ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ വിപണിയിൽ ആവേശകരമായ തുടക്കം കുറിച്ച് 21% ലാഭം സമ്മാനിച്ചു. 1,119 രൂപ ഇഷ്യൂ വിലയേക്കാൾ 1,358 രൂപയിൽ ലിസ്റ്റ് ചെയ്ത ജിയോ, 12.50 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഐപിഒ വഴി സമാഹരിച്ച 30,200 കോടി രൂപ കമ്പനി വളർച്ചയ്ക്കും കടബാധ്യത കുറയ്ക്കാനും ഉപയോഗിക്കും.
ഇന്ത്യയിൽ ചരിത്രം കുറിച്ച പബ്ലിക് ഇഷ്യൂവിന് ശേഷം (ഐപിഒ) റിലയൻസ് ജിയോ (ഔദ്യോഗിക നാമം - ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്) ഓഹരിക്ക് ഇന്ന് (ഒക്ടോബർ 28) വിപണിയിൽ ആവേശത്തുടക്കം. പൊതുവിൽ പ്രതീക്ഷിച്ചപോലെ തന്നെ ജിയോ ഓഹരിക്ക് നേട്ടത്തോടെ ലിസ്റ്റ് ചെയ്യാൻ സാധിച്ചു. ഐപിഒയിലെ ഇഷ്യൂ വിലയേക്കാൾ (1,119 രൂപ) 21.36 ശതമാനം ഉയർന്ന് 1,358 രൂപയിലാണ് ബിഎസ്ഇയിലും എൻഎസ്ഇയിലും ജിയോ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്.
ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച ഏറ്റവും വലിയ ഐപിഒ ആയിരുന്നു ജിയോയുടേത്. ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ഐപിഒയിലൂടെ ഏകദേശം 30,200 കോടി രൂപ സമാഹരിച്ചു. മെഗാ ഐപിഒ ആയിരുന്നിട്ടും ഒ.എഫ്.എസ് ഒഴിവാക്കി നിക്ഷേപകർക്ക് പൂർണമായും പുതിയ ഓഹരികൾ അനുവദിച്ചായിരുന്നു (Fresh issue) ഫണ്ട് സമാഹരണം. അതിനാൽ ഐപിഒ വഴി കിട്ടുന്ന മുഴുവൻ പണവും കമ്പനിക്ക് വേണ്ടി ചെലവഴിക്കാൻ വഴിയൊരുങ്ങും. ജിയോയുടെ കടബാധ്യത കുറയ്ക്കാനാണ് ഐപിഒ നടത്തിയത്. പലിശഭാരം ഒഴിവാകുന്നതോടെ കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടുന്നത് ഭാവി വികസനത്തിനും വളർച്ചയ്ക്കും മുതൽക്കൂട്ടാകും.
അതേസമയം, ഒക്ടോബർ 28-ന് ലിസ്റ്റ് ചെയ്യുന്ന ദിവസം മുതൽ തന്നെ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ 'മാർജിൻ ട്രേഡിംഗ് ഫെസിലിറ്റി' (MTF) വഴി ലഭ്യമാകുമെന്ന് എൻഎസ്ഇ അറിയിച്ചു. ജിയോ ഓഹരിയെ ഗ്രൂപ്പ്-1 വിഭാഗത്തിലാണ് എൻഎസ്ഇ ഉൾപ്പെടുത്തിയിരിക്കുന്നത്. വാങ്ങാനുള്ള മുഴുവൻ പണവും നിക്ഷേപകർ നൽകാതെ തന്നെ, ബ്രോക്കറുടെ വായ്പ കൂടി സ്വീകരിച്ച് ഓഹരികൾ വാങ്ങുന്ന രീതിയാണ് എം.ടിഎഫ്. വാങ്ങിയ ഓഹരികളാണ് വായ്പയ്ക്കുള്ള ഈടായി കണക്കാക്കുന്നത്.
മികച്ച നേട്ടത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വിപണി മൂല്യത്തിൽ (Market Cap) രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരാനും ജിയോ പ്ലാറ്റ്ഫോംസിന് സാധിച്ചു. 1,358 രൂപ നിലവാരത്തിൽ 12.50 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണി മൂല്യം. ഇനി മുന്നിലുള്ളത് ജിയോയുടെ പ്രൊമോട്ടർ കമ്പനി കൂടിയായ റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) മാത്രമാണ്. ഒരു വർഷത്തെ താഴ്ന്ന നിലയിൽ 1,172 രൂപ നിലവാരത്തിൽ ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 15.96 ലക്ഷം കോടി രൂപയാണ്.
ടെലികോം മേഖലയിൽ ജിയോയുടെ കടുത്ത എതിരാളികളായ ഭാരതി എയർടെൽ (BSE: 532454, NSE: BHARTIARTL) വിപണി മൂല്യത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ജിയോയുടെ അരങ്ങേറ്റത്തിന് മുമ്പ് രണ്ടാം സ്ഥാനത്ത് നിൽക്കുകയായിരുന്നു. 1,940 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന എയർടെല്ലിന്റെ നിലവിലെ വിപണി മൂല്യം 12.09 ലക്ഷം കോടി രൂപയാണ്.
Jio Platforms debuted at ₹1,358, a 21.36% premium to its ₹1,119 IPO price, taking its market capitalisation to approximately ₹12.50 lakh crore.
Read DhanamOnline in English
Subscribe to Dhanam Magazine