കണ്ണട വ്യാപാരികളായ ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് എന്‍.എസ്.ഇയിലും ബി.സ്.ഇയിലും ലിസ്റ്റ് ചെയ്തു. അലോട്ട്‌മെന്റ് ലഭിച്ച നിക്ഷേപകരെ കനത്ത ആശങ്കയിലാക്കി എന്‍.എസ്.ഇയില്‍ ഐ.പി.ഒ വിലയേക്കാള്‍ 1.74 ശതമാനം ഇടിഞ്ഞ് 395 രൂപയിലും ബി.എസ്.ഇയില്‍ 2.99 ശതമാനം താഴ്ന്ന് 390 രൂപയിലുമാണ് ലിസ്റ്റിംഗ്.
37 ഓഹരികളുടെ ഒരു ലോട്ടായിരുന്നു ചെറുകിട നിക്ഷേപകര്‍ക്ക് മിനിമം നിക്ഷേപിക്കാമായിരുന്നുത്. ഇന്നത്തെ ലിസ്റ്റിംഗ് വില അനുസരിച്ച് ഒറ്റ ലോട്ടില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 444 രൂപയാണ്. ഐ.പി.ഒയില്‍ ലെന്‍സ്‌കാര്‍ട്ടിന് 28.27 മടങ്ങ് അധിക സബ്‌സിക്രിപ്ഷന്‍ ലഭിച്ചിരുന്നു.
സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ ഒക്ടോബര്‍ 31 ന് ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റില്‍) 23.63 ശതമാനം വരെ പ്രീമിയമുണ്ടായിരുന്നത് പിന്നീട് രണ്ട് ശതമാനത്തില്‍ താഴെയായിരുന്നു.
374-402 രൂപയായിരുന്നു ലെന്‍സ്‌കാര്‍ട്ടിന്റെ ഇഷ്യു വില. അമിത വിലയാണിതെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 70,000 കോടി രൂപ വിപണി മൂല്യം കണക്കാക്കിയാണ് ഇഷ്യു വില നിശ്ചയിച്ചത്. അമിത വിലയുള്ള പേടിഎം പോലുള്ള കമ്പനികളുടെ ഐ.പി.ഒകള്‍ ലിസ്റ്റിംഗില്‍ വന്‍ നഷ്ടം നേരിട്ടിരുന്നത് ലെന്‍സ്‌കാര്‍ട്ട് ഐ.പി.ഒയിലും ജാഗ്രത പാലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു. 402 രൂപയാണ് ഇഷ്യുവിന്റെ ഉയര്‍ന്ന വില . ഇത് കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രതി ഓഹരി വരുമാനത്തിന്റെ (Earnings per Share) 235 മടങ്ങാണ്. ഒരു തരത്തിലും നീതീകരിക്കാവുന്ന വിലയല്ല ഇതെന്നായിരുന്നു അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
അതേ പോലെ പ്രതിഓഹരി വരുമാനം കണക്കാക്കുന്നതിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലെന്‍സ്‌കാര്‍ട്ടിന്റെ ലാഭം 297 കോടി രൂപയായിരുന്നു. ഇതില്‍ 167.2 കോടി രൂപയും ജാപ്പനീസ് കണ്ണ വ്യാപാര കമ്പനിയായ ഓണ്‍ഡെയ്‌സിനെ ഏറ്റെടുത്തതു വഴി ലഭിച്ചതാണ്. ഇത് ഒഴിവാക്കിയാല്‍ 130 കോടി രൂപ മാത്രമാണ് കമ്പനിയുടെ ലാഭം.
ടാറ്റ ക്യാപ്പിറ്റല്‍, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യ എന്നിവയുടെ ഐ.പി.ഒകള്‍ക്ക്‌ശേഷം ഈ വര്‍ഷം വിപണിയിലെത്തിയ നാലാമത്തെ വലിയ പബ്ലിക് ഇഷ്യു ആയിരുന്നു ലെന്‍സ്‌കാര്‍ട്ടിന്റേത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്ത ഐ.പി.ഒകള്‍ എല്ലാം തന്നെ നിക്ഷേപകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ച സ്റ്റഡ് ആക്‌സസറീസ്, ഈസ്റ്റേണിന്റെ മാതൃ കമ്പനിയായ ഓര്‍ക്‌ല ഇന്ത്യ എന്നീ ഐ.പി.ഒകളും ലിസ്റ്റിംഗ് നേട്ടത്തില്‍ പിന്നിലായി. ഗ്രേമാര്‍ക്കറ്റില്‍ പ്രീമിയത്തില്‍ വ്യാപാരം നടത്തിയ സ്റ്റഡ് ആക്‌സസറീസ് മൂന്ന് ശതമാനം ഡിസ്‌കൗണ്ടിലാണ് ലിസ്റ്റ് ചെയ്തത്. അതേസമയം മൂന്ന് ശതമാന പ്രീമിയത്തിലാണ് ഓര്‍ക്‌ല ഇന്ത്യ ഓഹരികള്‍ ലിസ്റ്റ് ചെയ്തതെങ്കിലും പിന്നീടുള്ള വ്യാപാരത്തില്‍ ഐ.പി.ഒ വിലയേക്കാള്‍ താഴെപോയി.
ലെന്‍സ്‌കാര്‍ട്ട് ഓഹരികള്‍ക്ക് 16 ശതമാനം വരെ ഇടിവാണ് ഓഹരിയെ പിന്തുടരുന്ന ആംബിറ്റ് ക്യാപിറ്റല്‍ കഴിഞ്ഞയാഴ്ച പ്രവചിച്ചത്.
അതേസമയം എസ്.ബി.ഐ സെക്യൂരിറ്റീസ് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാനായി ഐ.പി.ഒയ്ക്ക് സബ്‌സ്‌ക്രൈബ് സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്. നിര്‍മല്‍ ബാംഗും സബ്‌സ്‌കൈബ് സ്റ്റാറ്റസാണ് നല്‍കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine