Markets

സമ്പദ് വ്യവസ്ഥ കടുത്ത അപകടത്തിലെന്ന് അനുമാനം, വിപണിയില്‍ ഇടിവ്

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ചു ശതമാനത്തോളം ചുരുങ്ങുമെന്ന ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാര്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ അനുമാനം വിപണിയെ ഉലച്ച ദിവസമാണിന്ന്. ഫിനാന്‍ഷ്യല്‍, മെറ്റല്‍ സ്റ്റോക്കുകള്‍ താഴേയ്ക്ക് പോയപ്പോള്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ഇടിഞ്ഞത് 0.5 ശതമാനം. കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

സെന്‍സെക്‌സ് 210 പോയ്ന്റ് ഇടിഞ്ഞ് 34,961.52 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 71 പോയ്ന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 10,312 ല്‍ ക്ലോസ് ചെയ്തു.

ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ ഇന്ന് അഞ്ചുശതമാനത്തോളം ഇടിഞ്ഞു. വാരാന്ത്യത്തില്‍ എസ് ആന്‍ഡ് പി ആക്‌സിസ് ബാങ്കിന്റെയും ബജാജ് ഫിനാന്‍സിന്റെയും റേറ്റിംഗ് കുറച്ചിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ ഫലം പുറത്തുവിട്ട ഐറ്റിസിയുടെ ഓഹരി വില ഇന്ന് നാലു ശതമാനത്തോളം വര്‍ധിച്ചു. നാളെ സാമ്പത്തിക ഫലം വരാനിരിക്കെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില ഇന്ന് ഏഴ് ശതമാനത്തോളം ഉയര്‍ന്നു.

എഫ്എംസിജി ഒഴികെയുള്ള സെക്ടറുകള്‍ ഇന്ന് ദുര്‍ബലമായ പ്രകടനമായിരുന്നു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ആഗോളവിപണികളും താഴ്ന്നു. എണ്ണ വില രണ്ടുശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

വെറും മൂന്ന് കേരള കമ്പനികളാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. സിഎസ്ബി ബാങ്ക്, ജിയോജിതി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍. ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്തെ കമ്പനികള്‍ ഇന്ന് താഴേക്ക് പോയപ്പോള്‍ വിപണിയുടെ ട്രെന്‍ഡിനെതിരെ പോയത് സിഎസ്ബിയും ജിയോജിതുമാണ്. ജിയോജിത് തുടര്‍ച്ചയായി നിലമെച്ചപ്പെടുത്തികൊണ്ടുവരികയാണ്. ഇന്ന് ആറുശതമാനത്തിലേറെ വില ഉയര്‍ന്നു. വിപണിയില്‍ റീറ്റെയ്ല്‍ പ്രാതിനിധ്യം കൂടുന്നതും സ്വതവേയുള്ള വളര്‍ച്ചയ്ക്കു പുറമേ, കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഏറ്റെടുക്കലുകളെല്ലാം കമ്പനി ഗൗരവമായി പരിഗണിക്കുന്നതും ജിയോജിതിന് കരുത്താകുന്നുണ്ട്.

സിഎസ്ബി സംബന്ധിച്ചിടത്തോളം സാരഥ്യത്തിലെ പുതിയ നിയമനങ്ങളും ബാങ്കിന്റെ പ്രകടനവും ഗുണകരമാകുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT