വിപണിയില്‍ ഇന്നും ചാഞ്ചാട്ടമായിരുന്നു. ഇന്നലെ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്ന് ഒമ്പതര ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇന്‍ഫോസിസിന്റെ മുന്നേറ്റം വിപണി സൂചികകള്‍ക്കും നേട്ടമായി.
സെന്‍സെക്‌സ് 420 പോയ്ന്റ് അഥവാ ഒരു ശതമാനത്തോളം ഉയര്‍ന്ന് 36,471.68ല്‍ ക്ലോസ് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ മികച്ച ഫലം ഇന്‍ഫോസിസ് പുറത്തുവിട്ടതാണ് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്.
നിഫ്റ്റിയും ഇന്ന് ഒരു ശതമാനത്തോളം ഉയര്‍ന്നു. 122 പോയ്ന്റ് ഉയര്‍ന്ന് 10,740ല്‍ ക്ലോസ് ചെയ്തു. മിക്കവാറും നിഫ്റ്റി സെക്ടര്‍ സൂചികകളിലും പോസിറ്റീവ് പ്രവണതയായിരുന്നു. നിഫ്റ്റി മീഡിയ സൂചിക ഒഴികെ മറ്റെല്ലാം ഇന്ന് മുന്നേറി. നിഫ്റ്റി ഐറ്റി സൂചിക ഇന്ന് 2.8 ശതമാനമാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ ഇന്ന് അത്ര അനുകൂലമായ അന്തരീക്ഷമല്ലാതിരുന്നിട്ടും ഇന്‍ഫോസിസും ഐറ്റി സെക്ടറുമാണ് ഇന്ത്യന്‍ വിപണികളെ ഉയര്‍ത്തിയത്.
കോവിഡ് വ്യാപനവും രാഷ്ട്രീയ - രാജ്യ തര്‍ക്കങ്ങളും മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് രാജ്യത്തെ സൂചിക മുന്നേറുന്നതെന്നും ശ്രദ്ധേയമാണ്. നിക്ഷേപകര്‍ അങ്ങേയറ്റം ശ്രദ്ധയോടെ നീങ്ങണമെന്ന മുന്നറിയിപ്പും വിപണി നിരീക്ഷകര്‍ ഇന്ന് നല്‍കിയിട്ടുണ്ട്.
ഇന്‍ഫോസിസ് പുറത്തുവിട്ട മികച്ച ഫലമാണ് ഇന്ന് വിപണിയെ സ്വാധീനിച്ചതെങ്കില്‍ വരും ദിവസങ്ങളില്‍ പുറത്തുവരുന്ന മറ്റ് കമ്പനി ഫലങ്ങളും സ്വാധീനിക്കാനിടയുണ്ട്. വിപണിയെ മൊത്തത്തിലോ അല്ലെങ്കില്‍ അതത് കമ്പനി ഓഹരികളുടെ പ്രകടനത്തിലോ ഇത് പ്രതിഫലിക്കും. അതും കൊണ്ട് വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
സെന്‍സെക്‌സ് ഓഹരികളിലെ 30 എണ്ണത്തില്‍ 18 എണ്ണത്തോളം ഇന്ന് ഉയര്‍ന്നു.
എച്ച് ഡി എഫ് സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്ന് ശ്രദ്ധേയ പ്രകടനം നടത്തിയ മറ്റ് കമ്പനികള്‍. ഫോളോ അപ് പബ്ലിക് ഓഫര്‍ നടത്തിക്കൊണ്ടിരിക്കുന്ന യെസ് ബാങ്ക് ഓഹരി വില 5.87 ശതമാനം ഇടിഞ്ഞു. മികച്ച ആദ്യപാദഫലം പുറത്തുവിട്ട എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ഓഹരിയ്ക്ക് ഏഴ് ശതമാനം നേട്ടമാണ് ഇന്നുണ്ടായത്.
ആഗോള വിപണികള്‍ ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെച്ചത്. യുഎസ് - ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങള്‍, ചൈനയുടെ ആഭ്യന്തര ഉപഭോഗത്തെ കുറിച്ച് പ്രതീക്ഷിച്ചതിനേക്കാള്‍ മോശപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം ആഗോള വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കേരള ബാങ്കുകളെയെടുത്താല്‍ െഫഡറല്‍ ബാങ്കും(4.45 ശതമാനം) സിഎസ്ബി ബാങ്കും(3.15 ശതമാനം) ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.46 ശതമാനവും ധനലലക്ഷ്മി ബാങ്ക് ഓഹരി വില 1.03 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ധനകാര്യ മേഖലയിലെ മറ്റു കമ്പനികളെയെടുത്താല്‍ മുത്തൂറ്റ് ഫിനാന്‍സ്(5.13 ശതമാനം), മണപ്പുറം ഫിനാന്‍സ്(4.31 ശതമാനം) എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്(1.99 ശതമാനം), ജിയോജിത്(3.80 ശതമാനം) എന്നിവ നഷ്ടത്തിലായിരുന്നു. ജെആര്‍ജി ഓഹരികളുടെ വിലയില്‍ ഇന്ന് മാറ്റമില്ല.
വിക്ടറി പേപ്പര്‍(5.26 ശതമാനം), വെര്‍ട്ടെക്‌സ്(4.55 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.45 ശതമാനം), ഹാരിസണ്‍സ് മലയാളം(1.76 ശതമാനം), ഏവിറ്റി(1.85), വണ്ടര്‍ലാ(0.66 ശതമാനം), കൊച്ചിന്‍ മിനറല്‍സ്(0.51 ശതമാനം), കെഎസ്ഇ(0.30 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine