Markets

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കാനാകില്ല; വിപണി അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി കൊട്ടക് സെക്യൂരിറ്റീസ്

2025 ഡിസംബറോടെ നിഫ്റ്റി 26,100ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

Dhanam News Desk

കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ് 2025ലെ വിപണി അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി. വരുംവര്‍ഷങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ഓഹരി, കമ്മോഡിറ്റി, കറന്‍സി വീക്ഷണങ്ങളോടൊപ്പം മാക്രോ ഇക്കണോമിക് വീക്ഷണവും ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായതിനാല്‍ ആഗോള നിക്ഷേപകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പ്രകാശനവേളയില്‍ കൊട്ടക് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ ശ്രീപാല്‍ ഷാ പറഞ്ഞു.

2024 കലണ്ടര്‍ വര്‍ഷം ഇതുവരെ പ്രമുഖ മേഖലകളായ റിയാല്‍റ്റി (31%), ഫാര്‍മ (30%), പവര്‍ (26%) എന്നിവയില്‍ മുന്നേറ്റം പ്രകടമായിരുന്നു. ബാങ്കുകളുടെയും ക്യാപിറ്റല്‍ ഗുഡ്‌സിന്റെയും മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ ഫലങ്ങള്‍ ദുര്‍ബലമായിരുന്നു. ഐ.ടി, ഉപഭോക്തൃ കമ്പനികള്‍ എന്നിവയും നിരാശപ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനം വരുമാന വളര്‍ച്ചയാണ് നിഫ്റ്റിയില്‍ പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 16.3 ശതമാനവും 2027 സാമ്പത്തിക വര്‍ഷത്തില്‍ 14 ശതമാനവും. 2025 ഡിസംബറോടെ നിഫ്റ്റി 26,100ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വര്‍ണവും വെള്ളിയും കരുത്ത് നിലനിര്‍ത്തും

കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ആവശ്യകത, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഹരിത സാങ്കേതികതയിലേക്കുള്ള വ്യവസായങ്ങളുടെ പരിഗണന എന്നിവ മൂലം കോമെക്‌സില്‍ സ്വര്‍ണം ഔണ്‍സിന് 2,801.8 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2025ലേക്കെത്തുമ്പോള്‍ മികച്ച ഡിമാന്‍ഡ്, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവമൂലം സ്വര്‍ണവും വെള്ളിയും കരുത്ത് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഡോളര്‍ കരുത്താര്‍ജിക്കുന്നതും ട്രംപിന്റെ സാമ്പത്തിക നയങ്ങളും നേട്ടംപരിമിതപ്പെടുത്തും. ആഗോളതലത്തിലുള്ള ലഭ്യതക്കൂടുതല്‍ മൂലം ക്രൂഡ് ഓയില്‍ വെല്ലുവിളി നേരിടേണ്ടിവരും. എന്നിരുന്നാലും മിഡില്‍ ഈസ്റ്റ്, റഷ്യ-യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയിലിന് ഇടക്കിടെ പിന്തുണ നല്‍കിയേക്കാം.

2024ല്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ആപേക്ഷിക സ്ഥിരത കൈവരിച്ചു. ആഗോളതലത്തില്‍ യുഎസ് ഡോളര്‍ ശക്തിപ്രാപിച്ചപ്പോഴും ആര്‍ബിഐയുടെ സജീവമായ ഇടപെടലുകള്‍ രൂപയ്ക്ക് ഗുണം ചെയ്തു. എന്നിരുന്നാലും ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും ആഗോള വിപണികളെ തടസപ്പെടുത്തുകയും ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ 2025ല്‍ കനത്ത ചാഞ്ചാട്ടം നേരിടേണ്ടിവന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT