Markets

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവാളായി യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം

അമേരിക്കന്‍ ബോണ്ട് നേട്ടവും ടെക് ഓഹരികളുടെ വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവിന് കാരണമായി

Dhanam News Desk

അമേരിക്കന്‍ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. മൂന്നുദിവസത്തിനുശേഷം ഓഹരി സൂചികകള്‍ ഇന്ന് ഇടിഞ്ഞു. 2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കടപ്പത്ര നിക്ഷേപ നേട്ടമാണ് ഇന്ന് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്; 6.26 ശതമാനം. ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളെല്ലാം തന്നെ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സെന്‍സെക്‌സ് 598 പോയ്ന്റ് അഥവാ 1.16 ശതമാനം ഇടിഞ്ഞ് 50,081 പോയ്ന്റില്‍ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 15,000 എന്ന തലത്തില്‍ നിന്ന് താഴെ പോകാതെ 15,081ല്‍ ക്ലോസ് ചെയ്തു. ഇന്ന് ഇടിഞ്ഞത് 165 പോയ്ന്റ് അഥവാ 1.08 ശതമാനമാണ്. നിഫ്റ്റി 15,000 എന്ന പ്രതിരോധം കടന്ന് താഴേക്ക് പോകുമെന്ന് ആശങ്കയും സാങ്കേതിക വിദ്ഗധര്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നുണ്ട്.

അതേസമയം മിഡ് കാപ് സൂചിക 0.5 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്‌മോള്‍ കാപ് സൂചിക 0.8 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

12 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ധനലക്ഷ്മി ബാങ്ക് ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നു. ഫാക്ട് ഓഹരി വില ഏഴ് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി. സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കേ, എന്‍ ബി എഫ് സികളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവയുടെ ഓഹരി വിലകളും ഇന്ന് താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT