പ്രതീകാത്മക ചിത്രം (Image Source: Canva/Kusumgar Logo)
Markets

ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണം; ഗ്രേ മാ‍ർക്കറ്റ് പ്രീമിയം 40%; കുസുംഗർ ഐ.പി.ഒ നിക്ഷേപകർക്ക് ലോട്ടറിയാകുമോ?

പൂർണമായും ഓഫർ ഫോർ സെയിൽ മുഖനയാണ് ഐ.പി.ഒ നടത്തപ്പെടുന്നത്. ജൂലൈ 10-ന് ഐ.പി.ഒ അവസാനിക്കും. തുടർന്ന് ഓഹരിയുടെ ലിസ്റ്റിംഗ് ജൂലൈ 15-ന് നടക്കും

Dhanam News Desk

പ്രതിരോധ-എയ്റോസ്പേസ് മേഖലകൾക്ക് ഉയർന്ന ഗുണനിലവാരമുള്ള സിന്തറ്റിക് ഫാബ്രിക്കുകൾ നിർമ്മിക്കുന്ന കുസുംഗർ ലിമിറ്റഡിന്റെ 650 കോടി രൂപയുടെ ഐ.പി.ഒ ഇന്ന് ആരംഭിച്ചു. പൂർണമായും ഓഫർ ഫോർ സെയിൽ ആയതിനാൽ സമാഹരിക്കുന്ന തുക നിലവിലെ ഓഹരി ഉടമകൾക്ക് വന്നുചേരും. 398-419 രൂപ പ്രൈസ് ബാൻഡിൽ, 35 ഓഹരികളുടെ ലോട്ടായി, ജൂലൈ 10 വരെയാണ് സബ്സ്ക്രിപ്ഷൻ. ഗ്രേ മാർക്കറ്റ് പ്രീമിയം 40% വരെ ഉയർന്നു. ഐ.പി.ഒയുടെ ആദ്യ മണിക്കൂറിൽ തന്നെ 60% സബ്സ്ക്രിപ്ഷൻ ലഭിച്ചു.

പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉയർന്ന ഗുണനിലവാരമുള്ള സിന്തറ്റിക് ഫാബ്രിക്കുകൾ നിർമ്മിക്കുന്ന സ്മോൾ ക്യാപ് കമ്പനിയായ കുസുംഗർ ലിമിറ്റഡിന്റെ (Kusumgar Ltd) പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഇന്ന് (ജൂലൈ 8) തുടക്കം. ബിസിനസ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ താരമ്യേന മികച്ച നിലയിലുള്ള കമ്പനിയാണെങ്കിലും, പൂർണമായും 'ഓഫർ ഫോർ സെയിൽ' (ഒ.എഫ്.എസ്) വഴിയാണ് ഈ ഐ.പി.ഒ നടത്തപ്പെടുന്നത്. അതായത്, ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയൊന്നും തന്നെ കുസുംഗർ കമ്പനിയുടെ പുതിയ വികസന ആവശ്യങ്ങൾക്കായല്ല വിനിയോ​ഗിക്കുന്നതെന്ന് സാരം.

ബിസിനസ് പശ്ചാത്തലം

1990-ൽ മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായി ആരംഭിച്ച കുസുംഗർ ലിമിറ്റഡ്, പോളിയമൈഡ്, പോളിസ്റ്റർ ഫിലമെന്റുകൾ എന്നിവ ഉപയോഗിച്ച് എഞ്ചിനീയേർഡ് സിന്തറ്റിക് ഫാബ്രിക്കുകൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ്. സാധാരണ വസ്ത്രങ്ങൾക്ക് ഉപരിയായി എയ്റോസ്പേസ്, ഡിഫൻസ്, ഇൻഡസ്ട്രിയൽ, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ഇവർ പ്രധാനമായും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. പാരാച്യൂട്ട് സിസ്റ്റങ്ങൾ, കമോഫ്‌ളാഷ് നെറ്റുകൾ (Camouflage nets), സ്റ്റെൽത്ത് മെറ്റീരിയലുകൾ തുടങ്ങിയ മൂല്യവർധിത പ്രതിരോധ ഉത്പന്നങ്ങളും കുസും​ഗർ ഇപ്പോൾ നിർമ്മിക്കുന്നുണ്ട്.

അതുപോലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആയിരത്തിലധികം വ്യത്യസ്ത ഫാബ്രിക് ഉൽപ്പന്നങ്ങൾ (SKUs) വികസിപ്പിച്ചെടുക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.പി.ഒയിലെ വിശദാംശങ്ങൾ പ്രകാരം ഏകദേശം 4,400 കോടി രൂപയാണ് കുസും​ഗറിന്റെ നിലവിലെ വിപണി മൂല്യം രേഖപ്പെടുത്തുന്നത്.

ഐ.പി.ഒ വിശദാംശം

650 കോടി രൂപയുടെ ഐ.പി.ഒ പൂർണ്ണമായും ഓഫർ ഫോർ സെയിലായതിനാൽ (1.55 കോടി ഓഹരികൾ), നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന തുക മുഴുവനായും കുസും​ഗറിന്റെ നിലവിലെ ഓഹരി ഉടമകളിലേക്കാണ് പോവുക.

  • ഓഹരിയുടെ പ്രൈസ് ബാൻഡ്: 398 – 419 രൂപ

  • ലോട്ട് സൈസ്: 35 ഓഹരികൾ (റീട്ടെയിൽ വിഭാഗത്തിലെ കുറഞ്ഞ നിക്ഷേപം 14,665 രൂപ )

  • ഐ.പി.ഒ അവസാനിക്കുന്നത്: ജൂലൈ 10

  • ലിസ്റ്റിംഗ് തീയതി: ജൂലൈ 15 (എൻ.എസ്.ഇ, ബി.എസ്.ഇ എക്സ്ചേഞ്ചുകളിൽ)

ഐ.പി.ഒയ്ക്ക് ശേഷം പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 90.48 ശതമാനത്തിൽ നിന്ന് 74.71 ശതമാനമായി കുറയും. കമ്പനിയുടെ ആകെ ഓഹരികളുടെ എണ്ണത്തിൽ (10.49 കോടി) മാറ്റമുണ്ടാകില്ല.

സാമ്പത്തിക പ്രകടനം എങ്ങനെ?

ടെക്സ്റ്റൈൽ മേഖലയിലെ ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് കമ്പനികളെ അപേക്ഷിച്ച് മികച്ച ലാഭമാർജിൻ കുസുംഗർ രേഖപ്പെടുത്തുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിന്റെ (Net Profit) മാർജിൻ 13.80 ശതമാനവും പ്രവർത്തനലാഭ (EBITDA) മാർജിൻ 27.15 ശതമാനം വീതവുമാണ്. കമ്പനിയുടെ ലാഭക്ഷമത വെളിവാക്കുന്ന ഘടകങ്ങളായ റിട്ടേൺ ഓൺ ഇക്വിറ്റി (ROE) 25.82 ശതമാനവും റിട്ടേൺ ഓൺ ക്യാപിറ്റൽ (ROCE) 24.76 ശതമാനം വീതവും രേഖപ്പെടുത്തുന്നുണ്ട്.

എന്നാൽ തൊട്ട് മുൻ വർഷത്തെ അപേക്ഷിച്ച് കുസും​ഗറിന്റെ വരുമാനത്തിലും ലാഭത്തിലും നേരിയ ഇടിവുണ്ടായിട്ടുണ്ട്. 2024-25ൽ നേടിയ 790.21 കോടി രൂപയിൽ നിന്നും 2025-26-ൽ കമ്പനിയുടെ വരുമാനം 10 ശതമാനം താഴ്ന്ന് 711.78 കോടി രൂപയായി. അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 111.99 കോടി രൂപയിൽ നിന്നും 98.20 കോടി രൂപയിലേക്കും എത്തിച്ചേർന്നു. എന്നിരുന്നാലും മികച്ച നിലയിൽ ചെലവ് നിയന്ത്രിച്ചതു വഴി കമ്പനിയുടെ പ്രവർത്തന ലാഭം (EBITDA) കാര്യമായ ഇടിവില്ലാതെ 187.85 കോടി രൂപയായി നിലനിർത്താനും കുസും​ഗറിന് കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ഗ്രേ മാർക്കറ്റ് പ്രീമിയവും ട്രെൻഡും എങ്ങനെ?

ഔദ്യോ​ഗികമായി ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അനൗദ്യോ​ഗി വിപണിയിൽ (​ഗ്രേ മാർക്കറ്റ്) വലിയ ഡിമാൻഡാണ് കുസും​ഗർ ഓഹരിക്ക് ലഭിക്കുന്നതെന്നാണ് വിവിധ പോർട്ടലുകൾ നൽകുന്ന സൂചന. ഐ.പി.ഒയിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച ഇന്നത്തെ കണക്കുകൾ പ്രകാരം ഓ​ഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജി.എം.പി) 168 രൂപയാണ്. അതായത്, ഐ.പി.ഒയിൽ ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന അ‌പ്പർ പ്രൈസ് ബാൻഡ് നിരക്കായ 419 രൂപയേക്കാൾ 40 ശതമാനം പ്രീമിയത്തിൽ ഏകദേശം 587 രൂപയ്ക്ക് ഓഹരികൾ ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.

ജൂലൈ 4 മുതൽ ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 165 രൂപയ്ക്ക് മുകളിൽ തുടരുന്നത്, കുസും​ഗർ ഓഹരിയിൽ സ്ഥാപന നിക്ഷേപകരിൽ (Institutional Investors) നിന്നും ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ (HNIs) നിന്നും ലഭിക്കുന്ന മികച്ച താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഐ.പി.ഒ ആരംഭിച്ച് ആദ്യ ഒന്നര മണിക്കൂറിൽ തന്നെ വിൽപ്പനയ്ക്കുള്ള ഓഹരികളുടെ 60 ശതമാനത്തിനും സബ്സ്ക്രിപ്ഷൻ ലഭിച്ചുകഴിഞ്ഞു.

ഓഹരിയുടെ വാല്യൂവേഷൻ എങ്ങനെ?

ഐ.പി.ഒയിലെ അപ്പർ പ്രൈസ് ബാൻഡ് പ്രകാരം 44.8 മടങ്ങിലാണ് കുസും​ഗർ ഓഹരിയുടെ പി.ഇ അനുപാതം രേഖപ്പെടുത്തുന്നത്. പ്രതിരോധ-എയ്റോസ്പേസ് മേഖലകളിലെ കമ്പനിയുടെ സാന്നിധ്യമാണ് ഉയർന്ന വാല്യുവേഷനുള്ള (പി.ബി റേഷ്യോ: 8.45 മടങ്ങിൽ) മുഖ്യ കാരണം. കമ്പനിയുടെ കടബാധ്യതകൾ (ഡെറ്റ്-ടു-ഇക്വിറ്റി റേഷ്യോ: 0.44) നിയന്ത്രണവിധേയമാണെന്നത് അനുകൂല ഘടകമാണ്. എന്നിരുന്നാലും, കമ്പനിയുടെ വരുമാനത്തിൽ ഇടിവ് നേരിടുന്ന ഒരു വർഷത്തിൽ, പുതിയ മൂലധനമൊന്നും സമാഹരിക്കാതെ നിലവിലെ ഓഹരി ഉടമകളിൽ വിറ്റൊഴിയുന്ന ഓഹരികളാണ് വാങ്ങുന്നതെന്ന യാഥാർത്ഥ്യം നിക്ഷേപകർ ഓർക്കേണ്ടതുണ്ട്. കുസും​ഗർ ഓഹരിക്ക് നിലവിൽ മികച്ച ​ഗ്രേ മാർക്കറ്റ് പ്രീമിയം കാണിക്കുന്നുണ്ടെങ്കിലും, താരതമ്യേന ഉയർന്ന വാല്യുവേഷൻ പരിഗണിച്ച് കരുതലോടെ വേണം നിക്ഷേപ സംബന്ധമായ തീരുമാനം സ്വീകരിക്കേണ്ടത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT