ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏവരും ഉറ്റുനോക്കിയിരുന്ന ഐപിഒയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് (Insurance) കമ്പനിയായ എല്‍ഐസിയുടേത്. മെയ് നാലിന് തുറന്ന് മെയ് ഒന്‍പതിന് അവസാനിച്ച എല്‍ഐസിയുടെ ഐപിഒ 2.95 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പോളിസി ഉടമകളുടെയും ജീവനക്കാരുടെയും വിഭാഗത്തില്‍ മികച്ച പ്രതികരണം നേടിയ എല്‍ഐസി നാളെയാണ് ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലിസ്റ്റിംഗിന് ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനി ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി മാറും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries), ടിസിഎസ് (TCS), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), ഇന്‍ഫോസിസ് (Infosys) എന്നിവയ്ക്ക് മാത്രമേ എല്‍ഐസിയേക്കാള്‍ കൂടുതല്‍ മൂലധനമുണ്ടാകൂ.
അതേസമയം, ഗ്രേ മാര്‍ക്കറ്റില്‍ എല്‍ഐസി 25 ശതമാനം ഇടിവോടെ ട്രേഡ് ചെയ്യുന്നതിനാല്‍ ലിസ്റ്റിംഗിനെയും ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും, വിപണിയിലെ അനിശ്ചിതത്വമാണ് ഗ്രേ മാര്‍ക്കറ്റിലെ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മെയ് 3 ന് 85 രൂപയായിരുന്ന എല്‍ഐസിയുടെ ഗ്രേയ് മാര്‍ക്കറ്റ് പ്രീമിയം മെയ് 13ന് -10 രൂപയായാണ് കുറഞ്ഞത്. ഇത് 10 ട്രേഡിംഗ് സെഷനുകളില്‍ 111.76 ശതമാനം തകര്‍ച്ചയെ സൂചിപ്പിക്കുന്നു. എല്‍ഐസി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,620 കോടി രൂപയാണ് ഐപിഒയ്ക്ക് മുന്നോടിയായി സമാഹരിച്ചത്.
എല്‍ഐസി ഐപിഒ (LIC IPO) നിക്ഷേപകര്‍ക്ക് ഗുണകരമാകുമോ എന്ന കാര്യത്തില്‍ പ്രധാനമായും മൂന്ന് സാധ്യതകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
1) ഏതൊരു ഇന്‍ഷുറന്‍സ് കമ്പനിയും ഓഹരി വിപണിയിലേക്ക് വരുമ്പോള്‍ അതിന്റെ എംബഡഡ് വാല്യു നിര്‍ണയിക്കാറുണ്ട്. ആ കമ്പനിയുടെ ഭാവിയിലുണ്ടാകുന്ന ലാഭത്തിന്റെ നിലവിലെ വാല്യു എത്രയെന്നതാണ് എംബഡഡ് വാല്യു നിര്‍ണയത്തിലൂടെ ഉദ്ദേശിക്കുന്നത്. എല്‍ഐസിയെ സംബന്ധിച്ചിടത്തോളം 5.4 ലക്ഷം കോടി രൂപയാണിത്. അതിന്റെ 1.1 മടങ്ങ് മാത്രമാണ് ഇപ്പോള്‍ എല്‍ഐസിയുടെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഇതിന് മുമ്പ് നിരവധി ഇന്‍ഷുറന്‍സ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ഇവയെല്ലാം ഓഹരി വിപണിയില്‍ അതിന്റെ എംബഡഡ് വാല്യുവിന്റെ 3.41 മടങ്ങ് അധികം മൂല്യത്തിലാണ് ലിസ്റ്റ് ചെയ്തത്. അതിനാല്‍ തന്നെ നിലവിലെ പ്രൈസ് ബാന്‍ഡായ 902-949 രൂപ എന്നതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2) പ്രൈസ് ബാന്‍ഡായ 902-949 രൂപയുടെ പി/ഇ അനുപാതം (ഒരു ഓഹരിയില്‍നിന്നുള്ള വരുമാന അനുപാതം) 191-201 ആണ്. ഇത് ഇന്‍ഡസ്ട്രി പി/ഇ അനുപാതമായ 79.77 നേക്കാള്‍ കൂടുതലാണ്. അതിനാല്‍ തന്നെ പി/ഇ അനുപാതം അനുസരിച്ചാണ് എല്‍ഐസിയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതെങ്കില്‍ 400 രൂപയ്ക്കടുത്തായിരിക്കും ഓഹരി വിലയുണ്ടാവുക. എന്നാല്‍, കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ പി/ഇ അനുപാതം ലിസ്റ്റിംഗ് വിലയെ സ്വാധീനിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
3) ഏറെ പ്രതീക്ഷകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നത്. നേരത്തെ, 54000-90000 കോടി രൂപയുടെ ഐപിഒ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ ആഗോളപ്രതിസന്ധികള്‍ കാരണം വിപണി അനിശ്ചിതത്വത്തിലായതോടെ ഐപിഒ തുക കുറയ്ക്കുകയായിരുന്നു. കൂടുതല്‍ കമ്പനികളെ വിപണിയില്‍ എത്തിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതിനാല്‍ തന്നെ എല്‍ഐസി ഐപിഒ വിജയകരമാക്കുക എന്നത് കേന്ദ്രത്തിന്റെ അഭിമാനപ്രശ്നങ്ങളാണ്. പ്രത്യേകിച്ച്, എല്‍ഐസി ഐപിഒയ്ക്കെതിരേ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തില്‍. അതിനാല്‍ എല്‍ഐസി ഐപിഒ ഏതുവിധേനയും വിജയകരമാക്കാനായിരിക്കും കേന്ദ്രം ശ്രമിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine