ലിസ്റ്റിംഗ് ദിനത്തിലെ വമ്പന്‍ നേട്ടത്തിനു ശേഷം ജിയോ പ്ലാറ്റ്ഫോംസ് ഓഹരിവില 33% വരെ വര്‍ധിച്ചു. 5ജി ശൃംഖല, കുറഞ്ഞ ഉപഭോക്തൃ ചോര്‍ച്ച നിരക്ക് എന്നിവയുടെ പിന്തുണയോടെ പ്രമുഖ ബ്രോക്കറേജുകള്‍ 'ബൈ' റേറ്റിംഗ് നല്‍കി. 2029 ഓടെ കടരഹിതമാകുമെന്ന പ്രതീക്ഷയും ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പ്രധാന വാതിലായ ജിയോയുടെ നിലയും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ലിസ്റ്റിംഗ് ദിനത്തിലെ വമ്പന്‍ നേട്ടത്തിനു ശേഷവും ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ലിസ്റ്റിംഗിന്റെ രണ്ടാം ദിനമായ ഇന്ന് കമ്പനിയുടെ ഓഹരിവില 5 ശതമാനം വരെ വര്‍ധിച്ച് ബിഎസ്ഇയില്‍ 1,490 രൂപയെന്ന ഉയര്‍ന്ന നിരക്കിലെത്തി. ഇതോടെ ഐപിഒ ഓഫര്‍ വിലയായ 1,119 രൂപയില്‍ നിന്ന് 33 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
ഇന്നത്തെ കുതിപ്പോടെ കമ്പനിയുടെ വിപണി മൂല്യം (Market Capitalisation) ഒരു ഘട്ടത്തില്‍ 13.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയെന്ന പദവിയും ജിയോ പ്ലാറ്റ്ഫോംസ് സ്വന്തമാക്കി.
കമ്പനിയുടെ ഓഹരി ലിസ്റ്റ് ചെയ്തതിന് പിന്നാലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രവചിച്ച ലക്ഷ്യവിലകളെല്ലാം (Target Prices) ആദ്യ രണ്ടു ദിവസങ്ങളിലെ വ്യാപാരത്തോടെ ജിയോ പ്ലാറ്റ്ഫോംസ് മറികടന്നു. ലിസ്റ്റിംഗ് ദിനത്തില്‍ 27 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിക്ക് ദോലാത് ക്യാപിറ്റല്‍ (Dolat Capital) 1,435 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരുന്നത്. ഇന്ന് വിപണി തുറന്നതോടെ തന്നെ ഈ ടാര്‍ഗെറ്റ് ഓഹരി മറികടന്നു.
എലാറ സെക്യൂരിറ്റീസ് (1,367 രൂപ), മോത്തിലാല്‍ ഓസ്വാള്‍ (1,350 രൂപ), നൊമുറ ഇന്ത്യ (1,340 രൂപ) എന്നിവര്‍ നല്‍കിയ ലക്ഷ്യവിലകള്‍ ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ ജിയോ പ്ലാറ്റ്‌ഫോംസ് മറികടന്നിരുന്നു.
പ്രമുഖ ആഗോള, ആഭ്യന്തര ബ്രോക്കറേജുകള്‍ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികള്‍ക്ക് 'ബൈ' (Buy) റേറ്റിംഗ് നല്‍കിയിട്ടുണ്ട്:
ടെലികോം രംഗത്തെ വിപണി നേതൃത്വം, വിപുലീകൃതമായ 5ജി ശൃംഖല, കുറഞ്ഞ ഉപഭോക്തൃ ചോര്‍ച്ച നിരക്ക് (Churn Rate 1.6%) എന്നിവ ജിയോയ്ക്ക് കരുത്തേകുന്നുവെന്നാണ് പ്രമുഖ ആഗോള ബ്രോക്കറേജായ നൊമുറ ചൂണ്ടിക്കാട്ടുന്നത്. 5ജി മൂലധനച്ചെലവ് കുറയുന്നത് കമ്പനിയുടെ പണലഭ്യത വര്‍ധിപ്പിക്കും. 2029 സാമ്പത്തിക വര്‍ഷത്തോടെ കമ്പനി കടരഹിതമാകുമെന്നും നൊമുറ പ്രതീക്ഷിക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പ്രധാന വാതിലാണ് ജിയോ. വിപണിയിലെ മേധാവിത്വവും 3 ശതമാനത്തില്‍ താഴെയുള്ള ഫ്രീ ഫ്‌ലോട്ടും ഭാരതി എയര്‍ടെലിനെക്കാള്‍ പ്രീമിയം മൂല്യനിര്‍ണയം നേടാന്‍ ജിയോയെ സഹായിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടുന്നു.
താങ്ങാനാവുന്ന റീച്ചാര്‍ജ് പ്ലാനുകളും വിശാലമായ നെറ്റ്‌വര്‍ക്കും വഴി 2026-29 കാലയളവില്‍ ഉപഭോക്തൃ വളര്‍ച്ച 3 ശതമാനം സിഎജിആറില്‍ തുടരുമെന്നും വരാനിരിക്കുന്ന താരിഫ് വര്‍ധനയും 5ജി അപ്ഗ്രേഡുകളും ശരാശരി ഉപഭോക്തൃ വരുമാനം ഉയര്‍ത്തുമെന്നും എലാറ ക്യാപിറ്റല്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ 22.2 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. യോഗ്യരായ സ്ഥാപന നിക്ഷേപകരുടെ (QIB) വിഹിതം 70.55 മടങ്ങോളം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
ഗൂഗിള്‍ ഇന്റര്‍നാഷണല്‍, ജനറല്‍ അറ്റ്ലാന്റിക് എന്നിവരടങ്ങുന്ന 14 വിദേശ നിക്ഷേപകരുടെ ദീര്‍ഘകാല വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ഉള്ളതിനാല്‍ കമ്പനിയുടെ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗായ 35.52 ശതമാനത്തില്‍ വലിയൊരു പങ്ക് ലോക്ക്-ഇന്‍ ആണ്. അതിനാല്‍ വിപണിയില്‍ ലഭ്യമായ ഓഹരികളുടെ അളവ് (Free Float) 3 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് ഓഹരിവിലയിലെ കുതിപ്പിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യവസായത്തിലുടനീളം ഓരോ 2.5 - 3 വര്‍ഷം കൂടുമ്പോഴും റീച്ചാര്‍ജ് നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത പ്രധാന താരിഫ് വര്‍ധന സാമ്പത്തിക വര്‍ഷം 2028-ഓടെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. താരിഫ് വര്‍ധന, പ്രീമിയമൈസേഷന്‍, 5ജി മോണിറ്റൈസേഷന്‍ എന്നിവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക വര്‍ഷം 2026-27 കാലയളവില്‍ ജിയോ പ്ലാറ്റ്ഫോംസിന്റെ വരുമാനത്തില്‍ 13 ശതമാനവും എബിറ്റ്ഡയില്‍ (EBITDA) 15 ശതമാനവും വളര്‍ച്ച ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകള്‍ കണക്കാക്കുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Jio Platforms continues its dream run on the stock exchanges, climbing 5% on the second day of listing and prompting leading brokerages to issue 'Buy' recommendations.
Read DhanamOnline in English
Subscribe to Dhanam Magazine