പ്രതീകാത്മക ചിത്രം Image Source: Canva
Markets

വിദേശ നിക്ഷേപകർ മടങ്ങിയെത്തിയാൽ ആദ്യ നേട്ടം വമ്പന്മാർക്ക്? ദീപാവലി സീസൺ ലാർജ് ക്യാപ് ഓഹരികൾ തൂക്കുമോ?

കഴിഞ്ഞ രണ്ട് മാസത്തിനിടെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 7 ശതമാനം വരെ ഇടിഞ്ഞപ്പോൾ ലാർജ് ക്യാപുകൾ ഘടകങ്ങളായിട്ടുള്ള നിഫ്റ്റി സൂചിക നഷ്ടം അര ശതമാനത്തിൽ ഒതുക്കി

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ലാർജ് ക്യാപ് ഓഹരികൾക്ക് മുൻതൂക്കം നൽകും. മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ നിന്ന് നിക്ഷേപം പുനഃക്രമീകരിച്ച്, മികച്ച ലിക്വിഡിറ്റി, ന്യായമായ മൂല്യനിർണയം, ശക്തമായ കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ലാർജ് ക്യാപ് ഓഹരികളിലേക്ക് നിക്ഷേപകർ മാറുന്നതായി ബജാജ് ബ്രോക്കറേജിന്റെ റിസർച്ച് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപ തന്ത്രങ്ങൾ മാറുന്നതിന്റെ സൂചനകൾ ശക്തമാകുന്നു. ഈ വർഷം ഇതുവരെയുള്ള കാലയളവിനിടെ ഏറിയപങ്കും മിഡ്, സ്മോൾ ക്യാപ് ഓഹരികൾക്ക് താരതമ്യേന അനുകൂലമായിരുന്ന ആഭ്യന്തര വിപണിയിൽ, ഇപ്പോൾ ലാർജ് ക്യാപ് ഓഹരികൾക്ക് മുൻതൂക്കം ലഭിക്കുന്നു.

2026 സെപ്റ്റംബർ 11 മുതൽ നവംബർ 2 വരെയുള്ള കാലയളവിൽ പ്രധാന ബെഞ്ച്മാർക്ക് സൂചികകളിലൊന്നായ നിഫ്റ്റി 0.5 ശതമാനം മാത്രമാണ് താഴ്ന്നത്. എന്നാൽ നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 7 ശതമാനവും സ്മോൾ ക്യാപ്-100 സൂചിക 6.6 ശതമാനം വീതവും ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) തിരിച്ചുവരവിനുള്ള സാധ്യത ഏറിയതും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ലാ‌ർജ് ക്യാപ് ഓഹരികളിലേക്കുള്ള കൂടുമാറ്റത്തിന് വേഗം പകരുന്ന ഘടകങ്ങളാണ്. അടുത്ത 6–18 മാസത്തേക്ക് ലാർജ് ക്യാപ് ഓഹരികളാണ് കൂടുതൽ ആകർഷകമാകുകയെന്ന വിലയിരുത്തലിലാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ബജാജ് ബ്രോക്കിങ്.

എന്തുകൊണ്ട് ലാർജ് ക്യാപിന് മുൻതൂക്കം?

മികച്ച ലിക്വിഡിറ്റി, കമ്പനികളുടെ വരുമാനത്തിലെ വ്യക്തത, ന്യായമായ നിലവാരത്തിലുള്ള മൂല്യമതിപ്പ് അഥവാ വാല്യൂവേഷൻ, വിപണി തകർച്ചയിൽ താരതമ്യേന കുറഞ്ഞ ആഘാതം എന്നിവയാണ് നിക്ഷേപകർ വീണ്ടും ലാർജ് ക്യാപ് ഓഹരികളിലേക്ക് തിരിയാനുള്ള മുഖ്യ കാരണങ്ങൾ. മുൻകാല സീസണുകളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ലാർജ് ക്യാപ് ഓഹരികളുടെ മൂല്യനിർണയം നിലവിൽ ന്യായമായ നിലയിൽ എത്തിയിട്ടുള്ളത് റിസ്ക്-റിവാർഡ് അനുപാതം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ക്വാളിറ്റി, മികച്ച കോർപറേറ്റ് ​ഗവേണൻസ്, ശക്തമായ ബാലൻസ് ഷീറ്റ് എന്നിവയുള്ള കമ്പനികൾക്കാണ് നിക്ഷേപകർ മുൻഗണന നൽകാറുള്ളത്.

എഫ്‌ഐഐ തിരിച്ചുവരവ്: ലാർജ് ക്യാപുകൾക്ക് നിർണായക അവസരം?

വിദേശ നിക്ഷേപകരുടെ പണമൊഴുക്കാണ് സമീപഭാവിയിലേക്കുള്ള ഇന്ത്യൻ വിപണിയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. വിദേശ നിക്ഷേപകരുടെ ഭാ​ഗത്തുനിന്നും ഇതുവരെയുണ്ടായിരുന്ന വിൽപന സമ്മർദം മൂലം ബിസിനസ്സുപരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പല മുൻനിര കമ്പനികളുടേയും ഓഹരികളും നിറംമങ്ങിയപ്പോയിരുന്നു. എഫ്ഐഐകൾ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ വൻ തോതിലുള്ള നിക്ഷേപം ഉൾക്കൊള്ളാൻ ശേഷിയുള്ള നിഫ്റ്റി സൂചികയുടെ ഭാ​ഗമായ ഓഹരികൾക്കും സ്വകാര്യ ബാങ്കുകൾക്കും ധനകാര്യ സേവന മേഖലയിലെ മുൻനിര കമ്പനികൾക്കുമാകും ആദ്യ നേട്ടം ലഭിക്കുകയെന്ന് ബജാജ് ബ്രോക്കിങ്ങിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

  • യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം: നിലവിലെ ട്രംപ് സർക്കാരിന്റെ ഭരണനയങ്ങളിലും നിയന്ത്രണങ്ങളിലും ധനകാര്യ മുൻഗണനകളിലും വരാവുന്ന മാറ്റം ആഗോള റിസ്ക് താൽപര്യത്തെ ബാധിച്ചേക്കാം.

  • കോർപറേറ്റ് കമ്പനികളുടെ പ്രകടനം: വരുമാന വളർച്ചയും ഭാവിയിലെ ബിസിനസ് പ്രകടനത്തെ കുറിച്ചുള്ള മാർഗനിർദേശങ്ങളും വിപണി കൂടുതൽ സൂക്ഷ്മമായി പരിശോധിക്കും.

  • ആ​ഗോള സംഘർഷം: ഉയർന്ന ക്രൂഡ് ഓയിൽ വിലയും വിതരണശൃംഖലയിലെ അനിശ്ചിതത്വവും ഉത്പന്നങ്ങളുടെ വിലനിർണയശേഷി കുറവുള്ള ചെറുകമ്പനികളെയാകും കൂടുതൽ ബാധിക്കുക.

  • ആഗോള സാമ്പത്തിക വളർച്ച: ദുർബലമായ ആഗോള സാഹചര്യം ഉയർന്ന വാല്യുവേഷനിലുള്ളതും ഉയർന്ന ബീറ്റ സ്വഭാവം പ്രകടമാക്കുന്നതുമായ മിഡ്, സ്മോൾ ക്യാപ് ഓഹരികളോടുള്ള നിക്ഷേപക താത്പര്യത്തെ സ്വാധീനിക്കാം.

ചുരുക്കത്തിൽ മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽനിന്ന് നിക്ഷേപകർ പൂർണമായി പിൻവാങ്ങുകയാണെന്നല്ല ഈ പ്രവണത സൂചിപ്പിക്കുന്നത്. പകരം, വിപണിയിലെ അനിശ്ചിതത്വം വർധിക്കുമ്പോൾ റിസ്ക് പരിമിതപ്പെടുത്തുന്നതിനായി ലാർജ് ക്യാപ് ഓഹരികളിലേക്ക് നിക്ഷേപം പുനഃക്രമീകരിക്കുന്നതിന്റെ സൂചനയാണിത്. വിദേശ നിക്ഷേപകർ കൂടി തിരിച്ചെത്തിയാൽ ലാർജ് ക്യാപ് ഓഹരികൾക്കുള്ള മുൻതൂക്കം കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നും ബജാജ് ബ്രോക്കറേജ് വിലയിരുത്തുന്നു.

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് ഏതെങ്കിലും ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ നിക്ഷേപ ശിപാർശയോ അല്ല. വായനക്കാർ എന്തെങ്കിലും നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരെ സമീപിക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ കമ്പനികളെയും വിപണിയേയും കുറിച്ച് കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Indian investors are showing greater interest in large-cap stocks amid weakness in mid- and small-caps, with a potential return of foreign institutional investors emerging as a key market trigger.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT