ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിൽ എൽ.ഐ.സി ഓഹരി പങ്കാളിത്തം 4.11ൽ നിന്ന് 9.99 ശതമാനം വരെ ഉയർത്താൻ ആർ.ബി.ഐ അനുമതി നൽകി. ചെയർമാൻ അതനു ചക്രവർത്തിയുടെ രാജിയും ആഗോള സംഘർഷങ്ങളും കാരണം ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർബന്ധിത വാങ്ങലല്ല, ഘട്ടംഘട്ട നിക്ഷേപത്തിനുള്ള പരമാവധി പരിധിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിൽ (BSE: 500180, NSE: HDFCBANK) ഓഹരി പങ്കാളിത്തം 9.99 ശതമാനം വരെയായി ഉയർത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (BSE: 543526, NSE: LICI) റിസർവ് ബാങ്ക് (RBI) അനുമതി നൽകി. നിലവിൽ 4.11 ശതമാനം ഓഹരി പങ്കാളിത്തമാണ് എൽ.ഐ.സിക്കുള്ളത്.
2026-ൽ ഇതുവരെയുള്ള കാലയളവിൽ 27 ശതമാനം തിരിച്ചടി നേരിട്ട് സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നതിനിടെയാണ് എൽ.ഐ.സിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 19) എച്ച്.ഡി.എഫ്.സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് എൽ.ഐ.സിയുടെ നീക്കം പുറത്തറിയുന്നത്.
എൽ.ഐ.സി സമർപ്പിച്ച അപേക്ഷയ്ക്കാണ് റിസർവ് ബാങ്കിന്റെ അംഗീകാരം ഇപ്പോൾ ലഭിച്ചത്. ഇത് നിർബന്ധിത വാങ്ങലല്ല, മറിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഘട്ടംഘട്ടമായി ബാങ്കിന്റെ ഓഹരികൾ വാങ്ങാനുള്ള പരമാവധി പരിധിയാണ്.
മാർച്ച് മാസത്തിൽ ചെയർമാനായിരുന്ന അതനു ചക്രവർത്തി അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്നുണ്ടായ കോർപ്പറേറ്റ് ഗവേണൻസ് ആശങ്കകളാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയിൽ വലിയ തിരുത്തലിന് വഴിവച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനിക്ക് നഷ്ടമായത്.
ആഗോള ഘടകങ്ങൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും ഓഹരിയെ പ്രതികൂലമായി ബാധിച്ചു. സമീപ ആഴ്ചകളിൽ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 715–717 രൂപയിലേക്ക് എത്തിയിരുന്നു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI) തുടർച്ചയായ അഞ്ച് സാമ്പത്തിക പാദങ്ങളിലായി ബാങ്കിലെ ഓഹരി പങ്കാളിത്തം കുറച്ചു. മുൻവർഷത്തെ 48 ശതമാനത്തിൽ നിന്ന് 2026 ജൂൺ പാദത്തോടെ ഇത് 41.8 ശതമാനമായി താഴ്ന്നു.
വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുമ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (DII) അവസരം പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് വിപണിയിൽ പ്രകടമാകുന്നത്. ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ (Q1 FY27) ആഭ്യന്തര നിക്ഷേപകരുടെ വിഹിതം 41.9 ശതമാനമായി ഉയർന്നിട്ടുണ്ട്. അടിസ്ഥാനപരമായി ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഒരു ബാങ്കിന്റെ ഓഹരിവിലയിലുണ്ടായ താൽക്കാലിക ഇടിവിനെ ഒരു നിക്ഷേപ അവസരമായാണ് എൽ.ഐ.സിയും ദീർഘകാല ആഭ്യന്തര നിക്ഷേപകരും വീക്ഷിക്കുന്നത്.
സ്ട്രാറ്റജിക് പങ്കാളിത്തമല്ല: ഇത് എൽ.ഐ.സിയുടെ ഒരു സാധാരണ നിക്ഷേപ തീരുമാനം മാത്രമാണ്. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന തന്ത്രപരമായ പങ്കാളിത്തമല്ല ഇത്.
സെബി (SEBI) ചട്ടങ്ങൾ: 10 ശതമാനമെന്ന പരിധി നിശ്ചയിച്ചതിലൂടെ പ്രൊമോട്ടർ പദവിയോ ഓപ്പൺ ഓഫർ നിബന്ധനകളോ നേരിടാതെ തന്നെ കാര്യമായ വോട്ടിംഗ് അവകാശം നേടാൻ എൽ.ഐ.സിക്ക് സാധിക്കും.
വിപണി സ്വാധീനം: എൽ.ഐ.സി ഓഹരികൾ വാങ്ങുന്നത് വിപണിക്ക് താങ്ങാകുമെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കിലെ സ്വതന്ത്ര ഗവേണൻസ് റിവ്യൂ പൂർത്തിയാകാത്ത സാഹചര്യത്തിൽ ബാങ്കിന്റെ ഓഹരി വിലയിൽ പെട്ടെന്നൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് അനലിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ. സമീപ ഭാവിയിലേക്ക് 940 മുതൽ 1,100 രൂപ വരെയുള്ള ലക്ഷ്യവിലയാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയിൽ നൽകിയിരിക്കുന്നത്.
ചുരുക്കത്തിൽ മൂല്യമതിപ്പിൽ നീതികരിക്കാനാകുന്ന താഴ്ന്ന നിലവാരത്തിൽ (Cheap Valuation) മികച്ച ഓഹരികൾ ലഭ്യമാകുമ്പോൾ, ദീർഘകാല നിക്ഷേപ ലക്ഷ്യമുള്ള വൻകിട സ്ഥാപനങ്ങൾ നടത്തുന്ന തന്ത്രപരമായ നീക്കമായി ഇതിനെ വിലയിരുത്താം. വ്യാഴാഴ്ച രാവിലെ 725 രൂപ നിലവാരത്തിലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine