Markets

എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് 1000 രൂപയില്‍ താഴെ: പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ്, ഏറ്റവും പുതിയ വിവരങ്ങള്‍

മെയ് ഒമ്പതിന് ഐപിഒ അവസാനിച്ചേക്കും

Dhanam News Desk

എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരിക്കുമെന്ന് റിപ്പോർട്ട്. ബ്ലൂംബെര്‍ഗ് ആണ് ഏറ്റവും പുതിയ വിവരങ്ങൾ  പുറത്തുവിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഐപിഒ തുറക്കുമെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍(LIC) ഐപിഒ യിലൂടെ 3.5% ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ച 5 ശതമാനത്തേക്കാള്‍ കുറവാണ്.

പ്രാരംഭ പബ്ലിക് ഓഫറിന്റെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും. ഐപിഒ അടുത്ത ആഴ്ച തുറക്കും. വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിട്ടേക്കും.

ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഐപിഒ ഇഷ്യൂ വിലയില്‍ ഒരു ഷെയറൊന്നിന് 60 രൂപ കിഴിവ് ലഭിക്കും, റീറ്റെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവ് ലഭിക്കും.

ഐപിഒയുടെ 10% പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം.

3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 3.5 ശതമാനത്തിനൊപ്പം 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും എല്‍ഐസി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും.

6 ട്രില്യണ്‍ രൂപയായാണ് എല്‍ഐസിയുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. എല്‍ഐസിയുടെ എംബഡെഡ് വാല്യൂവായ (embedded value) 5.4 ട്രില്യണിന്റെ 1.1 ഇരട്ടി കണക്കാക്കിയാണ് വിപണി മൂല്യം നിശ്ചയിച്ചത്. ഇതുവരെ ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ ചരിത്രം പരിശോധിച്ചാല്‍ എംബഡെഡ് വാല്യൂവിന്റെ 2-3 ഇരട്ടിയാണ് സാധാരണ നിലയില്‍ മൂല്യം നിശ്ചയിക്കേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT