പ്രതീകാത്മക ചിത്രം, ടി.എസ് കല്യാണ രാമൻ (Image Source: Canva, kalyanjewellers.net) 
Markets

ഇങ്ങനെ കുതിച്ചാൽ ₹1,000 മറികടക്കുമോ! തുടർച്ചയായ മൂന്നാം ദിവസവും കല്യാൺ ജൂവലേഴ്‌സ് ഓഹരിയിൽ വൻ മുന്നേറ്റം; കുതിപ്പിന് പിന്നിലെന്ത്?

മൂന്ന് ദിവസത്തിൽ 36% നേട്ടത്തോടെ കല്യാൺ ജൂവലേഴ്‌സ് വിപണി മൂല്യം 49,000 കോടി രൂപ കവിഞ്ഞു

Dhanam News Desk

പ്രമുഖ കേരള ലിസ്റ്റഡ് കമ്പനിയായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരി തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയർന്നു. 36 ശതമാനം നേട്ടം കൈവരിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി. സിറ്റി ഗ്രൂപ്പിന്റെ ബൈ റേറ്റിംഗ്, ഫ്രാഞ്ചൈസി വിപുലീകരണം, കടബാധ്യത കുറയ്ക്കൽ, ROCE മെച്ചപ്പെട്ടത്, ശക്തമായ വരുമാന വളർച്ച, കാൻഡിയറിന്റെ ഓൺലൈൻ പ്രകടനം എന്നീ ഘടകങ്ങളാണ് ഓഹരിയുടെ മുന്നേറ്റത്തിന് കരുത്തുപകരുന്നത്.

പ്രമുഖ ജൂവൽറി ശൃംഖലയും കേരള ലി​സ്റ്റഡ് കമ്പനിയുമായ കല്യാൺ ജൂവലേഴ്സിന്റെ (BSE: 543278, NSE: KALYANKJIL) ഓഹരികളിൽ തുടർച്ചയായ മൂന്നാം ദിവസവും വമ്പൻ മുന്നേറ്റം. വെള്ളിയാഴ്ച (ജൂലൈ 10) രാവിലെ വ്യാപാരം പുനരാരംഭിച്ച വേളയിൽ കല്യാൺ ജൂവലേഴ്സ് ഓ​ഹരികൾ 9 ശതമാനത്തിലേറെ കുതിച്ചുയർന്ന് 483.40 രൂപ (എൻ.എസ്.ഇയിൽ) വരെ എത്തിച്ചേർന്നു. മൂന്ന് ദിവസത്തിനിടെ 36 ശതമാനം നേട്ടമാണ് ഈ കേരള ഓഹരിയിൽ കുറിച്ചിരിക്കുന്നത്.

ഇതോടെ കല്യാൺ ജൂവലേഴ്‌സിന്റെ വിപണി മൂല്യം 49,000 കോടിയിലേറെ രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കല്യാൺ ജൂവലേഴ്സിന്റെ വിപണി മൂല്യത്തിൽ ഏകദേശം 12,000 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങൾ

ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ്, കല്യാൺ ജൂവലേഴ്‌സ് ഓഹരിക്ക് നിക്ഷേപത്തിനായി വാങ്ങാമെന്ന സൂചനയോടെയുള്ള ബൈ റേറ്റിം​ഗ് നൽകിയതാണ് പെട്ടെന്നുള്ള ഈ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. സമീപഭാവിയിലേക്ക് ഓഹരിക്ക് നിർദേശിച്ച ലക്ഷ്യവില (Target Price) 750 രൂപയുമാണ്. ഇത് നൽകുന്ന വേളയിൽ 380 രൂപ നിലവാരത്തിലായിരുന്നു ഓഹരി. അതനുസരിച്ച് 97 ശതമാനം മുന്നേറ്റ സാധ്യതയാണ് സിറ്റി ​ഗ്രൂപ്പ് ഈ കല്യാൺ ജൂവലേഴ്സ് ഓഹരിയിൽ പ്രവചിച്ചതെന്ന് സാരം.

ദീർഘകാലാടിസ്ഥാനത്തിൽ കല്യാൺ ജൂവലേഴ്‌സിന്റെ വളർച്ചയിൽ സിറ്റി ഗ്രൂപ്പ് വലിയ പ്രതീക്ഷ പങ്കുവെക്കുന്നതിനുള്ള കാരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്

  • ഫ്രാഞ്ചൈസി മാതൃകയിലുള്ള വിപുലീകരണം: പുതിയ ഷോറൂമുകൾ വേഗത്തിൽ തുറക്കുന്ന രീതി.

  • കടബാധ്യതകൾ കുറയ്ക്കൽ: കമ്പനിയുടെ ആസ്തി വർധിപ്പിക്കാൻ ഇത് സഹായിക്കും.

  • മെച്ചപ്പെടുന്ന ആർ.ഒ.സി.ഇ: മൂലധന വിനിയോഗത്തിലെ കാര്യക്ഷമത.

ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിൽ വാർഷികമായി 38 ശതമാനം വരുമാന വളർച്ചയാണ് കല്യാൺ ജൂവലേഴ്‌സ് രേഖപ്പെടുത്തിയത്. ഇതിൽ ഒരേ സ്റ്റോറുകളിലെ വിൽപന വളർച്ച (SSSG) 28 ശതമാനമായിരുന്നു. കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'കാൻഡിയർ' (Candere) 112 ശതമാനം വരുമാന വളർച്ചയോടെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പാദത്തിൽ 12 പുതിയ കല്യാൺ ഷോറൂമുകളും 5 കാൻഡിയർ സ്റ്റോറുകളും ആരംഭിച്ചതോടെ ആകെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയർന്നു.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട മറ്റ് ഘടകങ്ങൾ

കമ്പനിയുടെ ഓപ്പറേറ്റിംഗ് മാർജിൻ കഴിഞ്ഞ കുറച്ചുകാലമായി 6-8 ശതമാനമെന്ന നേരിയ പരിധിയിലാണ് തുടരുന്നത് (കഴിഞ്ഞ സാമ്പത്തിക വർഷം -FY26- ഇത് 7 ശതമാനമായിരുന്നു). കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷം പലിശ ഇനത്തിൽ കമ്പനിക്ക് നേരിട്ട ചെലവ് 433 കോടി രൂപയായിരുന്നു. അതുകൊണ്ട് തന്നെ കടബാധ്യതകൾ കുറയ്ക്കുക എന്നത് കമ്പനിക്ക് നിർണായകവുമാണ്.

ഷെയർഹോൾഡിംഗ് പാറ്റേൺ പരിശോധിച്ചാൽ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 62.86 ശതമാനമായി ഉയർന്നിട്ടുണ്ട് (2023 പകുതിയിൽ ഇത് 60.55 ശതമാനമായിരുന്നു). എന്നാൽ ഇതേ കാലയളവിൽ വിദേശ നിക്ഷേപകരുടെ (FII) ഓഹരി പങ്കാളിത്തം 27 ശതമാനത്തിൽ നിന്നും 14.6 ശതമാനമായി കുറഞ്ഞു. അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (DII) ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. സംഘടിത റീട്ടെയിൽ ജൂവലറി മേഖലയിലെ വളർച്ചാ സാധ്യതകൾ ഓഹരിക്ക് അനുകൂലമാണെങ്കിലും, വരാനിരിക്കുന്ന ഉത്സവ സീസണിലെ വിൽപന കണക്കുകളാകും ഇപ്പോഴത്തെ കുതിപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയെന്നാണ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

SCROLL FOR NEXT