Markets

ഓഹരി സൂചികള്‍ ഇന്നും താഴ്ന്നു, കാരണങ്ങള്‍ പലത്

തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു

Dhanam News Desk

ഇന്നും ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴ്ചയോടെ ക്ലോസ് ചെയ്തു. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഇന്ന് വിപണിയുടെ ഇടിവിന് കാരണമായത്. ജനുവരി സീരിസ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിന്റെ കരാര്‍ കാലാവധി തീര്‍ന്നത്, തുടര്‍ച്ചയായി കുതിപ്പ് രേഖപ്പെടുത്തിയ വിപണി നല്‍കിയ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കുന്നത്, അടുത്ത തിങ്കളാഴ്ച കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍. ബജറ്റില്‍ എന്താകുമെന്ന പേടി നിക്ഷേപകരില്‍ പ്രകടമാകുന്നുണ്ട്. ഇത് ലാഭമെടുക്കലിന് ആക്കം കൂട്ടുന്നുമുണ്ട്.

ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 891 പോയ്ന്റ് ഇടിവ് രേഖപ്പെടുത്തിയെങ്കിലും ക്ലോസിംഗ് സമയത്ത് താഴ്ച 535.6 പോയ്ന്റായി കുറയ്ക്കാന്‍ സാധിച്ചു. 1.13 ശതമാനം ഇടിവോടെ 46,874.36 പോയ്ന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് ഓഹരികളുടെ വിലയിലുണ്ടായ ഇടിവ് സെന്‍സെക്‌സിന്റെ താഴ്ചയ്ക്ക് പ്രധാന കാരണവുമായി.

ഇന്ന് ഫലം പുറത്തുവിട്ട മാരുതി സുസുക്കിയുടെ ഓഹരി വില 3.4 ശതമാനമാണ് ഇടിഞ്ഞത്. ഇന്നലെ ഫലം പുറത്തുവിട്ട എച്ച് യു എല്ലിന്റെ വിലയില്‍ 3.6 ശതമാനം ഇടിവുണ്ടായി. എച്ച് സി എല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ് ഓഹരി വിലകള്‍ രണ്ടുശതമാനം ഇടിഞ്ഞു.

നിഫ്റ്റി 150 പോയ്ന്റ്, 1.07 ശതമാനം ഇടിഞ്ഞ് 13,817. 5 പോയ്ന്റില്‍ ക്ലോസ് ചെയ്തു.

രാജ്യാന്തര വിപണികളിലും ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

പതിനാല് കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. എഫ് എ സി ടി, കിംഗ്‌സ് ഇന്‍ഫ്രാ എന്നിവയുടെ ഓഹരി വിലകള്‍ ഇന്ന് പത്തുശതമാനത്തിലേറെയാണ് വര്‍ധിച്ചത്. മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില നാല് ശതമാനത്തിലേറെ വര്‍ധിച്ചു. ഫെഡറല്‍ ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT