പ്രതീകാത്മക ചിത്രം Image Source: Canva/Kalyan Jewellers Logo
Markets

₹10,000 കോടി കടന്ന് കല്യാൺ ജൂവലേഴ്സിന്റെ ത്രൈമാസ വരുമാനം; ഓഹരിക്ക് 10% കുതിപ്പ്, ₹900 ലക്ഷ്യവിലയുമായി യു.ബി.എസ്

സെപ്റ്റംബർ പാദത്തിൽ കല്യാൺ ജൂവലേഴ്സിന്റെ സംയോജിത വരുമാനം 31.4% ഉയർന്ന് 10,323 കോടി രൂപയിലെത്തി; അറ്റാദായം 63.6% വർധിച്ചു; ഓഹരിയിൽ വൻ മുന്നേറ്റം

Dhanam News Desk

ഇന്ത്യയിലെ മുൻനിര സ്വർണ വ്യാപാരികളായ കല്യാൺ ജൂവലേഴ്സിന്റെ ത്രൈമാസ വരുമാനം ആദ്യമായി 10,000 കോടി രൂപ മറികടന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY27) കമ്പനിയുടെ സംയോജിത വരുമാനം 31.4 ശതമാനം വർധിച്ച് 10,323 കോടി രൂപയിലെത്തി. മുൻവർഷം സമാന പാദത്തിൽ കമ്പനിയുടെ വരുമാനം 7,857 കോടി രൂപയായിരുന്നു. വിൽപ്പനയിലുണ്ടായ മികച്ച വളർച്ചയും നിലവിലുള്ള ഷോറൂമുകളിലെ ശക്തമായ ബിസിനസ്സും കല്യാൺ ജൂവലേഴ്സിന്റെ സാമ്പത്തിക നേട്ടത്തിന് ആക്കംകൂട്ടി.

പ്രവർത്തനഫലം പുറത്തുവന്നതിനു പിന്നാലെ ബുധനാഴ്ചത്തെ (നവംബർ 11) വ്യാപാരത്തിൽ കല്യാൺ ജൂവലേഴ്സ് ഓഹരിയിലും ശക്തമായ മുന്നേറ്റമുണ്ടായി. ഇന്ന് തുടക്കത്തിൽ തന്നെ ഓഹരി വില 10 ശതമാനത്തിലധികം കുതിച്ചുയർന്നു 672 രൂപയിലെത്തി. പിന്നീടും മുന്നേറ്റം കാഴ്ചവെച്ച ഓഹരി 689 രൂപയിലെത്തി ഇന്നത്തെ ഉയർന്ന നിലവാരവും കുറിച്ചു. ഇത് കഴിഞ്ഞ ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരം കൂടിയാകുന്നു.

ഇതിനിടെ ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ്, കല്യാൺ ജൂവലേഴ്സ് ഓഹരിക്ക് 900 രൂപ ലക്ഷ്യവില നിശ്ചയിക്കുകയും ഓഹരിയിൽ വാങ്ങൽ ശുപാർശ (Buy Ratings) നിലനിർത്തുകയും ചെയ്തു.

കല്യാൺ രണ്ടാം പദാഫലം: ഒറ്റനോട്ടത്തിൽ

ജൂലൈ - സെപ്റ്റംബർ ത്രൈമാസ കാലയളവിൽ കല്യാൺ ജൂവലേഴ്സിന്റെ സംയോജിത അറ്റാദായം 63.6 ശതമാനം ഉയർന്ന് 427 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 260.51 കോടി രൂപയായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ റിപ്പോർട്ട് ചെയ്ത ലാഭത്തിൽ 73.46 കോടി രൂപയുടെ ഒറ്റത്തവണ അസാധാരണ നേട്ടവും (exceptional gain) ഉൾപ്പെടുന്നു. നിക്ഷേപ സ്വത്തുമായി ബന്ധപ്പെട്ട ഭൂമിയുടെ ഒരു ഭാഗം വിറ്റഴിച്ചതിലൂടെയാണ് ഈ തുക ലഭിച്ചത്.

ഈ നേട്ടം ഒഴിവാക്കിയാൽ ക്രമീകരിച്ച അറ്റാദായം ഏകദേശം 354 കോടി രൂപയാണ്. അതായത് അടിസ്ഥാന ബിസിനസിലെ ലാഭവളർച്ച ഏകദേശം 36 ശതമാനം. പ്രവർത്തനലാഭമായ എബിറ്റ്ഡ (EBITDA) 29.7 ശതമാനം വർധിച്ച് 644.7 കോടി രൂപയായി. എന്നാൽ എബിറ്റ്ഡ മാർജിൻ 6.33 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു.

പഴയ സ്റ്റോറുകളിലും വിൽപ്പന മുന്നേറ്റം

കല്യാൺ ജൂവലേഴ്സിന്റെ വരുമാന വളർച്ചയ്ക്ക് പുതിയ ഷോറൂമുകൾ മാത്രമല്ല, നിലവിലുള്ള സ്റ്റോറുകളിലെ ശക്തമായ വിൽപ്പനയും പിന്തുണയേകി. സമാന സ്റ്റോറുകളിലെ വളർച്ചാ നിരക്ക് (SSSG) ഏകദേശം 20 ശതമാനമാണ്. ബുള്ള്യൻ ഇടപാടുകൾ ഒഴികെയുള്ള വരുമാനത്തിൽ 27.5 ശതമാനത്തിന്റെ വളർച്ച കുറിച്ചു. കമ്പനിയുടെ സാധാരണ ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്നുള്ള യഥാർത്ഥ വരുമാന ശേഷി വെളിവാക്കുന്ന ക്ലീൻ എബിറ്റ്ഡയിൽ (Clean EBITDA) 26 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി. അതേസമയം, സ്വർണ വിലയിലുണ്ടായ ചാഞ്ചാട്ടം പ്രവർത്തന മാർജിനെ സ്വാധീനിച്ചിട്ടുണ്ട്.

രണ്ട് പാദങ്ങളിലെ വരുമാനം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2026-27) ആദ്യ പകുതിയിലും കല്യാൺ ജൂവലേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. 2026-27ന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ വരുമാനം 38 ശതമാനം ഉയർന്ന് 20,912 കോടി രൂപയായി. അറ്റാദായം 48 ശതമാനം വർധിച്ച് 776 കോടി രൂപയിലുമെത്തി. നവരാത്രി, ധൻതേരസ് കാലത്തെ ആവശ്യകതയും വരാനിരിക്കുന്ന വിവാഹസീസണും സംബന്ധിച്ച് മാനേജ്മെന്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

ഓഹരിക്ക് 47% മുന്നേറ്റ സാധ്യതയെന്ന് യുബിഎസ്

തിങ്കളാഴ്ചത്തെ (നവംബർ 9) കല്യാൺ ജൂവലേഴ്സ് ഓഹരിയുടെ ക്ലോസിങ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ യു.ബി.എസ് നൽകിയിട്ടുള്ള 900 രൂപ എന്ന ലക്ഷ്യവില, ഏകദേശം 47 ശതമാനം ഉയർച്ചാ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ കല്യാൺ ഓഹരിയിൽ 40 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ നിഫ്റ്റി സൂചിക ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞിരുന്നു. ഇന്നത്തെ കുതിപ്പോടെ ഈ കേരളാ ലിസ്റ്റഡ് കമ്പനിയുടെ വിപണിമൂല്യം (Market Cap) ഏകദേശം 69,500 കോടി രൂപയായി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Kalyan Jewellers reported 31.4% year-on-year growth in Q2 FY27 revenue to ₹10,323 crore, while consolidated net profit rose 63.6% to ₹427 crore, including a one-time exceptional gain.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT