസമയം, വലിയ മൂലധന നിക്ഷേപ പദ്ധതികളുള്ള അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ് എന്നിവയുടെ കടബാധ്യത ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്.

വളർച്ചാ പ്രതീക്ഷ ഓഹരി വിലയിൽ ഉൾക്കൊണ്ടുവോ?

ജെഫറീസിന്റെ വിലയിരുത്തൽ വളർച്ചാ സാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ആറ് ഓഹരികളുടെയും നിലവിലെ മൂല്യമതിപ്പ് (വാല്യുവേഷൻ), പ്രതീക്ഷിക്കുന്ന ലാഭവളർച്ച, കടബാധ്യത, റെ​ഗുലേറ്ററി റിസ്ക്കുകൾ എന്നിവ ഒരുപോലെയല്ല. അതിനാൽ ഒരേ 'ബൈ' റേറ്റിങ് ലഭിച്ചതുകൊണ്ട് എല്ലാ ഓഹരികളും ഒരുപോലെ ആകർഷകമാണെന്ന് കരുതാനാവില്ല.

51 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും പുതിയ ഉത്പാദന ശേഷികളെ ലാഭകരമായ ആസ്തികളാക്കി മാറ്റാനും കഴിഞ്ഞാൽ ജെഫറീസിന്റെ വളർച്ചാ അനുമാനങ്ങൾക്ക് അടിത്തറയാകും. എന്നാൽ പദ്ധതികൾ വൈകുകയോ മൂലധന സമാഹരണ ചെലവ് ഉയരുകയോ ചെയ്താൽ പ്രതീക്ഷിച്ച ലാഭവളർച്ച കൈവരിക്കാൻ പ്രയാസമാകും. ഗ്രൂപ്പ് കമ്പനികൾ തമ്മിലുള്ള സാമ്പത്തിക-പ്രവർത്തന ബന്ധങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ആഘാതം മറ്റ് കമ്പനികളിലേക്കും പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ, അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക് ഇനിയും വളർച്ചാ സാധ്യതയുണ്ടോ എന്നതല്ല, മറിച്ച് പ്രതീക്ഷിക്കുന്ന ആ വളർച്ചയുടെ എത്രത്തോളം ഭാഗം നിലവിലെ ഓഹരി വിലയിൽ ഇതിനകം പ്രതിഫലിച്ചു കഴിഞ്ഞു (priced in) എന്നതാണ് നിക്ഷേപകർ പരിശോധിക്കേണ്ടത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Jefferies has assigned Buy ratings to six Adani Group companies, projecting 23% EBITDA and EPS growth through FY29, supported by a planned $51 billion capital expenditure programme, while flagging leverage and execution risks.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT