പ്രതീകാത്മക ചിത്രം Image Source: Canva/ril.com/jio.com
Markets

ജിയോ പ്ലാറ്റ്ഫോംസ് ₹1,363; റിലയൻസ് ₹1,172: നിക്ഷേപകർക്ക് ഇനി പരി​ഗണിക്കാവുന്ന ഓഹരി ഏത്?

ജിയോ പ്ലാറ്റ്ഫോംസ് ഓഹരിയുടെ ശക്തമായ ലിസ്റ്റിങ്ങിന് പിന്നാലെ നിക്ഷേപകർ മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും താരതമ്യം ചെയ്യുന്നു. ഓഹരി വിലയ്ക്കപ്പുറം കമ്പനികളുടെ വാല്യുവേഷൻ, വളർച്ചാ സാധ്യത, കടം, ബിസിനസ് ഘടന എന്നിവ പരിശോധിക്കേണ്ടതുണ്ട്.

Pintu Prakash

ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ ഐപിഒ ലിസ്റ്റിംഗിൽ വൻ നേട്ടം കൈവരിച്ചു. വിപണി മൂല്യം 12.50 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 1,172 രൂപയിൽ വ്യാപാരം തുടരുന്നു. നിക്ഷേപകർക്ക് ദീർഘകാല വളർച്ചാ സാധ്യതകൾ പരിഗണിച്ച് ഏത് ഓഹരി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിച്ച ഐ.പി.ഒയ്ക്കുശേഷം ഇന്ന് (ഒക്ടോബർ 28) രാവിലെ ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരികൾ വിപണിയിൽ മികച്ച നേട്ടത്തോടെ ലിസ്റ്റിങ് കുറിച്ചു. ഐപിഒയിലെ ഇഷ്യൂ വിലയായ 1,119 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 21.4 ശതമാനം ലിസ്റ്റിങ് നേട്ടത്തോടെ 1,158 രൂപയിലാണ് ജിയോ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം നടത്തിയത്. തുടർന്ന് 1,374.50 രൂപ വരെ ജിയോ പ്ലാറ്റ്ഫോംസ് ഓഹരി മുന്നേറിയപ്പോൾ മാതൃസ്ഥാപനമായ (പ്രൊമോട്ടർ) റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 2 ശതമാനത്തോളം താഴ്ന്ന് 1,172 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

അതേസമയം ഐപിഒയിൽ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ കിട്ടാത്ത റീട്ടെയിൽ നിക്ഷേപകർക്ക് ഒരുപക്ഷേ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില താരതമ്യേന താഴ്ന്നതാണെന്നും അത് ആകർഷകമായും തോന്നാം. എന്നാൽ ഓഹരിയുടെ വിപണി വില മാത്രം നോക്കി നിക്ഷേപ തീരുമാനം എടുക്കാതിരിക്കുന്നതാണ് ഉചിതം.

വിലയല്ല, മൂല്യമാണ് പ്രധാനം

നിലവിൽ 1,363 രൂപ വിപണി വിലയുള്ള ജിയോ പ്ലാറ്റ്ഫോംസ് ഓഹരിയുമായി ഇപ്പോൾ 1,172 രൂപ വിപണി വിലയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ "ലാഭകരമാണ്" എന്ന് കണക്കിലെടുക്കരുത്. കാരണം, ഇരു കമ്പനികളുടെയും ബിസിനസ് ഘടന, ഇക്വിറ്റി ഓഹരികളുടെ എണ്ണം, കമ്പനിയുടെ വിറ്റുവരവും ലാഭവും, കടബാധ്യത എന്നിവയൊക്കെ തികച്ചും വ്യത്യസ്തമാണ്.

ഓഹരികളുടെ യഥാർത്ഥ വലിപ്പവും പ്രസക്തിയും ഒക്കെ വിലയിരുത്താൻ ഏറ്റവും അനുയോജ്യമായ അളവുകോൽ കമ്പനികളുടെ 'മാർക്കറ്റ് ക്യാപിറ്റലൈസേഷൻ' (Market Capitalization) അഥവാ മൊത്തം വിപണി മൂല്യം പരി​ഗണിക്കുന്നതാണ്. വിപണിയിലെ അരങ്ങേറ്റത്തിൽ കൈവരിച്ച നേട്ടത്തോടെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം ഏകദേശം 12.50 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതേസമയം റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വിപണി മൂല്യം ഏകദേശം 16 ലക്ഷം കോടി രൂപയാണ്. നിലവിൽ വിപണി മൂല്യത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത് യഥാക്രമം റിലയൻസ് ഇൻഡസ്ട്രീസും ജിയോ പ്ലാറ്റ്ഫോംസുമാണ്.

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഏകദേശം 64.48 ശതമാനം ഓഹരി വിഹിതവും കൈവശം വെച്ചിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് എന്നതാണ്. അതായത്, ലിസ്റ്റ് ചെയ്ത ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് റിലയൻസിന്റെ കൈവശമുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരികൾക്ക് ഏകദേശം 8.30 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്. റിലയൻസിന്റെ മറ്റ് വമ്പൻ ബിസിനസ് വിഭാഗങ്ങളായ റീട്ടെയിൽ, ഓയിൽ-ടു-കെമിക്കൽസ് (O2C), ന്യൂ എനർജി എന്നിവയുടെ വിപുലമായ മൂല്യം ഇതിന് പുറമെയാണ് കണക്കാക്കേണ്ടത്.

ജിയോ പ്ലാറ്റ്‌ഫോംസ്: നേട്ടങ്ങളും വെല്ലുവിളികളും

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌‍വ്യവസ്ഥയുടെ വളർച്ചയുടെ ​ഗുണഫലം തേടുന്ന നിക്ഷേപകർക്ക് ജിയോ പ്ലാറ്റ്ഫോംസ് (BSE: 545004, NSE: JPL) ഒരു നിക്ഷേപ അവസരമാണ് (Pure-play digital bet) നൽകുന്നത്. നിലവിൽ വരിക്കാരുടെ എണ്ണത്തിലും ഇന്റർനെറ്റ് ഡാറ്റ ട്രാഫിക്കിലും രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ ജിയോയ്ക്ക്, ഹോം ബ്രോഡ്‌ബാൻഡ് (JioFiber/JioAirFiber) ബിസിനസിൽ ഇനിയും വലിയ വളർച്ചാ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. പരമ്പരാഗത കണക്ടിവിറ്റിക്കപ്പുറം എന്റർപ്രൈസ് സൊലൂഷൻസ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ക്ലൗഡ് സർവീസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയിൽ ജിയോ നടത്തുന്ന മുന്നേറ്റം ദീർഘകാല നിക്ഷേപകരെ ആകർഷിക്കാവുന്ന പ്രധാന ഘടകങ്ങളാണ്.

വിപണിയിൽ ജിയോ പ്ലാറ്റ്ഫോംസ് ഓഹരിക്ക് ലഭിച്ച വൻ സ്വീകാര്യത ഐപിഒ വേളയിലെ സബ്‌സ്‌ക്രിപ്ഷൻ കണക്കുകളിൽ നിന്നും വ്യക്തമാണ്. 30,213 കോടി രൂപയുടെ ഈ മെഗാ ഇഷ്യൂ 22.19 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ജിയോയുടെ വിപണി വലിപ്പം, നിരക്കുകൾ നിശ്ചയിക്കാനുള്ള ശേഷി (Pricing power), ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായ ക്യാഷ്‌ഫ്ലോ നിലനിർത്താനുള്ള സാധ്യത എന്നിവയിലുള്ള വിപണിയുടെ അടിയുറച്ച ആത്മവിശ്വാസമാണ് ഈ വൻ ഡിമാൻഡ് പ്രതിഫലിപ്പിക്കുന്നത്.

അതേസമയം വിപണിയിലെ വൻ പ്രതീക്ഷയ്ക്കൊത്തുയർന്ന്, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദേശിച്ചിരുന്ന ഭൂരിഭാഗം ടാർഗറ്റ് പ്രൈസിനേക്കാളും ഉയർന്ന നിരക്കിലാണ് ജിയോ പ്ലാറ്റ്ഫോംസ് ഓഹരി ലിസ്റ്റ് ചെയ്തത്. പ്രധാന ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ ജിയോ ഓഹരിക്ക് 'ബൈ' (Buy) റേറ്റിംഗ് നൽകിക്കൊണ്ട് നിശ്ചയിച്ചിരുന്ന ലക്ഷ്യ വില (Target Price) 1,340 മുതൽ 1,367 രൂപ വരെയായിരുന്നു.

നിലവിൽ 1,363 രൂപ നിലവാരത്തിൽ വ്യാപാരം നടത്തുന്ന ജിയോ പ്ലാറ്റ്ഫോംസ് ഓഹരിയിൽ നിന്ന് ഹ്രസ്വകാലയളവിൽ പെട്ടെന്നുള്ള വലിയൊരു ലാഭം (Immediate listing gains) പ്രതീക്ഷിക്കുന്നതിൽ പരിമിതികളുണ്ടെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. നിലവിലെ ഉയർന്ന വിലയിൽ ഓഹരി വാങ്ങുന്ന നിക്ഷേപകർ കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതകളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രീമിയം വിലയാണ് നൽകുന്നത്. അതിനാൽ, ഒരു ഹ്രസ്വകാല 'ലാഭക്കച്ചവടം' എന്നതിനപ്പുറം ദീർഘകാല നിക്ഷേപ ലക്ഷ്യത്തോടെയുള്ളവർ മാത്രം ഈ വിലവാരത്തിൽ ഓഹരി പരിഗണിക്കുന്നതാകും ഉചിതമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്: നേട്ടങ്ങളും വെല്ലുവിളികളും

റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) കൂടുതൽ വിശാലവും വൈവിധ്യമാർന്നതുമായ നിക്ഷേപ അവസരമായി തുടരുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ജിയോ പ്ലാറ്റ്‌ഫോംസ്, റിലയൻസ് റീട്ടെയിൽ, ഓയിൽ-ടു-കെമിക്കൽസ് (O2C), ന്യൂ എനർജി ബിസിനസുകൾ എന്നിവയും ചേരുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിലെ നിക്ഷേപ സാധ്യതകൾ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്.

ടെലികോം താരിഫുകളിലെ മാറ്റങ്ങളോ ബ്രോഡ്ബാൻഡ് വളർച്ചയിലെ ഇടിവോ ഏതെങ്കിലും ഘട്ടത്തിൽ ബാധിച്ചാൽ തന്നെ, കമ്പനിയുടെ കീഴിലുള്ള മറ്റ് ബിസിനസുകളുടെ ശക്തമായ പ്രകടനം റിലയൻസിന് താങ്ങാവുന്നു. ജിയോ പ്ലാറ്റ്ഫോംസിന്റെ സ്റ്റാൻഡലോൺ ലിസ്റ്റിംഗിലൂടെ നേരിട്ട് നിക്ഷേപം നടത്താനുള്ള അവസരത്തിനൊപ്പം തന്നെ, മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിലൂടെയും ഇതിന്റെ വളർച്ച പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് സാധിക്കുന്നു.

എന്നിരുന്നാലും, ഇത്രയും വിപുലമായ വൈവിധ്യവൽക്കരണം തന്നെ റിലയൻസിനെ സംബന്ധിച്ച് ഒരു സങ്കീർണത കൂടിയാണ്. ഒരേസമയം വ്യത്യസ്ത ബിസിനസ് ചാക്രികതയും (Business Cycles), വൻതോതിലുള്ള മൂലധന ആവശ്യങ്ങളും, ആഗോള വിപണിയിലെ റിസ്കുകളും ഒരേകുടക്കീഴിൽ കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നതാണ് പ്രധാന വെല്ലുവിളി. പ്രത്യേകിച്ച്, പരമ്പരാ​ഗത ഓയിൽ-ടു-കെമിക്കൽസ് മേഖലയുടെ പ്രകടനം ഇപ്പോഴും ആഗോള കമ്മോഡിറ്റി വിലകളെയും വിപണിയിലെ ആവശ്യകതയെയും (Demand Supply Dynamics) ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.

നിക്ഷേപകർ പരിശോധിക്കേണ്ട കാര്യങ്ങൾ

ഏത് ഓഹരിക്കാണ് താഴ്ന്ന വിലയെന്ന് ചോദിക്കുന്നതിന് പകരം, നിക്ഷേപകർ വിലയിരുത്തേണ്ട പ്രധാന ഘടകങ്ങൾ:

  • വാല്യുവേഷൻ (Valuation): ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലിസ്റ്റിംഗിന് ശേഷം സബ്‌സ്‌ക്രൈബർ വളർച്ച, താരിഫ് വർധന, ബ്രോഡ്‌ബാൻഡ് മോണറ്റൈസേഷൻ എന്നിവ ജിയോയുടെ വിപണി മൂല്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പരിശോധിക്കുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തത്തിലുള്ള വാല്യുവേഷൻ ഇപ്പോൾ ജിയോയുടെ നേരിട്ടുള്ള വിപണി വില, റിലയൻസ് റീട്ടെയിൽ, എനർജി, മറ്റ് ആസ്തികൾ എന്നിവയുടെ സംയുക്ത മൂല്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

  • വളർച്ചാ സാധ്യത (Growth Visibility): ജിയോയ്ക്ക് വിപണിയിൽ വ്യക്തമായ ഡിജിറ്റൽ വളർച്ചാ ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ ൻഡലോൺ ലിസ്റ്റിംഗിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, റിലയൻസിനെ സംബന്ധിച്ചിടത്തോളം ഒരേസമയം നിരവധി ബിസിനസ് ഘടകങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത മേഖലകളിൽ നിന്നും പുതിയ വ്യവസായങ്ങളിലേക്കുള്ള മാറ്റം ഉചിതമായി കൈകാര്യം ചെയ്യുകയാണെങ്കിൽ റിലയൻസിന് വലിയ തോതിലുള്ള മൂല്യസ്രോതസ്സുകൾ തുറക്കാനാകും.

  • പണലഭ്യതയും കടവും (Cash Flow & Debt): ടെലികോം രംഗം വലിയ തോതിലുള്ള മൂലധന നിക്ഷേപം (Capex) ആവശ്യമുള്ള മേഖലയാണ്. ജിയോയുടെ ഫ്രീ ക്യാഷ്‌ഫ്ലോ, കടം കുറയ്ക്കാനുള്ള നീക്കങ്ങൾ എന്നിവയ്‌ക്കൊപ്പം റിലയൻസിന്റെ ഗ്രൂപ്പ് തലത്തിലുള്ള ഏകീകൃത കടവും മൂലധന വിഹിതവും നിക്ഷേപകർ വിലയിരുത്തേണ്ടതുണ്ട്.

  • ഉടമസ്ഥതാ സാമ്പത്തികശാസ്ത്രം (Ownership Economics): ജിയോ പ്ലാറ്റ്‌ഫോംസ് നേരിട്ട് ഓഹരി വിപണിയിൽ ലഭ്യമാണെങ്കിലും, റിലയൻസ് ഓഹരി ഉടമകൾ മാതൃകമ്പനിയിലൂടെ ഇതിന്റെ വലിയൊരു ഭാഗം പരോക്ഷമായി കൈവശം വെക്കുകയും, ഒപ്പം വിശാലമായ ഗ്രൂപ്പിന്റെ മറ്റ് ബിസിനസ് റിസ്കുകളും നേട്ടങ്ങളും പങ്കിടുകയും ചെയ്യുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Following Jio Platforms’ strong market debut, investors can compare its digital-focused business with Reliance Industries’ diversified portfolio by examining valuation, growth prospects, cash flow and debt.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT