ഇൻസൈറ്റിൽ റിലയൻസ് ഇൻഡസ്ട്രീസ് സി.എം.ഡി ആയ മുകേഷ് അംബാനി Image Source: Canva/Reliance Industries
Markets

ജിയോ ഐ.പി.ഒ: റിലയൻസ് ഓഹരിയിൽ ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട് കുറയുമോ? വിപണി ഉറ്റുനോക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട് കുറയ്ക്കുമോ? ജിയോയുടെ മൂല്യനിർണയം, കടം തിരിച്ചടവ്, ലാഭവിഹിത സാധ്യതകൾ എന്നിവ റിലയൻസ് ഓഹരിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങൾ എന്തൊക്കെ?

Dhanam News Desk

ജിയോയുടെ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ജിയോയുടെ കടം തീർക്കാനാണ് വിനിയോഗിക്കുക. ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട് പൂർണമായി ഇല്ലാതാകാൻ സാധ്യതയില്ലെങ്കിലും, ഇത് റിലയൻസിന്റെ വിപണി മൂല്യത്തിൽ ഭാഗികമായ വർധനവിന് കാരണമാകാമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ 30,213 കോടി രൂപയുടെ മെഗാ ഐ.പി.ഒ ഈയാഴ്ച പ്രാഥമിക വിപണിയിലെത്തുമ്പോൾ, റിലയൻസ് ഇൻഡസ്ട്രീസ് (RIL) ഓഹരി ഉടമകൾക്കിടയിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഒരു സുപ്രധാന ചോദ്യം വീണ്ടും സജീവമായി ചർച്ചയാവുകയാണ്. ജിയോയുടെ ലിസ്റ്റിംഗിലൂടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ യഥാർത്ഥ വിപണി മൂലധനവും അതിന്റെ വിവിധ അനുബന്ധ ബിസിനസുകളുടെ സംയുക്ത മൂല്യവും (Sum-of-the-parts) തമ്മിലുള്ള വിടവ് കുറയുമോ എന്നതാണ് ആ ചോദ്യം. വിപണി വിദ​ഗ്ധരായ അനലിസ്റ്റുകൾ നൽകുന്ന ഉത്തരം 'അതെ' എന്ന് തന്നെയണെങ്കിലും, ഈ മൂല്യ വ്യത്യാസം പൂർണമായി ഇല്ലാതാകില്ലെന്നും വിടവ് ഭാഗികമായി മാത്രമേ കുറയുകയുള്ളൂ എന്നുമാണ് പൊതുവിലയിരുത്തൽ.

എന്താണ് ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട്?

ഒരു മാതൃ കമ്പനിയുടെ യഥാർത്ഥ വിപണി മൂലധനവും (Market Capitalisation), ബാങ്ക് കടബാധ്യതകൾ കിഴിച്ച്, അതിന്റെ കൈവശമുള്ള വിവിധ ബിസിനസുകളുടെയും നിക്ഷേപങ്ങളുടെയും ആകെ കണക്കാക്കപ്പെടുന്ന ആസ്തി മൂല്യവും തമ്മിലുള്ള അന്തരത്തെയാണ് സാമ്പത്തിക വിപണിയിൽ 'ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട്' (Holding-company discount) എന്ന് വിളിക്കുന്നത്. അനുബന്ധ കമ്പനികളിൽ പൊതു നിക്ഷേപകർക്ക് നേരിട്ടല്ലാതെ പരോക്ഷമായ ഉടമസ്ഥത മാത്രമേയുള്ളൂ എന്നതിനാലും, സങ്കീർണമായ നികുതി ഘടനകൾ, ഗ്രൂപ്പ് തലത്തിലെ മൂലധന വിനിയോഗത്തിലെ അനിശ്ചിതത്വം എന്നിവ കണക്കിലെടുത്തുമാണ് വിപണി സാധാരണയായി ഇത്തരം ഓഹരികൾക്ക് കുറഞ്ഞ മൂല്യം കൽപ്പിക്കുന്നത്.

ഓയിൽ റിഫൈനിംഗ്, പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ, ന്യൂ എനർജി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ പടർന്നുപന്തലിച്ച ഒരു വമ്പൻ വ്യവസായ സാമ്രാജ്യം ആയതിനാൽ, റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) ഓഹരികൾ ദീർഘകാലമായി ഇത്തരം വലിയ ഡിസ്കൗണ്ടിലാണ് വിപണിയിൽ വ്യാപാരം നടത്തുന്നത്. അതുകൊണ്ടുതന്നെ, ഐപിഒയിലൂടെ ജിയോയ്ക്ക് വിപണിയിൽ ഉയർന്ന മൂല്യം ലഭിച്ചാൽ പോലും അത് റിലയൻസിന്റെ ഓഹരി വിലയിൽ പെട്ടെന്ന് അതേ അനുപാതത്തിൽ പ്രതിഫലിക്കണമെന്നില്ലെന്ന് വിപണി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐ.പി.ഒ നൽകുന്ന മൂല്യവും പുതിയ ബെഞ്ച്മാർക്കുകളും

ഓഹരിയൊന്നിന് 1,065 മുതൽ 1,119 രൂപ വരെയുള്ള പ്രൈസ് ബാൻഡിൽ വിപണിയിൽ എത്തുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായാണ് കണക്കാക്കുന്നത്. ജിയായിൽ 66.4 ശതമാനത്തോടെ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള റിലയൻസ് ഇൻഡസ്ട്രീസിന് ഇത് വഴി ഏകദേശം 6.8 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യമാണ് ലഭിക്കുന്നത്.

പൂർണമായും പുതിയ ഓഹരികളുടെ വിതരണം (Fresh Issue) മാത്രമായതിനാൽ നിലവിലെ പ്രൊമോട്ടർമാരോ ഓഹരി ഉടമകളോ തങ്ങളുടെ ജിയോ ഓഹരികൾ വിറ്റഴിക്കുന്നില്ല. സമാഹരിക്കുന്ന തുകയിൽ നിന്ന് 27,500 കോടി രൂപയും ജിയോയുടെ പ്രധാന ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ വായ്പാ ബാധ്യതകൾ തീർക്കാനാണ് വിനിയോഗിക്കുക.

ഈ കടം വീട്ടൽ ഭാവിയിലെ പലിശച്ചെലവുകൾ ഗണ്യമായി കുറയ്ക്കുകയും ടെലികോം ബിസിനസിന്റെ ബാലൻസ് ഷീറ്റിന് കൂടുതൽ കരുത്തുപകരുകയും ചെയ്യും. 2025-26 സാമ്പത്തിക വർഷത്തിൽ 1,46,885 കോടി രൂപയുടെ പ്രവർത്തന വരുമാനവും, 76,255 കോടി രൂപയുടെ എബിറ്റ്‍ഡയും (51.9% മാർജിൻ), 30,049 കോടി രൂപ അറ്റാദായവും കൈവരിച്ച ജിയോയ്ക്ക് ഈ ലിസ്റ്റിംഗോടെ സ്വതന്ത്രമായ ഒരു പബ്ലിക് മാർക്കറ്റ് ബെഞ്ച്മാർക്ക് ഔദ്യോഗികമായി ലഭ്യമാകും. നിലവിൽ 52.4 കോടിയിലധികം സജീവ വരിക്കാരുള്ള ജിയോയുടെ ഈ മുന്നേറ്റം ഇന്ത്യൻ വിപണിയിലെ ഒരു പുതിയ ചരിത്രമായി മാറും.

റിലയൻസിൽ ഉണ്ടാകാവുന്ന പ്രതിഫലനങ്ങൾ

നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ ജിയോയുടെ യഥാർത്ഥ മൂല്യത്തിന്മേൽ ഏകദേശം 36 ശതമാനത്തോളം 'ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട്' വിപണി രേഖപ്പെടുത്തുന്നുണ്ടെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്നാൽ മെഗാ ഐപിഒയ്ക്ക് ശേഷം ഈ ഡിസ്കൗണ്ട് ന്യായമായ 25 ശതമാനത്തിലേക്ക് ചുരുങ്ങിയാൽ പോലും റിലയൻസിന് വലിയൊരു മൂല്യവർധനവ് (ഏകദേശം 75,000 കോടി രൂപയുടെ നേട്ടം) വിപണിയിൽ നിന്ന് അൺലോക്ക് ചെയ്യാൻ സാധിച്ചേക്കാം. 5-ജി പ്രീമിയം പ്ലാനുകൾ, ഉയർന്ന എ.ആർ.പി.യു (ARPU), ക്ലൗഡ്-എ.ഐ സേവനങ്ങൾ എന്നിവ ഗ്രൂപ്പിന്റെ ഭാവി പുനർമൂല്യനിർണയത്തിന് (Re-rating) കരുത്തുറ്റ അടിത്തറയേകും.

എങ്കിലും ഈ ഹോൾഡിംഗ് കമ്പനി ഡിസ്കൗണ്ട് വിപണിയിൽ നിന്ന് പൂർണമായി അപ്രത്യക്ഷമാകാൻ സാധ്യതയില്ല. കാരണം, ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക മാതൃ കമ്പനിയായ റിലയൻസിലേക്കല്ല നേരിട്ടെത്തുന്നത്; മറിച്ച് ജിയോയുടെ കടം വീട്ടാനാണ് പോകുന്നത്. കൂടാതെ നിക്ഷേപകർക്ക് ജിയോയുടെ ഓഹരികൾ നേരിട്ട് വിതരണം ചെയ്യുന്നുമില്ല എന്നതും ശ്രദ്ധേയമാണ്.

ജിയോയിൽ നിന്ന് കൂടുതൽ ലാഭവിഹിതം (Dividend) സ്ഥിരമായി റിലയൻസിലേക്ക് ഒഴുകുകയോ അല്ലെങ്കിൽ ഗ്രൂപ്പിന്റെ ഘടന കൂടുതൽ ലളിതമാക്കുകയോ ചെയ്താൽ മാത്രമേ ഈ ഡിസ്കൗണ്ട് ദീർഘകാലത്തേക്ക് കാര്യമായി കുറയുകയുള്ളൂ. ചുരുക്കത്തിൽ, ജിയോയുടെ പബ്ലിക് ലിസ്റ്റിംഗ് കമ്പനിയുടെ മൂല്യനിർണയത്തിൽ സുതാര്യത കൊണ്ടുവരുമെങ്കിലും, അനുബന്ധ സ്ഥാപനത്തിന്റെ ഈ വിജയം സ്വന്തം ഓഹരി ഉടമകൾക്ക് എത്രത്തോളം സാമ്പത്തിക നേട്ടമാക്കി മാറ്റാൻ റിലയൻസ് ഇൻഡസ്ട്രീസിന് സാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മാതൃ കമ്പനിയുടെ ഭാവി വിപണി കുതിപ്പ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Jio Platforms’ ₹30,213 crore IPO could improve valuation transparency and potentially narrow Reliance Industries’ holding-company discount, but the extent of any re-rating remains uncertain.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT