Markets

പുതിയ ബിസിനസ് പ്രീമിയത്തില്‍ വിപണി വിഹിതം 2 ശതമാനം ഉയര്‍ത്തി എല്‍ഐസി

അതേ സമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്‍ഐസിയുടെ വളര്‍ച്ച കുറയുകയാണ്‌

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (FY23) ഒന്നാം പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) പുതിയ വിപണി വിഹിതം ഉയര്‍ത്തി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC). പുതിയ ബിസിനസ് പ്രീമിയം (NBP) വിഭാഗത്തിലാണ് എല്‍ഐസിയുടെ വിപണി വിഹിതം രണ്ട് ശതമാനം ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളിവില്‍ 35.39 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDIA) കണക്കുകള്‍ പ്രകാരം ഒന്നാം പാദത്തില്‍ എന്‍ബിപി വിഭാഗത്തില്‍ 65.42 ശതമാനം ആയിരുന്നു എല്‍ഐസിയുടെ വിപണി വിഹിതം. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇത് 63.25 ശതമാനം ആയിരുന്നു. അതേ സമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്‍ഐസിയുടെ എന്‍ബിപി വിഹിതം ഇടിയുകയാണ്.

2019-20ല്‍ 69 ശതമാനവും 2020-21ല്‍ 66 ശതമാനവും വിപണി വിഹിതമാണ് എല്‍ഐസിക്ക് ഉണ്ടായിരുന്നത്. ഒരു പ്രത്യേക കാലയളവില്‍ നേടിയ പുതിയ പോളിസികളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയം ആണ് എന്‍ബിപി. അതേ സമയം രാജ്യത്തെ ആകെ എന്‍ബിപി ഇക്കാലയളവില്‍ 4.14 ശതമാനം വളര്‍ച്ചയോടെ 31254 കോടിയിലെത്തി. ഈ വിഭാഗത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് 60 ശതമാനവും എച്ച്ഡിഎഫ്‌സി ലൈഫ് 11 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

വാര്‍ഷിക പ്രീമിയത്തിന്റെ (Annualised Premium Equivalent -APE) അടിസ്ഥാനത്തിലും എല്‍ഐസിയുടെ വിപണ വിഹിതം ഇടിയുകയാണ്. 2019-20ല്‍ ഉണ്ടായിരുന്ന 59 ശതമാനം വിപണി വിഹിതം 2021-22ല്‍ 46 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT