Image by Canva 
Markets

ഡിസൈൻ ആഭരണങ്ങൾക്ക് പ്രിയമേറുന്നു; കല്യാണ്‍ അടക്കമുളള ജുവലറി ഓഹരികളുടെ വിലയിൽ വൻ വർധന

സ്വർണവിലയിലുണ്ടായ വർധനവ് വിൽപനയെ നേരിയ തോതിൽ ബാധിച്ചെങ്കിലും, ഉത്സവ സീസണിലെയും വിവാഹ സീസണിലെയും ശക്തമായ ഡിമാൻഡ് കമ്പനികൾക്ക് തുണയായി

Dhanam News Desk

2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ (Q3FY26) മികച്ച ബിസിനസ് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജുവലറി ഓഹരികൾക്ക് വൻ മുന്നേറ്റം. ടൈറ്റൻ, കല്യാൺ ജുവലേഴ്‌സ്, സെൻകോ ഗോൾഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വിലയിൽ 14 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്.

വരുമാനത്തിൽ വര്‍ധന

കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരി വില 5 ശതമാനത്തോളം വർധിച്ച് 522 രൂപയിലെത്തി. മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനത്തിൽ 42 ശതമാനം വളർച്ചയുണ്ടായതായി കല്യാൺ അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള വരുമാനത്തിൽ 36 ശതമാനത്തിന്റെ വർധനയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറില്‍ അവസാനിച്ച പാദത്തിൽ കല്യാൺ ജുവലേഴ്‌സ് ഇന്ത്യയിൽ 21 ഷോറൂമുകളും യു.കെയില്‍ ഒരു ഷോറൂമും ഇന്ത്യയിൽ 14 കാൻഡെയർ ഷോറൂമുകളുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ കമ്പനിയുടെ മൊത്തം ഷോറൂമുകളുടെ എണ്ണം 469 ആയി.

സ്വർണവിലയിലുണ്ടായ വർധന വിൽപനയെ നേരിയ തോതിൽ ബാധിച്ചെങ്കിലും, ഉത്സവ സീസണിലെയും വിവാഹ സീസണിലെയും ശക്തമായ ഡിമാൻഡ് കമ്പനികൾക്ക് തുണയായി. സ്വർണ നാണയങ്ങളുടെ വിൽപനയിലും ഡിസൈൻ ആഭരണങ്ങളുടെ ആവശ്യകതയിലും വലിയ വർധനയാണ് ഉണ്ടായത്. വരും പാദങ്ങളിലും മികച്ച പ്രകടനം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഈ കമ്പനികൾ. പുതിയ ഷോറൂമുകൾ തുറക്കുന്നതടക്കമുള്ള വിപുലീകരണ പ്രവർത്തനങ്ങളും കമ്പനികളുടെ ഓഹരി മൂല്യം ഉയരാൻ കാരണമായി.

ടൈറ്റൻ

ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 4 ശതമാനം ഉയർന്ന് 4,285 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ടൈറ്റന്റെ ജുവലറി വിഭാഗം വരുമാനത്തിൽ 41 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 14 ശതമാനം വരെയാണ് സെൻകോ ഗോൾഡ് ഓഹരി ഉയര്‍ന്നത്. കമ്പനിയുടെ ഓഹരി വില 368.85 രൂപ വരെ ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 51 ശതമാനത്തിന്റെ വർധനവാണ് സെൻകോ ഗോൾഡ് കൈവരിച്ചത്.

Jewellery stocks like Titan, Kalyan, and Senco Gold surged after strong Q3FY26 revenue growth driven by festive and wedding season demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT