ഊർജ പ്രസരണ-വിതരണ മേഖലയിലെ കൊൽക്കത്ത ആസ്ഥാനമായ ലുമിനോ ഇൻഡസ്ട്രീസ് 700 കോടി രൂപയുടെ ഐ.പി.ഒ ഇന്ന് ആരംഭിച്ചു, ഓഗസ്റ്റ് 31 വരെ സബ്‌സ്‌ക്രിപ്ഷൻ. ഓഹരി വില ബാൻഡ് ₹78-82, ലോട്ട് 182 ഓഹരികൾ. 500 കോടി ഫ്രെഷ് ഇഷ്യൂ, 200 കോടി OFS; 337 കോടി കടം തീർപ്പാക്കാൻ. ശക്തമായ ഓർഡർ ബുക്ക്, ആങ്കർ നിക്ഷേപകരുടെ പിന്തുണ, കുറഞ്ഞ വാല്യുവേഷൻ എന്നിവ നിക്ഷേപക ശ്രദ്ധ ആകർഷിക്കുന്നു.
ഇന്ത്യയിലെ ഊർജ പ്രസരണ, വിതരണ (Transmission &Distribution) മേഖലയിൽ പ്രവർത്തിക്കുന്ന കൊൽക്കത്ത ആസ്ഥാനമായ ലുമിനോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Lumino Industries Ltd) 700 കോടി രൂപയുടെ പ്രാഥമിക പൊതുഓഹരി വിൽപ്പനയ്ക്ക് (IPO) ഇന്ന് തുടക്കമിടുന്നു. ഓഗസ്റ്റ് 31 വരെയാണ് ഐ.പി.ഒയിൽ നിക്ഷേപകർക്കുള്ള സബ്‌സ്‌ക്രിപ്ഷൻ അനുവദിച്ചിരിക്കുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന ഫണ്ടിൽ നല്ലൊരു പങ്കും കടം വീട്ടാൻ ഉപയോഗിക്കുന്നതിലൂടെ ബാലൻസ് ഷീറ്റ് കൂടുതൽ ഭദ്രമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അനൗദ്യോഗിക വിപണിയിൽ (Grey Market) ഓഹരികൾക്ക് വൻ ഡിമാൻഡ് പ്രകടമാകുന്ന പശ്ചാത്തലത്തിൽ ലുമിനോ ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ്, പി. സനൽ വിശദീകരിക്കുന്നതും ചുവടെ ചേർക്കുന്നു.
പ്രൈസ് ബാൻഡ്: ലുമിനോ ഇൻഡസ്ട്രീസിന്റെ ഓഹരിയൊന്നിന് 78 - 82 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ലോട്ട് സൈസ് 182 ഓഹരികളാണ് (റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 14,924 രൂപയുടെ നിക്ഷേപം വേണ്ടിവരും).
സമാഹരിക്കുന്ന തുക: 500 കോടി രൂപയുടെ പുതിയ ഓഹരികൾ അനുവദിച്ചും (Fresh Issue), നിലവിലെ നിക്ഷേപകർ ഓഹരി കൈമാറുന്ന ഓഫർ ഫോർ സെയിൽ (OFS) വഴി 200 കോടി രൂപയും സമാഹരിക്കും.
ഫണ്ട് വിനിയോഗം: പുതിയ ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന 500 കോടി രൂപയിൽ 337 കോടി രൂപയും കടബാധ്യതകൾ പൂർണമായി അടച്ചുതീർക്കാനാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ പലിശച്ചെലവുകൾ വലിയ അളവിൽ കുറയ്ക്കും.
ഓഹരി ലിസ്റ്റിംഗ്: സെപ്റ്റംബർ 3-ന് ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ എക്സ്ചേഞ്ചുകളിൽ ലുമിനോ ഇൻഡസ്ട്രീസ് ഓഹരി ലിസ്റ്റ് ചെയ്യും.
2005-ൽ ആരംഭിച്ച ലുമിനോ ഇൻഡസ്ട്രീസ്, പവർ കേബിളുകൾ, അലുമിനിയം കണ്ടക്ടറുകൾ, എച്ച്.ടി.എൽ.എസ് (HTLS) കണ്ടക്ടറുകൾ എന്നിവ നിർമ്മിക്കുന്നതിനൊപ്പം റെയിൽവേ ഇലക്ട്രിഫിക്കേഷൻ, സബ്‌സ്റ്റേഷൻ സ്ഥാപിക്കൽ തുടങ്ങിയ ഇ.പി.സി (EPC) പദ്ധതികളും ഏറ്റെടുക്കുന്നു. ഇന്ത്യയ്ക്ക് പുറമെ യു.എസ്.എ, നേപ്പാൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും കമ്പനിക്ക് വിപണിയുണ്ട്.
ഓർഡർ ബുക്ക് --------► ₹3,150 കോടി (വരുമാന ഉറപ്പ് നൽകുന്ന കരാറുകൾ).
റിട്ടേൺ അനുപാതം --------► ആർ.ഒ.ഇ: 24.6%, ആർ.ഒ.സി.ഇ: 25.7% (FY26).
ലാഭക്ഷമത --------► എബിറ്റ്ഡ മാർജിൻ: 11.7%, ഓപ്പറേറ്റിംഗ് ക്യാഷ് ഫ്ലോ: ₹156.08 കോടി.
ഐ.പി.ഒ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആങ്കർ ഇൻവെസ്റ്റർമാരിൽ നിന്നും മികച്ച പിന്തുണയാണ് ലുമിനോ ഇൻഡസ്ട്രീസിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25-ന് നടന്ന ആങ്കർ ബുക്കിലൂടെ (anchor book) മുഖേന 30 സ്ഥാപന നിക്ഷേപകരിൽ (institutional investors) നിന്നായി 207 കോടി രൂപ സമാഹരിച്ചു. എച്ച്.ഡി.എഫ്.സി, കോട്ടക്, മോത്തിലാൽ ഓസ്വാൾ, സിറ്റിഗ്രൂപ്പ്, ജെ.എം ഫിനാൻഷ്യൽ തുടങ്ങിയ പ്രമുഖ മ്യൂച്വൽ ഫണ്ടുകളും ഏതാനും ഇൻഷുറൻസ് കമ്പനികളും ആങ്കർ നിക്ഷേപകരുടെ വിഹിതം കരസ്ഥമാക്കിയവരുടെ പട്ടികയിലുണ്ട്.
സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് പി. സനലിന്റെ വിലയിരുത്തൽ പ്രകാരം, 82 രൂപ അപ്പർ ബാൻഡിൽ കമ്പനിയുടെ പി.ഇ അനുപാതം (P/E Ratio) 15.6 മടങ്ങിലാണുള്ളത്. കെ.ഇ.ഐ ഇൻഡസ്ട്രീസ് (53 മടങ്ങ്), അപാർ ഇൻഡസ്ട്രീസ് (59 മടങ്ങ്) തുടങ്ങിയ സമാന മേഖലയിൽ നിന്നുള്ള മറ്റ് മുൻനിര ലിസ്റ്റഡ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വാല്യുവേഷനിലാണ് ലുമിനോ ഇൻഡസ്ട്രീസ് ഓഹരികൾ ലഭ്യമാകുന്നത്.
നിലവിൽ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 46 - 50 രൂപ നിലവാരത്തിലാണ് (ഏകദേശം 56 - 60% വരെ ലിസ്റ്റിംഗ് നേട്ടം ലഭിച്ചേക്കാമെന്ന സൂചന) രേഖപ്പെടുത്തുന്നത്. കുറഞ്ഞ വാല്യുവേഷനും ശക്തമായ ഓർഡർ ബുക്കും കണക്കിലെടുക്കുമ്പോൾ, ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടങ്ങൾക്കും ദീർഘകാല നിക്ഷേപത്തിനും ഒരുപോലെ പരിഗണിക്കാവുന്ന ഒന്നാണ് ലുമിനോ ഇൻഡസ്ട്രീസ് ഐ.പി.ഒ എന്നും അനലിസ്റ്റ് പി. സനൽ വ്യക്തമാക്കി.
(Disclaimer: പി. സനൽ, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് (Reg No: INH000022880) ആണ്. ഈ ലേഖനത്തിൽ ഐ.പി.ഒയെ/ഓഹരിയെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും വിശകലനങ്ങളും പൂർണമായും പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐപിഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി ആലോചിക്കുകയോ ചെയ്യേണ്ടതാണ്. ലേഖകനോ റിസർച്ച് അനലിസ്റ്റിനോ അവരുടെ ബന്ധുക്കൾക്കോ ലുമിനോ ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ പ്രത്യേകിച്ചുള്ള സാമ്പത്തിക താൽപ്പര്യങ്ങളോ വ്യക്തിഗതമായി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.)
Read DhanamOnline in English
Subscribe to Dhanam Magazine