Image by rawpixel.com 
Markets

ക്രിപ്‌റ്റോ കറന്‍സി; അവസരങ്ങള്‍ പോലെ നിക്ഷേപിക്കും മുമ്പ് റിസ്‌കുകളും അറിയണം

ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്‌കുകള്‍ അറിഞ്ഞില്ലെങ്കില്‍ കൈപൊള്ളും. നേട്ടം തരുന്നതുപോലെ തന്നെ കയ്യിലുള്ളതെല്ലാം തൂത്തുവാരിക്കളയാന്‍ കഴിയും. നിക്ഷേപിക്കും മുമ്പ് അറിയാം ഈ കാര്യങ്ങള്‍.

Dhanam News Desk
  • ക്രിപ്‌റ്റോകറന്‍സി തരംഗമാണെങ്ങും. ഓഹരിനിക്ഷേപമുണ്ടോ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടോ എന്നു ചോദിക്കും പോലെ സര്‍വസാധാരണമായിരിക്കുന്നു ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളും. ക്രിപ്‌റ്റോ, ഡിജിറ്റല്‍, വെര്‍ച്വല്‍ കറന്‍സികളിലേക്ക് കണ്ണും നട്ടിരിക്കുന്നത് കൂടുതല്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണെങ്കിലും ലിംഗഭേദമന്യേ എല്ലാ പ്രായക്കാരിലും നിക്ഷേപകരുണ്ട്. ക്രിപ്‌റ്റോ ഡിജിറ്റല്‍ രൂപത്തിലെങ്കിലും സാധാരണ ഡിജിറ്റല്‍ അസറ്റുകളോ വെര്‍ച്വല്‍ കറന്‍സിയോ പോലെ അല്ല ക്രിപ്‌റ്റോകള്‍.

    ഒരു തരത്തിലും മാറ്റി ഉപയോഗിക്കാവുന്ന വാക്കല്ല ഡിജിറ്റല്‍, വെര്‍ച്വല്‍, ക്രിപ്‌റ്റോ എന്നിവ. എന്നാല്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. വെര്‍ച്വല്‍ കറന്‍സികളും ക്രിപ്‌റ്റോ കറന്‍സികളും വിശാല അര്‍ത്ഥത്തില്‍ ഡിജിറ്റല്‍ കറന്‍സികള്‍ തന്നെയാണ്. അവയ്ക്ക് അച്ചടിക്കപ്പെട്ട രൂപമില്ല, കാണുന്നത് ഇന്റര്‍നെറ്റിലും. ഇതാണ് സാമ്യം. നിലവില്‍ ഇവ മൂന്നും കേന്ദ്ര ബാങ്കിംഗ് നിയമത്തിന് പുറത്താണ് നില്‍ക്കുന്നത്. ഇന്ന് ഏറ്റവും പ്രചാരമുള്ള ഡിജിറ്റല്‍ ലോകത്തെ ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് പറയാം.

    വെര്‍ച്വല്‍ കറന്‍സികളെക്കാള്‍ നിയമങ്ങള്‍ കുറച്ച് കൂടി കര്‍ശനമാണ് ക്രിപ്‌റ്റോകറന്‍സികളുടെ വിനിമയത്തില്‍. ഒരു സ്വതന്ത്ര സിസ്റ്റമാണ് ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുന്നത്. ഓരോ ക്രിപ്‌റ്റോ യൂണിറ്റും ആരുടെ കയ്യിലാണ് അതെവിടെ നിന്ന് ഉത്ഭവിച്ചു എന്നത് കൃത്യമായി തിരിച്ചറിയാന്‍ പറ്റുന്ന രീതിയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഇവയെല്ലാം ആരംഭിച്ച് 1980 കളില്‍ തന്നെ പൂര്‍ണ്ണമായും വികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഇ - പണം എന്ന ആശയം നിലവിലുണ്ട്. അമേരിക്കന്‍ ക്രിപ്‌റ്റോഗ്രാഫര്‍ ഡേവിഡ് ചൗമിന്‍ മുന്നോട്ട് വച്ച ഇ - ക്യാഷ് എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഈ ആശയങ്ങളുടെയും തുടക്കം.

    1995ല്‍ ഡിജി-കാഷ് എന്ന പേരില്‍ ഇത് യാഥാര്‍ത്ഥ്യമായി. നിലവില്‍ ഉപയോഗത്തിലുള്ള പണം തീര്‍ത്തും സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമെന്നേ ഡിജികാഷിനെ വിളിക്കാന്‍ പറ്റുകയുള്ളൂ. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ആദ്യ വികേന്ദ്രീകൃത ക്രിപ്‌റ്റോ കറന്‍സി എന്ന് വിശേഷിപ്പിക്കാവുന്ന ബിറ്റ്‌കോയിന്‍ രംഗപ്രവേശം ചെയ്യുന്നത്. അത് 2009ലാണ്. സതോഷി നാകാമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെട്ട ജപ്പാൻകാരനായ ഒരു ഡെവലപ്പറാണ് ഇതിന് പിന്നിൽ. 

    സുരക്ഷിതം സുതാര്യം

    ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് ശരിയായി പഠനം നടത്തിയിട്ടുള്ളവരിലേക്ക് വ്യാജന്മാരെ ഇറക്കിവിടാനാകില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇടപാടിന് ഇടനിലക്കാരില്ല, വളരെ ചെറിയ യൂണിറ്റുകളായി വിഭജിക്കാന്‍ കഴിയും, ഒരു കൃത്യമായ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നതെല്ലാം ഇവയുടെ പ്രത്യേകത തന്നെ.

    എല്ലാ ഇടപാടുകളും സുതാര്യമാണ് അതേ സമയം സ്വകാര്യവും. ഓരോ ഇടപാടും ബ്ലോക്ക് ചെയിന്‍ ലെഡ്ജറില്‍ ലഭ്യമാണ്. ഓരോ പുതിയ ഇടപാട് നടക്കുമ്പോഴും അത് ഈ ലെഡ്ജറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അതായത്, എക്‌സ് , വൈ എന്നീ രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടപാട് നടന്നതായി തിരിച്ചറിയാന്‍ കവിയുമെങ്കിലും ഈ രണ്ട് വ്യക്തികളും ആരാണെന്നത് സ്വകാര്യമായിരിക്കും.

    2140 ആകുമ്പോഴേക്കും മാര്‍ക്കറ്റില്‍ 21 മില്യണ്‍ ബിറ്റ്‌കോയിനുകള്‍ പ്രചാരത്തിലുണ്ടാകും. ഇതില്‍ കൂടുതല്‍ ബിറ്റ്‌കോയിനുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല. ഇത്രയുമാണ് അടിസ്ഥാന കാര്യങ്ങള്‍. മൈനിംഗ് എന്ന പ്രക്രിയിലൂടെ ബിറ്റ് കോയിന്‍ സ്വന്തമാക്കാം. കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി ഉപയോഗിച്ച് ഗണിത സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പരിപാടിയാണ് മൈനിംഗ് എന്ന് സാമാന്യവത്കരിക്കാം.

    മൈന്‍ ചെയത് നേടുന്ന ബിറ്റ് കോയിന്‍ പരസ്പരം വിനിമയം ചെയ്യാം. സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കാം. അക്കൗണ്ടെന്നാല്‍ ബാങ്ക് അക്കൗണ്ടല്ല മറിച്ച് ഒരു സോഫ്റ്റ്‌വെയര്‍ വാലറ്റാണെന്ന് മാത്രം. കൂടുതല്‍ വിവരങ്ങള്‍ blockchain.infoഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിറ്റ് കോയിന്‍ സാധാരണ പണമാക്കി മാറ്റുന്ന എക്‌സ്‌ചേഞ്ചുകളും നിലിവുണ്ട്.

    ബിറ്റ് കോയിന്‍ മാതൃകയില്‍ ധാരാളം ക്രിപ്‌റ്റോകറന്‍സികള്‍ പിന്നീട് ഉദയം ചെയ്തു, ലൈറ്റ് കോയിന്‍, ഇഥീരിയം, ട്രോണ്‍ എന്നിങ്ങനെ ധാരാളം ക്രിപ്‌റ്റോകറന്‍സികള്‍ പ്രചാരത്തിലുണ്ട്.

    റിസ്‌കുകള്‍ അറിഞ്ഞ്

    ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ അടുത്ത് സ്‌ക്വിഡ് ഗെയിമിന്റെ പേരില്‍ നടന്ന തട്ടിപ്പ് അതിനൊരു ഉദാഹരണം മാത്രം. ലോക രാജ്യങ്ങള്‍ക്ക് ക്രിപ്‌റ്റോയുടെ കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. ഇന്ത്യയില്‍ ഇടപാടുകള്‍ നിരോധിച്ചതാണ്, ചൈനയും ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിച്ചിട്ടുണ്ട്. എല്‍ സാവദോറും ക്യൂബയും ക്രിപ്‌റ്റോ കറന്‍സികളെ അംഗീകരിച്ചിട്ടുണ്ട്.

    മുകളില്‍ പറഞ്ഞ വെര്‍ച്വല്‍ കറന്‍സിയും ക്രിപ്‌റ്റോ കറന്‍സിയും എല്ലാം ഡിജിറ്റലാണെങ്കിലും സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് പുറത്താണ്. പണം സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത് പോകുന്നത് നിലവിലുള്ള ലോകക്രമത്തെ തന്ന അട്ടിമറിക്കാന്‍ പോന്ന സാധ്യതയാണ്. ഇത് തിരിച്ചറിഞ്ഞാണ് പല രാജ്യങ്ങളും സ്വന്തം ഡിജിറ്റല്‍ കറന്‍സി എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതിന് ചുവടുപിടിച്ചാണ് ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ കറന്‍സി പദ്ധതിയും.

    ചൈനയും ജപ്പാനും സ്വീഡനും നൈജീരയയും ഇത്തരം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഇതേ പാതയില്‍ പരീക്ഷണങ്ങള്‍ തുടങ്ങാനിരിക്കുകയാണ്.

    ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ പോലും ഇപ്പോഴും ഇന്ത്യയില്‍ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഫോണ്‍ ഉപയോഗിക്കാനറിയുന്നവരും ഇന്റര്‍നെറ്റ് പരിചയുമുള്ളവരും പോലും ഡിജിറ്റല്‍ കറന്‍സികളുടെ കാര്യത്തില്‍ ബോധവാന്മാരല്ലെന്ന് പറയേണ്ടിയിരിക്കുന്നു.

    ഊഹക്കച്ചവടങ്ങള്‍ നിറഞ്ഞ, അടിക്കടി വിലനിലവാരം മാറിക്കൊണ്ടിരിക്കുന്ന ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ യുവാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം കൂടുതലാണ്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

    • വരുമാനത്തെയോ നിക്ഷേപത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള നിക്ഷേപങ്ങള്‍ പദ്ധതി ഇടുക.
    • വിദഗ്ധ ഉപദേശത്തോടെ നന്നായി പഠിച്ചു മനസിലാക്കിയതിനുശേഷം നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങള്‍ മാത്രം കണ്ണടച്ച് വിശ്വസിച്ചു മാത്രം നിക്ഷേപം നടത്തരുത്.
    • ക്രിപ്‌റ്റോയിലും ചിട്ടയോടുകൂടിയുള്ള സമീപനം മാത്രമേ ദീര്‍ഘകാലത്തെ ഫലം നല്‍കൂ. അതിനാല്‍ തന്നെ മൂല്യമിടിയുകയാണെങ്കിലും വീണ്ടും കുറഞ്ഞ തുകയ്ക്കുള്ള നിക്ഷേപം ബോധപൂര്‍വം തുടരുക. 
    • നിയമ പരിരക്ഷയില്ലെങ്കിലും നികുതി ബാധ്യതയെക്കുറിച്ച് അറിയുക.
    • നേട്ടത്തിനുപ്പറം പല രാജ്യങ്ങളിലും ഇപ്പോഴും ക്രിപ്‌റ്റോ കറന്‍സികള്‍ക്കു അംഗീകാരം ലഭിച്ചിട്ടില്ല എന്ന വസ്തുത മറക്കാതിരിക്കുക.
    • ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുതെങ്ങനെയെന്ന് പഠിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT