മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് (JPL), 4 ബില്യൺ ഡോളറിന്റെ (ഏകദേശം 37,700 കോടി രൂപ) ബൃഹത്തായ ഐപിഒയുടെ (IPO) അവസാന ഘട്ടങ്ങളില്‍. ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യത്തോടെയോ, അതായത് നവരാത്രി അല്ലെങ്കിൽ ദീപാവലി ഉത്സവകാലത്തോട് അനുബന്ധിച്ച് ഈ ഐപിഒ വിപണിയിലെത്തിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബർ 11-ന് ആരംഭിച്ച് 20-ന് വിജയദശമിയോടെ അവസാനിക്കുന്ന നവരാത്രി ഉത്സവകാലത്ത് ഐപിഒ ആരംഭിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടെ തന്നെ ഇതിന്റെ നിക്ഷേപക റോഡ്ഷോകൾ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ നിക്ഷേപകർക്കായി മൂന്നാഴ്ച നീളുന്ന രാജ്യാന്തര റോഡ്ഷോകളും തുടർന്ന് ഇന്ത്യയിൽ രണ്ടാഴ്ചത്തെ ആഭ്യന്തര നിക്ഷേപക യോഗങ്ങളും നടത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വരും ആഴ്ചകളിൽ തന്നെ ഐപിഒ തീയതികൾ അന്തിമമാക്കും. ഈ സമയക്രമത്തിൽ എന്തെങ്കിലും താമസം നേരിട്ടാൽ, നവംബർ 6-ന് ധൻതേരസും നവംബർ 8-ന് ദീപാവലിയും വരുന്നതിനാൽ നവംബർ ആദ്യവാരത്തിലേക്ക് ഇത് നീളാം. കഴിഞ്ഞ ജൂണിൽ സമർപ്പിച്ച ഡ്രാഫ്റ്റ് പേപ്പറുകൾക്ക് ഓഗസ്റ്റ് 28-നാണ് സെബി (SEBI) അംഗീകാരം നൽകിയത്.
ഈ ലക്ഷ്യം യാഥാർത്ഥ്യമായാൽ, ഇത് ഇന്ത്യൻ വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ ആയി മാറും. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 2.9 ശതമാനത്തിന് തുല്യമായ 27 കോടി പുതിയ ഓഹരികളാണ് വിപണിയിലിറക്കാൻ ഉദ്ദേശിക്കുന്നത്.
സമാഹരിക്കുന്ന തുകയിൽ വലിയൊരു ഭാഗം, അതായത് 27,500 കോടി രൂപയോളം പ്രവർത്തന കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ (RJIL) വായ്പകൾ മുൻകൂട്ടി അടച്ചുതീർക്കാനാണ് ഉപയോഗിക്കുക. ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കും. നിലവിൽ മെറ്റാ (9.98%), ഗൂഗിൾ (7.73%), സൗദി അറേബ്യയുടെ പി.ഐ.എഫ് (PIF) എന്നിവയുൾപ്പെടെയുള്ള ആഗോള നിക്ഷേപകർക്ക് ജിയോ പ്ലാറ്റ്‌ഫോംസിൽ 30.9% ഓഹരി വിഹിതമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine