പ്രതീകാത്മക ചിത്രം Image Source: Canva
Markets

വിദേശ നിക്ഷേപകർ വിറ്റപ്പോൾ ധൈര്യത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടി; എൽഐസിയുടെ കോൺട്രേറിയൻ നീക്കം ഫലിച്ചോ? നിക്ഷേപകർക്കുള്ള സൂചന എന്ത്?

വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദത്തിനിടെ എൽ.ഐ.സി തിരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപം വർധിപ്പിക്കുകയും ചില ബാങ്ക്, കൺസ്യൂമർ ഓഹരികളിലെ പങ്കാളിത്തം കുറയ്ക്കുകയും ചെയ്തു; ഈ നീക്കത്തിൽ നിന്ന് റീറ്റെയ്ൽ നിക്ഷേപകർ എന്താണ് മനസ്സിലാക്കേണ്ടത്?

Dhanam News Desk

വിപണി താഴേക്ക് പോകുമ്പോൾ ഓഹരികൾ വാങ്ങി ലാഭം കൊയ്യുകയെന്ന 'കോൺട്രേറിയൻ' തന്ത്രവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി). സെപ്റ്റംബർ പാദത്തിനിടെ വിദേശ നിക്ഷേപകരുടെ (FPIs) വിൽപ്പന സമ്മർദത്തെ തുടർന്ന് കടുത്ത തിരുത്തൽ നേരിട്ട വൻകിട ഓഹരികളിൽ എൽ.ഐ.സി വൻതോതിൽ നിക്ഷേപം വർധിപ്പിച്ചപ്പോൾ, ചില ബാങ്ക് ഓഹിരകളിലും കൺസ്യൂമർ ഗുഡ്സ് ഓഹരികളിലും വിഹിതം കുറച്ചു. വിപണിയിലെ തളർച്ചയെ വൻകിട നിക്ഷേപ സ്ഥാപനങ്ങൾ എങ്ങനെ അനുകൂല അവസരമാക്കി മാറ്റുന്നു എന്നതിന്റെ സൂചനയായും ഇതിനെ വായിച്ചെടുക്കാം.

ഓഹരി വില ഇടിയുമ്പോഴും വാങ്ങിക്കൂട്ടി

സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് എൽ.ഐ.സിയുടെ കൈവശമുള്ള മൊത്തം ഓഹരി നിക്ഷേപമൂല്യം 15.49 ലക്ഷം കോടി രൂപയാണ്. ജൂൺ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് 4.97 ശതമാനം കുറവ്. മൊത്തം നിക്ഷേപമൂല്യം കുറഞ്ഞത് വിപണിയിൽ നേരിട്ട വിലയിടിവിന്റെ പ്രതിഫലനമാണ്. മറിച്ച്, എൽഐസി ഓഹരികൾ വിറ്റൊഴിഞ്ഞുവെന്നല്ല.

എൽ ആൻഡ് ടി-യിൽ 4,153 കോടി രൂപ, റിലയൻസ് ഇൻഡസ്ട്രീസിൽ 3,967 കോടി രൂപ, ഭാരതി എയർടെലിൽ 3,878 കോടി രൂപ എന്നിങ്ങനെയായിരുന്നു എൽ.ഐ.സിയുടെ പ്രധാന നിക്ഷേപങ്ങൾ. ഈ ഓഹരികളെല്ലാം സെപ്റ്റംബർ പാദത്തിൽ വിലയിടിവ് നേരിട്ടവയാണ്. മാരുതി സുസുക്കി, എൻടിപിസി, പവർഗ്രിഡ് കോർപറേഷൻ, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയിലും എൽ.ഐ.സി നിക്ഷേപം വർധിപ്പിച്ചു. ഏറ്റവുമധികം നിക്ഷേപിച്ച ആദ്യ പത്ത് ഓഹരികളിലായി 29,910 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്.

മറുവശത്ത്, ഐസിഐസിഐ ബാങ്കിൽ 4,453 കോടി രൂപയുടെയും എസ്ബിഐയിൽ 3,209 കോടി രൂപയുടെയും ഓഹരികൾ എൽ.ഐ.സി വിറ്റു. നെസ്‌‍ലെ ഇന്ത്യ, ഡിവീസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര തുടങ്ങിയവയിലും ഓഹരി പങ്കാളിത്തം കുറച്ചു. അതായത്, വിപണിയിലെ എല്ലാ ഇടിവുകളിലും ഒരുപോലെ വാങ്ങുകയല്ല, തിരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപം പുനഃക്രമീകരിക്കുകയാണ് എൽ.ഐ.സി ചെയ്തതന്ന് സാരം.

മ്യൂച്വൽ ഫണ്ടുകളേക്കാൾ വലിയ നിക്ഷേപശക്തി

രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനത്തിന്റെ പക്കലുള്ള ഓഹരികളുടെ നിക്ഷേപമൂല്യത്തിന്റെ ഏകദേശം ഇരട്ടിയാണ് എൽ.ഐ.സിയുടെ കൈവശമുള്ള നിക്ഷേപമൂല്യം. എങ്കിലും, പോർട്ട്ഫോളിയോ ടേൺഓവർ (Portfolio Turnover), സെക്ടർ അടിസ്ഥാനത്തിലുള്ള നിക്ഷേപ മുൻഗണനകൾ, ഓഹരി തിരഞ്ഞെടുപ്പിലെ മാനദണ്ഡങ്ങൾ എന്നിവയെ മ്യൂച്വൽ ഫണ്ടുകളുമായി നേരിട്ട് താരതമ്യം ചെയ്യാനുള്ള പൂർണ വിവരങ്ങൾ ലഭ്യമല്ല.

അതിനാൽ, എൽ.ഐ.സി മ്യൂച്വൽ ഫണ്ടുകളേക്കാൾ സജീവമായ നിക്ഷേപ ശൈലിയാണ് പിന്തുടരുന്നതെന്നോ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് പയറ്റുന്നതെന്നോ ഈ കണക്കുകൾ മാത്രം മുൻനിർത്തി ഉറപ്പിച്ചു പറയാനാവില്ല. എന്നിരുന്നാലും ഇന്ത്യൻ വിപണിയിലെ എൽ.ഐ.സിയുടെ നീക്കങ്ങൾ നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.

റീറ്റെയ്ൽ നിക്ഷേപകർ എന്തുകൊണ്ട് ജാഗ്രത പാലിക്കണം?

എൽ.ഐ.സിയുടെ നിക്ഷേപ ശൈലിയും നീക്കങ്ങളും ഒക്കെ നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അവർ വാ​ങ്ങുന്ന ഓഹരികൾ അതേപടി അനുകരിക്കാൻ റീറ്റെയ്ൽ നിക്ഷേപകർ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. വൻകിട സ്ഥാപന നിക്ഷേപകർക്ക് (Institutional Investors) വലിയ തോതിലുള്ള റിസ്ക് എടുക്കാനുള്ള ശേഷിയും വ്യത്യസ്തമായ ദീർഘകാല ലക്ഷ്യങ്ങളുമുണ്ടാകും. വിപണിയിൽ വില ഇടിഞ്ഞു എന്നതുകൊണ്ട് മാത്രം ഒരു ഓഹരി മികച്ചതാകണമെന്നില്ല. കമ്പനിയുടെ സാമ്പത്തിക അടിത്തറ, വരുമാന വളർച്ച, കടബാധ്യത, ഓഹരിയുടെ മൂല്യമതിപ്പ് (Valuation) എന്നിവ ആഴത്തിൽ പരിശോധിച്ചശേഷമേ നിക്ഷേപ സംബന്ധമായ തീരുമാനം സ്വീകരിക്കാവൂ.

ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 273 ലിസ്റ്റഡ് കമ്പനികളിലെ എൽ.ഐ.സിയുടെ ഓഹരി പങ്കാളിത്തം 3.50 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി കുറഞ്ഞതും ഇവിടെ ശ്രദ്ധേയം. അതായത് വലിയൊരു ഇക്വിറ്റി പോർട്ട്ഫോളിയോ ഉണ്ടായിട്ടും എല്ലാ കമ്പനികളിലുമുള്ള പങ്കാളിത്തം കൂട്ടുകയല്ല എൽ.ഐ.സി ചെയ്യുന്നത്. റീറ്റെയ്ൽ നിക്ഷേപകർക്കുള്ള പ്രധാന പാഠം ഇതാണ്: എൽ.ഐ.സി ഏതൊക്കെ ഓഹരികൾ വാങ്ങുന്നു എന്നതിനപ്പുറം, എന്തുകൊണ്ട് വാങ്ങുന്നു, എത്രകാലത്തേക്ക് കൈവശം വയ്ക്കുന്നു എന്ന കാര്യങ്ങൾ കൂടി തിരിച്ചറിയാൻ സാധിക്കണം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

LIC increased its holdings in select large-cap stocks during the September quarter while trimming stakes in some banks and consumer companies, offering a look at its portfolio rebalancing strategy.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT