പ്രതീകാത്മക ചിത്രം (Image Source: Canva/Laser Power Infra Logo) 
Markets

കടം വീട്ടും, ബാലൻസ് ഷീറ്റ് ശക്തമാകും; ₹742 കോടിയുടെ ലേസർ പവർ ഐ.പി.ഒ ആരംഭിച്ചു; ലി​സ്റ്റിം​ഗ് നേട്ടം പ്രതീക്ഷിക്കാമോ?

കേബിൾ നിർമ്മാതാക്കൾ എന്നതിനപ്പുറം ഗ്രാമീണ-നഗര വൈദ്യുതീകരണ പദ്ധതികൾ, സബ്‌സ്റ്റേഷൻ ഇൻസ്റ്റലേഷനുകൾ തുടങ്ങിയ ഇ.പി.സി പ്രോജക്ടുകൾ ഏറ്റെടുത്ത് കമ്പനി വിജയകരമായി നടപ്പിലാക്കുന്നുണ്ട്

Dhanam News Desk

രാജ്യത്തെ വൈദ്യുതി പ്രസരണ-വിതരണ മേഖലയ്ക്ക് പവർ കേബിളുകളും കണ്ടക്ടറുകളും നിർമ്മിക്കുന്ന ലേസർ പവർ ആൻഡ് ഇൻഫ്രാ ലിമിറ്റഡിന്റെ ₹742 കോടിയുടെ ഐ.പി.ഒ ജൂലൈ 9ന് ആരംഭിച്ചു. 542 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂ, 200 കോടി രൂപയുടെ ഒ.എഫ്.എസ് ഉൾപ്പെടുന്ന ഐ.പി.ഒയിലൂടെ 490 കോടി രൂപയുടെ കടം തീർക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ശക്തമായ ഓർഡർ ബുക്ക്, ROE, ROCE എന്നിവ ദീർഘകാല വളർച്ചാ സാധ്യതകൾ സൂചിപ്പിക്കുമ്പോഴും ഗ്രേ മാർക്കറ്റ് പ്രീമിയം കുറവാണ്.

രാജ്യത്തെ വൈദ്യുതി പ്രസരണ—വിതരണ മേഖലയിലേക്ക് ആവശ്യമായ പവർ കേബിളുകളും കണ്ടക്ടറുകളും നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ ലേസർ പവർ ആൻഡ് ഇൻഫ്രാ ലിമിറ്റഡിന്റെ (Laser Power & Infra Ltd) ഐ.പി.ഒ ഇന്ന് (ജൂലൈ 9) ആരംഭിച്ചു. ​അനൗദ്യോ​ഗിക വിപണിയിൽ ഭേദപ്പെട്ട ഡിമാൻഡ് കാണിക്കുന്നുണ്ടെങ്കിലും (​ഗ്രേ മാർക്കറ്റ് പ്രീമീയം) ഐ.പി.ഒ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ നിക്ഷേപകരുടെ ഭാ​ഗത്തുനിന്നും ഓഹരിക്ക് വേണ്ടിയുള്ള അപേക്ഷകളിൽ (സബ്സ്ക്രിപ്ഷൻ) കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടില്ല. 6 ശതമാനം ഓഹരികൾക്കുള്ള അപേക്ഷ മാത്രമാണ് അപ്പോൾ ലഭിച്ചിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ ലേസർ പവർ & ഇൻഫ്രാ ഐ.പി.ഒയുടെ വിശകലനം നോക്കാം.

ബിസിനസ് പശ്ചാത്തലം

1988-ൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ലേസർ പവർ & ഇൻഫ്രായ്ക്ക് പശ്ചിമ ബംഗാളിൽ 3 നിർമ്മാണ യൂണിറ്റുകളുണ്ട്. വെറുമൊരു കേബിൾ നിർമ്മാതാക്കൾ എന്നതിനപ്പുറം ഗ്രാമീണ-നഗര വൈദ്യുതീകരണ പദ്ധതികൾ, സബ്‌സ്റ്റേഷൻ ഇൻസ്റ്റലേഷനുകൾ തുടങ്ങിയ ഇ.പി.സി പ്രോജക്ടുകൾ ഏറ്റെടുത്ത് കമ്പനി വിജയകരമായി നടപ്പിലാക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ 26 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടാതെ 10 വിദേശ രാജ്യങ്ങളിലും കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്. 2026 മാർച്ചിലെ കണക്കുകൾപ്രകാരം 3,243.4 കോടി രൂപയുടെ ഓർഡറുകൾ (Order book) ലേസർ പവർ & ഇൻഫ്രായുടെ കൈവശമുണ്ട്.

ഐ.പി.ഒ: പ്രധാന വിശദാംശങ്ങൾ

742 കോടിയുടെ ലേസർ പവർ & ഇൻഫ്രാ ഐ.പി.ഒയിൽ 542 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) 200 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (ഒ.എഫ്.എസ്) ഉൾപ്പെടുന്നു. പുതിയ ഓഹരികൾ അനുവദിക്കുന്നതിലൂടെ കിട്ടുന്ന 542 കോടിയിലെ 490 കോടി രൂപയും കമ്പനിയുടെ നിലവിലെ കടബാധ്യതകൾ തീർക്കുന്നതിനായാണ് വിനിയോഗിക്കുക.

  • പ്രൈസ് ബാൻഡ്: 203 - 214 രൂപ

  • ലോട്ട് സൈസ്: 70 ഓഹരികൾ (കുറഞ്ഞ നിക്ഷേപം 14,980 രൂപ)

  • ഐ.പി.ഒ അവസാനിക്കുന്നത്: ജൂലൈ 13

  • ഓഹരിയുടെ ലിസ്റ്റിംഗ്: ജൂലൈ 16 (എൻ.എസ്.ഇ, ബി.എസ്.ഇ)

പൂർണ്ണമായും പ്രൊമോട്ടർമാരുടെ കൈവശമുണ്ടായിരുന്ന (100%) കമ്പനിയുടെ ഓഹരി പങ്കാളിത്തം ഐ.പി.ഒയ്ക്ക് ശേഷം 75.29 ശതമാനമായി കുറയുന്നതായിരിക്കും.

സാമ്പത്തിക പ്രകടനം

2026 സാമ്പത്തിക വർഷത്തിൽ ലേസർ പവർ & ഇൻഫ്രായുടെ വരുമാനം 9 ശതമാനം കുറഞ്ഞ് 2,348 കോടി രൂപയായെങ്കിലും അറ്റാദായം (Net Profit) 42 ശതമാനം വർധിച്ച് 152 കോടി രൂപയായി ഉയർന്നുവെന്നത് ശ്രദ്ധേയം. കമ്പനിയുചെ ചെലവ് നിയന്ത്രിക്കാനായതും ഉയർന്ന ലാഭമുള്ള പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് ലാഭം വർധിക്കാൻ കാരണം. 2023-24-ൽ 40 കോടി രൂപയായിരുന്ന അറ്റാദായമാണ് ഇക്കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷം കൊണ്ട് ഇത്രയുമധികം ഉയർന്നത്.

അതേസമയം, ലേസർ പവർ & ഇൻഫ്രായുടെ ആകെ കടബാധ്യത 2024-ലെ 394 കോടി രൂപയിൽ നിന്നും 828 കോടി രൂപയായി കുത്തനെ ഉയർന്നിട്ടുണ്ട്. കടം-ഓഹരി അനുപാതം (Debt-to-equity) 1.10 ആയതിനാൽ ഐ.പി.ഒയിൽ നിന്നും സമാഹരിക്കുന്ന തുക ഉപയോഗിച്ച് കടം വീട്ടാനുള്ള തീരുമാനം കമ്പനിക്ക് ഏറെ ​ഗുണകരമാകും.

ഓഹരിയുടെ വാല്യൂവേഷൻ

ഓഹരിയുടെ അപ്പർ പ്രൈസ് ബാൻഡ് പ്രകാരം ഐ.പി.ഒയ്ക്ക് ശേഷമുള്ള ലേസർ പവർ & ഇൻഫ്രായുടെ പി.ഇ അനുപാതം 19.82 മടങ്ങിലാണ് ഉള്ളത്. കമ്പനിയുടെ ലാഭക്ഷമത വെളിവാക്കുന്ന ഘടകങ്ങളായ റിട്ടേൺ ഓൺ ഇക്വിറ്റി (ROE) 23.32 ശതമാനവും റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് (ROCE) 17.83 ശതമാനം വീതവുമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. കടബാധ്യത കൂടുതലായതിനാലാണ് ആർ.ഒ.സി.ഇ നേരിയ തോതിൽ കുറഞ്ഞിരിക്കുന്നത്.

ഐ.പി.ഒയ്ക്ക് ശേഷം കടബാധ്യതകൾ കുറയുന്നതോടെ ലേസർ പവർ & ഇൻഫ്രായുടെ ബാലൻസ് ഷീറ്റ് കൂടുതൽ ശക്തമാകും. പവർ സെക്ടറിലെ ഭാവി ബിസിനസ് സാധ്യതകൾ ശോഭനമാണെന്നതും കമ്പനിക്ക് ദീർഘകാലയളവിൽ ​​ഗുണം ചെയ്യുമെന്നാണ് അനലി​സ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.

അതേസമയം ഐ.പി.ഒ ആരംഭിക്കുന്നതിന് മുമ്പ് ഈയാഴ്ച തുടക്കത്തിൽ 28 രൂപ നിരക്കിലുണ്ടായിരുന്ന ലേസർ പവർ & ഇൻഫ്രാ ഓഹരിയുടെ ​ഗ്രേ മാർക്കറ്റ് പ്രീമിയം ഇപ്പോൾ 15 രൂപയിലേക്ക് താഴ്ന്നിട്ടുണ്ടെന്നാണ് വിവിധ ഓൺലൈൻ പോർട്ടലുകൾ സൂചിപ്പിക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT