ഒരു ചെറിയ കണ്‍ഫ്യൂഷന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു കമ്പനിയുടെ ഓഹരി 15 ശതമാനത്തോളം ഉയര്‍ത്തിയതിന്റെ ഞെട്ടലിലാണ് നിക്ഷേപകര്‍. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് വാഹന ഘടക നിര്‍മാതാവായ എല്‍.ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ 15 ശതമാനം ഉയര്‍ന്നത്.
ഐ.പി.ഒ കഴിഞ്ഞ് എല്‍.ജി ഇലക്ട്രോണിക്‌സ് വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസമായിരുന്നു ഇന്നലെ. എല്‍.ജി ഇലക്ട്രോണിക്‌സുമായുള്ള പേരിലെ സാമ്യമാണ് എല്‍.ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ഓഹരിക്കുതിപ്പിന് കാരണം. കൊറിയന്‍ എല്‍.ജിയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടിയപ്പോള്‍ പേര് പണികൊടുത്തതാണ്. അമളി പറ്റിയെന്നു മനസിലായതോടെ മണിക്കൂറുകള്‍ക്കകം ഓഹരി വില ഇടിഞ്ഞു തുടങ്ങി. ഇന്നും ഇടിവില്‍ തന്നെ.
തിങ്കളാഴ്ച്ച ഓഹരിയൊന്നിന് 1,367 രൂപയിലാണ് എല്‍.ജി ബാലകൃഷ്ണന്‍ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ ഇത് ഓഹരിയൊന്നിന് 1,640 രൂപ വരെ ഉയര്‍ന്നു. പിന്നീട് ഇടിയുകയും ചെയ്തു. ഇന്ന് രാവിലെ 11.45ലെ കണക്ക് അനുസരിച്ച് ഓഹരിയൊന്നിന് 1,357 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, എല്‍.ജി ഇലക്ട്രോണിക്‌സ് ഓഹരികള്‍ ഇന്നും നേട്ടത്തിലാണ്.
1937ല്‍ കോയമ്പത്തൂരില്‍ തുടങ്ങിയ, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എല്‍.ജി ബാലകൃഷ്ണന്‍. വാഹനങ്ങളുടെ ടൈമിംഗ് ചെയിന്‍, സ്‌പ്രോക്കറ്റ് തുടങ്ങിയവ നിര്‍മിക്കുന്ന ലോകത്തിലെ തന്നെ ലീഡിംഗ് കമ്പനികളിലൊന്ന് കൂടിയാണിത്. റോളോണ്‍ (Rolon) എന്ന പേരിലാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലിസ്റ്റഡ് കമ്പനിയാണ്. 4,300 കോടി രൂപയാണ് വിപണിമൂല്യം. കഴിഞ്ഞ ദിവസം 15 ശതമാനം വരെ വര്‍ധിച്ച എല്‍.ജി ബാലകൃഷ്ണന്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തിയിരുന്നു. അതേസമയം, ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാവായ എല്‍.ജി ഇലക്ട്രോണിക്‌സും എല്‍.ജി ബാലകൃഷ്ണനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് സത്യം.
ഇത് നിക്ഷേപകര്‍ക്കൊരു പാഠമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയൊരു അക്ഷരതെറ്റ് പോലും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് വഴിവെച്ചേക്കാമെന്ന മുന്നറിയിപ്പും. നിക്ഷേപത്തിന് മുമ്പ് കമ്പനിയുടെ പേരും വിവരങ്ങളും ഡബിള്‍ ചെക്ക് ചെയ്യാനും മറക്കരുതെന്നും ഇവര്‍ ഉപദേശിക്കുന്നു. സ്വന്തം പണം വെച്ച് കരുതലോടെ ചെയ്യേണ്ട നിക്ഷേപത്തിന്റെ കാര്യത്തില്‍ എത്രപേര്‍ ശരിക്കും ഗൃഹപാഠം ചെയ്യുന്നുവെന്ന കാര്യം കൂടി ഓര്‍മപ്പെടുത്തുകയാണ് എല്‍.ജി നിക്ഷേപമെന്നും വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine