Image courtesy: Canva
Markets

വിപണി മൂല്യത്തില്‍ ലോകത്തിലെ ഒന്നാമത്തെ സ്റ്റീല്‍ കമ്പനിയായി ജെഎസ്ഡബ്ല്യു സ്റ്റീൽ, ഓഹരി ഏഴാം ദിവസവും കുതിപ്പില്‍

2.6 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Dhanam News Desk

വിപണി മൂലധനത്തില്‍ ലോകത്തിലെ ഏറ്റവും മൂല്യമുളള സ്റ്റീൽ കമ്പനിയായി മാറി ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ആർസെലർ മിത്തൽ, നിപ്പോൺ സ്റ്റീൽ തുടങ്ങിയ ആഗോള സ്റ്റീല്‍ കമ്പനികളെ മറികടന്നാണ് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ നേട്ടം. 2.6 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ഇന്ത്യന്‍ കമ്പനികളില്‍ 1.95 ലക്ഷം കോടി രൂപ വിപണി മൂല്യമുളള ടാറ്റ സ്റ്റീൽ പോലുള്ള കമ്പനികളേക്കാള്‍ വളരെ മുന്നിലാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ. 2025 ൽ ഇതുവരെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികൾ 18 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.

ചൈനയില്‍ നിന്നുളള വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി തടയുന്നതിനായി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 12 ശതമാനം സുരക്ഷാ തീരുവ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഓഹരികളില്‍ ഉണര്‍വുണ്ടാക്കിയിരുന്നു. 200 ദിവസത്തേക്കാണ് സുരക്ഷാ തീരുവ ഏര്‍പ്പെടുത്തിയത്. ഈ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും മെറ്റല്‍ ഓഹരികള്‍ മികച്ച വാങ്ങലിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.

2025 ഫെബ്രുവരിയിൽ കമ്പനിയുടെ സ്റ്റീൽ ഉൽപ്പാദനം 24.07 ലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരൊറ്റ നിർമ്മാണ യൂണിറ്റിൽ നിന്ന് ഇന്ത്യയിലെ മുൻനിര സ്റ്റീൽ കമ്പനിയായുളള ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്.

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികൾ തുടർച്ചയായ ഏഴാം ദിവസാണ് വിജയക്കുതിപ്പ് തുടരുന്നത്. ഇന്നലെ ഓഹരി 1,072 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഓഹരി ഇന്ന് 0.48 ശതമാനം ഉയര്‍ന്ന് 1,066 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT