പ്രതീകാത്മക ചിത്രം AI Generated Image
Markets

വിദേശ നിക്ഷേപകരെ തിരിച്ചെത്തിക്കാൻ എൽ.ടി.സി.ജി ഇളവ് മതിയാകുമോ? റീറ്റെയ്ൽ നിക്ഷേപകരേയും വിപണിയുടെ താൽപര്യവും കേന്ദ്രം എങ്ങനെ ബാലൻസ് ചെയ്യും?

വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദം കുറയ്ക്കാൻ LTCG ഇളവ് നൽകണമെന്ന ആവശ്യം ഉയരുമ്പോൾ, ആഭ്യന്തര നിക്ഷേപകരുടെ തുല്യനീതിയും നികുതി വരുമാനവും സംരക്ഷിക്കേണ്ട വെല്ലുവിളിയാണ് കേന്ദ്രത്തിന് മുന്നിലുള്ളത്

Dhanam News Desk

വിദേശ നിക്ഷേപകരെ തിരിച്ചെത്തിക്കാൻ എൽ.ടി.സി.ജി നികുതി ഇളവ് പരിഗണനയിൽ. എന്നാൽ നികുതി ഇളവ് മാത്രം സ്ഥിരമായ വിദേശ നിക്ഷേപം ഉറപ്പാക്കില്ലെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര നിക്ഷേപകരോടുള്ള തുല്യനീതിയും വിപണിയുടെ ആഗോള മത്സരക്ഷമതയും സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളി കേന്ദ്രത്തിന് മുന്നിൽ.

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ ഉയർത്തുന്ന തുടർച്ചയായ വിൽപന സമ്മർദത്തിന് തടയിടാൻ ദീർഘകാല മൂലധന നേട്ട നികുതിയിൽ (LTCG) ഇളവ് നൽകണമെന്ന ആവശ്യം ശക്തമാകുമ്പോൾ കേന്ദ്ര സർക്കാരിന് മുന്നിലുള്ളത് കടുത്ത നയപരീക്ഷണം. ഇന്ത്യൻ ഓഹരി വിപണിയുടെ ആഗോള മത്സരക്ഷമത ഉയർത്തണോ, അതോ വലിയ നികുതി വരുമാനവും ആഭ്യന്തര നിക്ഷേപകരോടുള്ള തുല്യനീതിയും സംരക്ഷിക്കണോ എന്നതാണ് സർക്കാരിനെ അലട്ടുന്ന പ്രധാന ചോദ്യം.

എൽ.ടി.സി.ജി പൂർണമായി ഒഴിവാക്കുക, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് (FPI) മാത്രമായി ഇളവ് നൽകുക, നികുതി നിരക്ക് കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിലും (STT) മാറ്റം വരുത്താം. എന്നാൽ നികുതി ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അതിന്റെ യഥാർഥ വിപണി നേട്ടവും വരുമാന നഷ്ടവും ഒരുപോലെ കണക്കാക്കേണ്ടിവരും.

നികുതി തന്നെയാണോ വിദേശ നിക്ഷേപകരുടെ പിൻവാങ്ങലിന് കാരണം?

എൽടിസിജി നികുതി 2018-ൽ പുനഃസ്ഥാപിച്ചതിനുശേഷം ഇന്ത്യൻ ഓഹരികളിൽനിന്ന് വിദേശ നിക്ഷേപകർ ആകെ 1.43 ലക്ഷം കോടി രൂപ പിൻവലിച്ചതായി മണികൺട്രോൾ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നികുതിയും വിദേശ നിക്ഷേപ ഒഴുക്കും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഇതുകൊണ്ടുമാത്രം തെളിയിക്കാനാവില്ല.

2024-ൽ പുതിയ എൽ.ടി.സി.ജി നികുതി നിരക്കുകൾ നിലവിൽ വന്നതിനു പിന്നാലെ, ആ ഒക്ടോബറിൽ വിദേശപകരുടെ ഭാ​ഗത്തുനിന്നും വൻതോതിൽ പിൻവലിക്കലുണ്ടായെങ്കിലും, കമ്പനികളുടെ വരുമാന വളർച്ചയിലെ മന്ദത, പ്രീമിയം വാല്യുവേഷൻ, ചൈനീസ് വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടങ്ങിയവയും കാരണങ്ങളായിരുന്നു. ദക്ഷിണ കൊറിയ, തായ്‌‍വാൻ, ബ്രസീൽ തുടങ്ങിയ വിപണികളിലെ വിദേശ നിക്ഷേപകർക്കുള്ള നികുതി ഇളവുകൾ ഇന്ത്യയുടെ മത്സരക്ഷമതയെ സ്വാധീനിക്കുന്നുണ്ടെങ്കിലും നികുതി ഇളവ് മാത്രം സ്ഥിരമായ വിദേശ നിക്ഷേപം ഉറപ്പാക്കുന്നില്ലെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

ആഭ്യന്തര നിക്ഷേപകർക്ക് തുല്യനീതി വേണ്ടേ?

വിദേശ നിക്ഷേപകരെ മാത്രം എൽ.ടി.സി.ജി നികുതിയിൽ നിന്നും ഒഴിവാക്കുന്നത്, വിപണിക്ക് കരുത്തുപകരുന്ന ആഭ്യന്തര നിക്ഷേപകരോടുള്ള തുല്യനീതിക്ക് നിരക്കാത്തതാകും. അതുകൊണ്ടാണ് ഒരു വർഷത്തിലേറെ കൈവശംവച്ച മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഒരു സ്കീമിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുമ്പോൾ മൂലധന നേട്ട നികുതി ഒഴിവാക്കണമെന്ന സെബിയുടെ നിർദേശവും പ്രസക്തമാകുന്നത്. ദീർഘകാല നിക്ഷേപകരെ വിപണിയിൽ നിലനിർത്താനും അനാവശ്യ നികുതി ബാധ്യതയില്ലാതെ പോർട്ട്ഫോളിയോ പുനഃക്രമീകരിക്കാനും ഇത് സഹായിക്കും.

ഓപ്ഷൻസ് എസ്.ടി.ടി: വരുമാനത്തിന് മറ്റൊരു വഴി?

എൽ.ടി.സി.ജി ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം, ഓപ്ഷൻസ് ഇടപാടുകളിലെ എസ്.ടി.ടി വർധിപ്പിച്ച് നികത്താമെന്ന നിർദേശത്തിനും പരിമിതികളുണ്ട്. 2026 ഏപ്രിൽ മുതൽ ഓപ്ഷൻസ് വിൽപനയിലെ എസ്.ടി.ടി 0.10 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായും ഫ്യൂച്ചേഴ്സിലേത് 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

എഫ് ആൻ‍ഡ് ഒ-യിൽ (F&O) നിന്നുള്ള എസ്.ടി.ടി വരുമാനം 2025-26ൽ 27,695 കോടി രൂപയായിരുന്നു. എന്നാൽ നിരക്ക് വീണ്ടും ഉയർത്തിയാൽ ട്രേഡർമാർ ഇടപാടുകൾ കുറയ്ക്കുകയോ വിദേശത്തേക്കോ, നിയന്ത്രണം കുറഞ്ഞ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൂടുമാറുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാൽ വരുമാന വർധന ഉറപ്പല്ലെന്ന് സാരം.

റൗണ്ട് ട്രിപ്പിങ്ങും വെല്ലുവിളി

വിദേശ നിക്ഷേപകർക്ക് മാത്രമായി നികുതി ഇളവ് നൽകുമ്പോൾ ആഭ്യന്തര വിപണിയിലെ പണം രാജ്യത്തിന് പുറത്തേക്ക് എത്തിച്ചതിനുശേഷം വിദേശ സ്ഥാപനങ്ങളിലൂടെ തിരിച്ചെത്തിച്ച് നികുതി ആനുകൂല്യം നേടാനുള്ള റൗണ്ട് ട്രിപ്പിങ് തടയുക എന്നതും നിർണായകമാണ്. ഗുണഭോക്തൃ ഉടമസ്ഥാവകാശ പരിശോധനയും നികുതി ദുരുപയോഗം തടയുന്ന വ്യവസ്ഥകളും കൂടുതൽ കർശനമാക്കേണ്ടിവരും.

എൽ.ടി.സി.ജിയിൽ നിന്ന് 1.29 ലക്ഷം കോടി രൂപയും എസ്.ടി.ടിയിൽനിന്ന് 57,522 കോടി രൂപയും ലഭിച്ച 2024-25ലെ നികുതി ഘടനയിൽ ഇളവുകൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്. അതുകൊണ്ട് വിദേശ നിക്ഷേപകരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നികുതി ഇളവിൽ ഒതുങ്ങിയാൽ ​ഗുണഫലം പരിമിതമായേക്കാം. രൂപയുടെ വിനിമയ മൂല്യത്തിലെ സ്ഥിരത, കമ്പനികളുടെ ലാഭവളർച്ച, ആകർഷകമായ വാല്യുവേഷൻ എന്നിവയിലും പുരോഗതിയുണ്ടാകണം. വിപണിയുടെ മത്സരക്ഷമതയും നികുതി ഈടാക്കുന്നതിൽ തുല്യനീതിയും ഒരുപോലെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസർക്കാർ നേരിടുന്ന യഥാർഥ പരീക്ഷണം.

India is weighing possible LTCG tax relief for foreign portfolio investors against the need to protect domestic investor parity and government tax revenues.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT