2024 സെപ്റ്റംബര്‍ അവസാനം നിഫ്റ്റി 50 സൂചിക 26,277.35 പോയിന്റായിരുന്നു. ഈ ഫെബ്രുവരി 24ന് 22,552.50 പോയിന്റിലേക്കെത്തിയപ്പോള്‍ ഇടിവ് 3724.85, അഥവാ 14.17 ശതമാനമായി. സെന്‍സെക്സും സമാനമായ പതനം പറയുന്നു. 85,978.25ല്‍ നിന്ന് 74,454.41ലേക്ക് 11,523.84 പോയിന്റ് അഥവാ 13.4 ശതമാനം വീഴ്ച. ഇതേസമയം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് മിഡ് ക്യാപ് 100 സൂചിക 18.05ഉം സ്മോള്‍ ക്യാപ് 100 സൂചിക 21.70ഉം ശതമാനം ഇടിഞ്ഞു. വിശാല വിപണി തിരുത്തലിലും മുഖ്യ സൂചികകള്‍ വലിയ താഴ്ചയിലുമാണ് എത്തിയിരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്നത് എല്ലാവര്‍ക്കും അറിയാം. മൂന്ന് കാരണങ്ങള്‍ ഇവയാണ്.
ഒന്ന്: വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പ്പന.
രണ്ട്: ഇന്ത്യന്‍ കമ്പനികളുടെ ലാഭം കുറഞ്ഞു.
മൂന്ന്: രാജ്യാന്തര സാഹചര്യങ്ങള്‍ വളര്‍ച്ചയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.
ഈ ജനുവരിയിലും ഫെബ്രുവരി 21 വരെയുള്ള ദിവസങ്ങളിലുമായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,01,737 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചു. 2024ല്‍ അവസാന മൂന്ന് മാസങ്ങളില്‍ പിന്‍വലിച്ചത് 1.8 ലക്ഷം കോടി രൂപ. ഇന്ത്യന്‍ ഓഹരികളേക്കാള്‍ ലാഭ വളര്‍ച്ചയിലാണ് ചൈനീസ് ഓഹരികള്‍. അതുകൊണ്ട് 'ഇന്ത്യയില്‍ വിറ്റു ചൈനയില്‍ വാങ്ങൂ' എന്നതായി വിദേശ നിക്ഷേപകരുടെ മുദ്രാവാക്യം. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ അമേരിക്കയില്‍ വിലക്കയറ്റവും പലിശയും വര്‍ധിപ്പിക്കും എന്ന ധാരണയില്‍ കുറേ നിക്ഷേപകര്‍ അങ്ങോട്ടും നീങ്ങി.
ഇന്ത്യന്‍ കമ്പനികളുടെ ലാഭ വളര്‍ച്ച കുറഞ്ഞത് ഇന്ത്യന്‍ ഓഹരികളുടെ ആകര്‍ഷണം കുറയ്ക്കുന്നതിന് കാരണമായി. ലാഭ വളര്‍ച്ച വേഗം തിരിച്ചുകയറുമെന്ന പ്രതീക്ഷ നഷ്ടപ്പെടുത്തിക്കൊണ്ട് ജിഡിപി വളര്‍ച്ച നിഗമനങ്ങള്‍ താഴോട്ടുമായി. രാജ്യാന്തര വളര്‍ച്ചയ്ക്ക് സാരമായ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നത്. ട്രംപ് പറഞ്ഞതു പോലെ ചെയ്താല്‍ ആഗോള വാണിജ്യ വളര്‍ച്ച ഗണ്യമായി കുറയുകയും യുഎസ് അടക്കം എല്ലാ രാജ്യങ്ങളുടെയും ജിഡിപി വളര്‍ച്ച താഴുകയും ചെയ്യും. യൂറോപ്പും മറ്റും മാന്ദ്യത്തിലായേക്കുകയും ഇന്ത്യന്‍ വളര്‍ച്ച ഗണ്യമായി കുറയുകയും ചെയ്യും.
വര്‍ഷാരംഭത്തില്‍ വലിയ ആവേശത്തോടെയാണ് നിരീക്ഷകര്‍ 2025ലെ വിപണിഗതി പ്രവചിച്ചത്. 2024ലേതു പോലെ എട്ട് ശതമാനത്തിലധികം വളര്‍ച്ചയോടെ നിഫ്റ്റി 25,000നും 27,000നും ഇടയില്‍ എത്തുമെന്ന് മിക്കവരും പ്രവചിച്ചു. ഫെബ്രുവരി രണ്ടാം വാരത്തില്‍ സിറ്റി റിസര്‍ച്ചും മോര്‍ഗന്‍ സ്റ്റാന്‍ലിയും പ്രവചിച്ചത് ഡിസംബറില്‍ നിഫ്റ്റി 26,000ല്‍ എത്തുമെന്നാണ്. പക്ഷേ ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിവായപ്പോള്‍ മിക്കവരും ഈ നിഗമനങ്ങള്‍ മാറ്റി. വിപണിയെ തിരുത്തലില്‍ എത്തിക്കുന്നതാകും ഇപ്പോഴത്തെ പതനമെന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ കരുതുന്നത്.
ഇന്ത്യന്‍ വളര്‍ച്ച 2025-26ലും 2026-27ലും ഏഴ് ശതമാനത്തില്‍ താഴെയേ വരൂ എന്നത് കമ്പനികളുടെ ലാഭവളര്‍ച്ച കാര്യമായി മെച്ചപ്പെടില്ല എന്ന നിഗമനത്തിലേക്കാണ് നയിക്കുന്നത്. (വളര്‍ച്ച ആറ് ശതമാനത്തില്‍ താഴെയാകുമെന്ന നിഗമനം പുറത്തുവിട്ട ഏജന്‍സികളും ഉണ്ട്). യുഎസ് ചുങ്കം വര്‍ധിപ്പിച്ചാല്‍ കയറ്റുമതി കുറയുമെന്നത് തീര്‍ച്ച. നാമമാത്ര ക്ഷീണമേ വരൂ എന്ന് വ്യാഖ്യാനിക്കുന്ന ആസ്ഥാന വിദ്വാന്മാരെ അവിശ്വസിക്കുക തന്നെ വേണം.
തിരുത്തലില്‍, എന്നാല്‍ റെക്കോഡ് ഉയരത്തില്‍ നിന്ന് 20 ശതമാനത്തിലധികം താഴ്ചയില്‍. അതായത് നിഫ്റ്റി ആറും സെന്‍സെക്സ് ഏഴും ശതമാനം കൂടി താഴണം. അങ്ങനെ വരുമോ എന്നു ചോദിച്ചാല്‍ വരാതിരിക്കാന്‍ എന്താണ് കാരണമെന്ന് ചോദിക്കേണ്ടിവരും. നിലവില്‍ ഒരു കാരണം പറയാനില്ല. വിപണിക്ക് തിരിച്ചുകയറാന്‍ കാരണം പുതുതായി ഉണ്ടാകണം. നിലവിലെ സാഹചര്യമെല്ലാം താഴ്ചയിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുന്നവയാണ്.
ആഗോള ഡിമാന്‍ഡ് ഉയര്‍ന്ന്, കയറ്റുമതി കൂടുകയും ആഭ്യന്തര മൂലധന നിക്ഷേപം വര്‍ധിച്ച് ആഭ്യന്തര ഡിമാന്‍ഡും ഉപഭോഗവും വര്‍ധിക്കുകയും വിദേശ നിക്ഷേപകര്‍ ഇവിടം നിക്ഷേപയോഗ്യമായി വീണ്ടും കാണുകയും ചെയ്യുമ്പോഴേ വിപണി ഉയരൂ. അതിന് ഒന്നോ രണ്ടോ ത്രൈമാസങ്ങള്‍ പോരാ.
ചില കാലങ്ങള്‍ അങ്ങനെയാണ്. നീണ്ട ബുള്‍ തരംഗങ്ങള്‍ക്കിടയില്‍ അത്ര ഹ്രസ്വമല്ലാത്ത തിരുത്തലുകള്‍ ഉണ്ടാകും. 2008ലെയും 2020ലെയും വിപണി തകര്‍ച്ചകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. പക്ഷേ വിപണിയിലെ പുതുമുഖങ്ങള്‍ വലിയ വില കൊടുത്തു പാഠം പഠിക്കേണ്ടി വരും.
ആ പാഠം വേറൊന്നുമല്ല. വിപണിയില്‍ ഉയര്‍ന്നതു താഴും, താഴ്ന്നതു വീണ്ടും ഉയരും.
ഇന്‍ഷുറന്‍സ് അടക്കം പല ബിസിനസുകള്‍ ഉള്ള വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷയര്‍ ഹാഥവേ കമ്പനി. ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ അഞ്ചാം സ്ഥാനം. കമ്പനിയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അത് നടത്തുന്ന ഓഹരി നിക്ഷേപങ്ങളാണ്. ദീര്‍ഘകാല വളര്‍ച്ച സാധ്യമാക്കുന്ന ഏറ്റവും മികച്ച കമ്പനികളിലാണ് ബഫറ്റ് നിക്ഷേപം നടത്താറുള്ളത്. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ അധികം ബാധിക്കാത്ത കമ്പനികളാകും അവ. ആ നിക്ഷേപങ്ങള്‍ വിപണിയേക്കാള്‍ മികച്ച ആദായം ദശകങ്ങളായി നല്‍കി വരുന്നു.
ബെര്‍ക്ക്ഷയര്‍ ഹാഥവേയുടെ വിശേഷങ്ങളല്ല നമ്മുടെ വിഷയം. അവരുടെ സമീപകാല നിക്ഷേപ തന്ത്രമാണ് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം 20 ശതമാനത്തിലധികം വീതം കുതിച്ച എസ്ആന്‍ഡ്പി 500 സൂചിക 2025ല്‍ ഇതുവരെ രണ്ടര ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും നല്ല സമയമെന്ന് ആരും പറയും. പക്ഷേ ബഫറ്റിന്റെ കമ്പനി രണ്ട് വര്‍ഷമായി ഓഹരികള്‍ വില്‍ക്കുകയാണ്. ആപ്പിള്‍ കമ്പനിയിലെ ഓഹരികള്‍ പോലും വിറ്റു. എന്നിട്ട് പണം പണമായി സൂക്ഷിക്കുന്നു. ഓഹരികള്‍ വാങ്ങുന്നില്ല. കമ്പനിയുടെ നിക്ഷേപ യോഗ്യമായ പണത്തില്‍ 25 ശതമാനത്തിലധികം ഇങ്ങനെ പണമായി സൂക്ഷിക്കുന്നു. അത് ഏകദേശം 32,500 കോടി ഡോളര്‍ വരും.
എന്തുകൊണ്ട് ഇത്ര ഭീമമായ സംഖ്യ നിക്ഷേപിക്കാതെ പണമായി കരുതുന്നു? ബഫറ്റ് പറയുന്നത് നിക്ഷേപ യോഗ്യമായ ഒന്നും കാണുന്നില്ല എന്നാണ്. രണ്ട് വര്‍ഷം കൊണ്ട് 67 ശതമാനം ഉയര്‍ന്ന എസ്ആന്‍ഡ്പി ഇപ്പോള്‍ നില്‍ക്കുന്നത് ഒരുവര്‍ഷം കഴിഞ്ഞു പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ (ഇപിഎസ് - Earnings Per Share) 21 മടങ്ങിലാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 18% ആയി രുന്ന സ്ഥാനത്താണിത്. ഇത്രയും ഉയര്‍ന്ന മൂല്യംനിലനിര്‍ത്താന്‍ പറ്റുന്നതല്ല എന്ന് ബഫറ്റ് ഭയപ്പെടുന്നു അതുകൊണ്ടു നിക്ഷേപിക്കുന്നില്ല. എല്ലാ നിക്ഷേപകരും ഓര്‍ത്തിരിക്കേണ്ട കാര്യമാണിത് - അസാധാരണമായി ഉയര്‍ന്ന പിഇ അനുപാതവും വില - പുസ്തക മൂല്യ (Price to Book Value) അനുപാതവും നിലനിര്‍ത്താവുന്നതല്ല. ആ വിപണികള്‍ അനിവാര്യമായും തിരുത്തലിലേക്കു വീഴും. തിരുത്തല്‍ കഴിയും വരെ കാത്തുനില്‍ക്കുന്നതാണ് നിക്ഷേപകര്‍ക്ക് നല്ലത്.
(Originally published in Dhanam Magazine 1 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine