ജൂണിപ്പർ ഗ്രീൻ എനർജിയും എം.വി ഇലക്ട്രോസിസ്റ്റംസും ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ ഐ.പി.ഒയ്ക്ക് നിക്ഷേപകരെ ക്ഷണിക്കുന്നു. പുനരുപയോഗ ഊർജ്ജ രംഗത്ത് വലിയ പദ്ധതികളുള്ള ജൂണിപ്പർ ഗ്രീൻ, ഉയർന്ന കടബാധ്യതയും കുറഞ്ഞ അറ്റാദായവുമുള്ളതിനാൽ ദീർഘകാല നിക്ഷേപകർക്ക് മാത്രം അനുയോജ്യമെന്നാണ് വിലയിരുത്തൽ. എം.വി ഇലക്ട്രോസിസ്റ്റംസ് റെയിൽവേ വൈദ്യുതീകരണ രംഗത്ത് സാങ്കേതിക ശേഷിയുള്ളതായിട്ടും, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാന ഇടിവും പ്രവർത്തന നഷ്ടവും ഉയർന്ന വാല്യുവേഷനും നിക്ഷേപകർക്ക് ആശങ്ക ഉയർത്തുന്നു.
രാജ്യത്തെ പ്രമുഖ പുനരുപയോഗ ഊർജ്ജ ഉത്പാദക കമ്പനിയായ ജൂണിപ്പർ ഗ്രീൻ എനർജി ലിമിറ്റഡിന്റെ (Juniper Green Energy Ltd) 1,800 കോടി രൂപയുടെയും ഇന്ത്യൻ റെയിൽവേയ്ക്കായുള്ള ഇലക്ട്രിക്കൽ, പവർ ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാക്കളായ എം.വി ഇലക്ട്രോസിസ്റ്റംസ് ലിമിറ്റഡിന്റെ (MV Electrosystems Ltd) 290 കോടി രൂപയുടെയും ഇന്ന് (ജൂലൈ 30) ആരംഭിച്ച പ്രാഥമിക പൊതു ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ആവേശകരമായ പ്രതികരണം.
ശക്തമായ ആങ്കർ നിക്ഷേപകരുടെ പിന്തുണ ജൂണിപ്പർ ഗ്രീൻ എനർജിക്കുണ്ടെങ്കിലും, ഐ.പി.ഒയുടെ ഉയർന്ന വാല്യുവേഷനും കുറഞ്ഞ അറ്റാദായവും ദീർഘകാല നിക്ഷേപകർക്ക് മാത്രം പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. അതുപോലെ റെയിൽവേ വൈദ്യുതീകരണ രംഗത്ത് സാങ്കേതിക ശേഷിയുള്ള കമ്പനിയാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായ പ്രവർത്തന നഷ്ടവും ഉയർന്ന വാല്യുവേഷനും എം.വി ഇലക്ട്രോസിസ്റ്റംസ് ഐ.പി.ഒയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളാക്കുന്നു. ജൂണിപ്പർ ഗ്രീൻ എനർജി, എം.വി ഇലക്ട്രോസിസ്റ്റംസ് എന്നീ ഐ.പി.ഒകൾ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് പി. സനൽ (SEBI Reg No: INH000022880) വിലയിരുത്തുന്നു. വിശദമായി ചുവടെ ചേർക്കുന്നു.
കമ്പനിയുടെ ബിസിനസ്
2011-ൽ പ്രവർത്തനം ആരംഭിച്ച ജൂണിപ്പർ ഗ്രീൻ എനർജി, ഇന്ത്യയിലെ മികച്ച 10 പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നാണ്. 2026 ജൂണിലെ കണക്കനുസരിച്ച് സോളാർ, വിൻഡ്, വിൻഡ്-സോളാർ ഹൈബ്രിഡ്, ബി.ഇ.എസ്.എസ് (BESS) എന്നിവയുൾപ്പെടെ 7,910.20 മെഗാവാട്ട് (MW) ശേഷിയുള്ള പദ്ധതികളുടെ പോർട്ട്ഫോളിയോ കമ്പനിക്ക് കീഴിലുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായുള്ള ദീർഘകാല പി.പി.എ (Power Purchase Agreements) കരാറുകളാണ് കമ്പനിയുടെ വരുമാന മാർഗ്ഗത്തിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത്.
ഐപിഒ ഒറ്റനോട്ടത്തിൽ:
മുഴുവനായും പുതിയ ഓഹരികൾ (Fresh Issue) മാത്രം ഉൾപ്പെടുന്നതാണ് ജൂണിപ്പർ ഗ്രീൻ ഐ.പി.ഒ. പ്രൊമോട്ടർമാർ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നില്ല (ഒ.എഫ്.എസ് ഇടപാടുകളില്ല).
ഇഷ്യൂ തുക: ₹1,800 കോടി (8 കോടി പുതിയ ഓഹരികൾ)
പ്രൈസ് ബാൻഡ്: ₹214 – ₹225 (ജീവനക്കാർക്ക് ₹21 ഇളവ്)
ലോട്ട് സൈസ്: 66 ഓഹരികൾ (കുറഞ്ഞ നിക്ഷേപം ₹14,850)
സബ്‌സ്‌ക്രിപ്ഷൻ തീയതികൾ: ജൂലൈ 30 – ഓഗസ്റ്റ് 3
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 6 (ബി.എസ്.ഇ; എൻ.എസ്.ഇ)
ആങ്കർ നിക്ഷേപകരുടെ വൻ പങ്കാളിത്തം
ഐ.പി.ഒ ആരംഭിക്കുന്നതിന് മുന്നോടിയായി ജൂലൈ 29-ന് പ്രമുഖ സ്ഥാപന നിക്ഷേപകരിൽ (Anchor Investors) നിന്നായി ജൂണിപ്പർ ഗ്രീൻ എനർജി 539.40 കോടി രൂപ സമാഹരിച്ചു. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ബി.എൻ.പി പാരിബാസ്, 3-പി.ഐ.എം ഇന്ത്യ ഇക്വിറ്റി ഫണ്ട് തുടങ്ങിയ പ്രമുഖ സ്ഥാപന നിക്ഷേപകരും എസ്.ബി.ഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയുൾപ്പെടെ 9 പ്രമുഖ മ്യൂച്വൽ ഫണ്ട് ഹൗസുകളിലെ 24 സ്കീമുകൾ ആങ്കർ ബുക്കിന്റെ 74.79 ശതമാനം വിഹിതവും സ്വന്തമാക്കി. ബജാജ് ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനികളും നിക്ഷേപം നടത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രകടനം: ഉയർന്ന കടബാധ്യതയും വരുമാനവും
2026 സാമ്പത്തിക വർഷത്തിൽ ജൂണിപ്പർ ഗ്രീൻ എനർജിയുടെ വരുമാനം 41 ശതമാനം വർധിച്ച് 804.93 കോടി രൂപയായും പ്രവർത്തന ലാഭം (EBITDA) 692.18 കോടി രൂപയായും (EBITDA Margin: 85.99%) ഉയർന്നു. എന്നാൽ, ആകെ കടബാധ്യത 2025-ലെ 5,502.53 കോടി രൂപയിൽ നിന്ന് 12,920.54 കോടിയായി കുതിച്ചുയർന്നതും ഉയർന്ന പലിശച്ചെലവുകളും കാരണം കമ്പനിയുടെ അറ്റാദായം (PAT) 11 ശതമാനം മാത്രം വർധിച്ച് 40.46 കോടി രൂപയിൽ ഒതുങ്ങി. അതിനാൽ ഐ.പി.ഒ വഴി ലഭിക്കുന്ന 1,411.92 കോടി രൂപ കടം വീട്ടാനായി വിനിയോഗിക്കേണ്ടത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണ്.
അനലിസ്റ്റ് റേറ്റിംഗ്: Neutral to Subscribe
ജൂണിപ്പർ ഗ്രീൻ എനർജി ഐ.പി.ഒയെ 'ശ്രദ്ധയോടെ കാണേണ്ട ഒരു ദീർഘകാല ഐ.പി.ഒ' (Neutral to Subscribe only for Long Term) ആയാണ് റിസർച്ച് അനലിസ്റ്റ് പി. സനൽ വിലയിരുത്തുന്നത്. പുനരുപയോഗ ഊർജ മേഖലയുടെ ദീർഘകാല വളർച്ചാ സാധ്യതകളും 100 ശതമാനം ഫ്രഷ് ഇഷ്യൂവിലൂടെ കമ്പനിയിലേക്ക് എത്തിച്ചേരുന്ന 1,800 കോടി രൂപയും ഈ ഐ.പി.ഒയുടെ അനുകൂല ഘടകങ്ങളാണ്. എന്നാൽ 12,900 കോടി രൂപ കടമുള്ളതിനാൽ ഉയർന്ന പലിശ ഭാരം നേരിടേണ്ടത്, വരും സാമ്പത്തിക പാദങ്ങളിലും കമ്പനിയുടെ അറ്റാദായത്തെ ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ ഗ്രേ മാർക്കറ്റ് പ്രീമിയം 4%-7% എന്ന തോതിലുള്ള താഴ്ന്ന ഡിമാൻഡ് സൂചിപ്പിക്കുന്നതിനാലും വിശാല വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതിനാലും ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടം (Listing Gain) മാത്രം ആഗ്രഹിച്ച് ജൂണിപ്പർ ഗ്രീൻ എനർജി ഐ.പി.ഒയിൽ സമീപിക്കാതിരിക്കുന്നതാണ് ഉചിതം. ഹരിത ഊർജ്ജ മേഖലയിൽ 3 മുതൽ 5 വർഷം വരെയുള്ള ദീർഘകാലയളവിലേക്ക് നിക്ഷേപം ലക്ഷ്യമിടുന്നവരും ഉയർന്ന റിസ്ക് എടുക്കാൻ ശേഷിയുമുള്ള നിക്ഷേപകർക്ക് ഈ ഐ.പി.ഒയിൽ അപേക്ഷിക്കുന്നത് പരിഗണിക്കാമെന്നും അനലിസ്റ്റ് പി സനൽ പറഞ്ഞു.
കമ്പനിയുടെ ബിസിനസ്
2009-ൽ ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച എം.വി ഇലക്ട്രോസിസ്റ്റംസ്, റെയിൽവേ റോളിംഗ് സ്റ്റോക്കിന് ആവശ്യമായ വിവിധതരം സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. ഇലക്ട്രിക് ലോക്കോമോട്ടീവുകൾക്കുള്ള ഐ.ജി.ബി.ടി അധിഷ്ഠിത 3-ഫേസ് ഡ്രൈവ് പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, റെയിൽവേ കോച്ചുകൾക്കുള്ള സ്വിച്ച് ഗിയർ പാനലുകൾ, കേബിൾ സംരക്ഷണ സംവിധാനങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങൾ. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ദൈർഘ്യമേറിയ ക്വാളിഫിക്കേഷൻ പരിശോധനകളും ഉള്ളതിനാൽ ഈ മേഖലയിൽ പുതിയ കമ്പനികൾക്ക് കടന്നുവരാൻ ബുദ്ധിമുട്ടാണ് (High Entry Barrier). 2026 മേയ് മാസത്തിലെ കണക്കനുസരിച്ച് കമ്പനിയിൽ 206 പൂർണസമയ ജീവനക്കാരുണ്ട്.
ഐ.പി.ഒ ഒറ്റനോട്ടത്തിൽ
290 കോടി രൂപയുടെ എം.വി ഇലക്ട്രോസിസ്റ്റംസ് ഐ.പി.ഒ, പൂർണമായും പുതിയ ഓഹരികൾ (Fresh Issue) അനുവദിച്ച് ഫണ്ട് സമാഹരിക്കുന്ന രീതിയിലാണ് അരങ്ങേറുന്നത്.
ഇഷ്യൂ തുക: ₹290 കോടി (68.23 ലക്ഷം പുതിയ ഓഹരികൾ)
പ്രൈസ് ബാൻഡ്: ₹400 – ₹425 per share
ലോട്ട് സൈസ്: 34 ഓഹരികൾ (കുറഞ്ഞ നിക്ഷേപം ₹14,450)
സബ്‌സ്‌ക്രിപ്ഷൻ തീയതികൾ: ജൂലൈ 30 – ഓഗസ്റ്റ് 3
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 6 (ബി.എസ്.ഇ, എൻ.എസ്.ഇ)
ശ്രദ്ധിക്കേണ്ട കാര്യം: ഐ.പി.ഒയിൽ ഇഷ്യൂ ചെയ്യുന്ന ആകെ ഓഹരികളുടെ 75 ശതമാനവും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും (QIB) 15 ശതമാനം എച്ച്.എൻ.ഐകൾക്കും (NII) വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ചെറുകിട നിക്ഷേപകർക്കായി (Retail) വെറും 10 ശതമാനം വിഹിതം മാത്രമാണുള്ളത്.
ആങ്കർ ബുക്ക്: കൊടാക് ഫണ്ടിന് മുൻതൂക്കം
ഐ.പി.ഒയ്ക്ക് മുന്നോടിയായി ജൂലൈ 29-ന് സംഘടിപ്പിച്ച ആങ്കർ നിക്ഷേപകർക്കായുള്ള (Anchor Investors) ഇടപാടിലൂടെ ആകെ 130.50 കോടി രൂപ എം.വി ഇലക്ട്രോസിസ്റ്റംസ് സമാഹരിച്ചിട്ടുണ്ട്. 14 സ്ഥാപന നിക്ഷേപകരാണ് ഇതിൽ പങ്കെടുത്തത്. എങ്കിലും ആങ്കർ നിക്ഷേപ വിഹിതത്തിന്റെ 40.22 ശതമാനം തുകയും കൊടാക് മ്യൂച്വൽ ഫണ്ട് (Kotak MF) തന്നെയാണ് സ്വന്തമാക്കിയത്. ലൈഫ് ഇൻഷുറൻസ് കമ്പനികളോ മറ്റ് വൻകിട ഗ്ലോബൽ ഫണ്ടുകളോ വലിയ തോതിൽ പങ്കാളികളായിട്ടില്ലെന്നതും ശ്രദ്ധേയം.
സാമ്പത്തിക പ്രകടനം
എം.വി ഇലക്ട്രോസിസ്റ്റംസ് കമ്പനിയുടെ 2025-26 സാമ്പത്തിക വർഷത്തിലെ (FY26) സാമ്പത്തിക കണക്കുകൾ നിക്ഷേപകർക്ക് അത്ര ആശ്വാസം നൽകുന്നതല്ല. കമ്പനിയുടെ മൊത്തം വരുമാനം 64.64 കോടി രൂപയിൽ നിന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 49.79 കോടി രൂപയായി താഴ്ന്നു. വാർഷികമായി 23 ശതമാനം ഇടിവ്. തൊട്ട് മുൻവർഷം 8.92 കോടി രൂപയുണ്ടായിരുന്ന പ്രവർത്തനലാഭം (EBITDA) ഇക്കഴിഞ്ഞ വർഷം 9.94 കോടി രൂപ നഷ്ടത്തിലേക്ക് വഴിമാറി. സമാനമായി അറ്റാദായവും (PAT) 1.40 കോടി രൂപ ലാഭത്തിൽ നിന്നും 12.63 കോടി രൂപയുടെ നഷ്ടത്തിലേക്ക് വീണു.
എം.വി ഇലക്ട്രോസിസ്റ്റംസിന്റെ മൊത്തം കടബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടെ 27.50 കോടിയിൽ നിന്നും 49.89 കോടി രൂപയായി വർധിച്ചു. അതേസമയം ഐ.പി.ഒ വഴി ലഭിക്കുന്ന സമാഹരണ തുകയിൽ 180 കോടി രൂപയും കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി 21 കോടി രൂപ ഗവേഷണ വികസനത്തിനായും (R&D) ഉപയോഗിക്കും.
അനലിസ്റ്റ് റേറ്റിംഗ്: High Risk — Avoid for Long Term
എം.വി ഇലക്ട്രോസിസ്റ്റംസ് ഐ.പി.ഒയെ 'വലിയ റിസ്ക് സാധ്യതയുള്ള ഐ.പി.ഒ' (High Risk - Avoid for Long Term) ആയാണ് വിലയിരുത്തുന്നതെന്ന് റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു. ഒറ്റ വർഷത്തിനിടെ 12.63 കോടി രൂപ അറ്റനഷ്ടത്തിലേക്ക് വീഴുകയും പ്രവർത്തനലാഭം (EBITDA) നെഗറ്റീവ് ആവുകയും ചെയ്ത ഒരു കമ്പനിക്ക് ഓഹരിയൊന്നിന് 425 രൂപ നൽകുന്നത് അടിസ്ഥാനപരമായി (Fundamentally) ഒട്ടും ന്യായീകരിക്കാൻ സാധിക്കില്ല. കമ്പനിയുടെ കടം 49.89 കോടി രൂപയായി ഉയർന്നതും തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഈ ഐ.പി.ഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയമായി 24.71 ശതമാനം രേഖപ്പെടുത്തുന്നു. ഈ സ്പെക്യുലേറ്റീവ് ഡിമാന്റ് മുൻനിർത്തി റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് ഹ്രസ്വകാല ലിസ്റ്റിംഗ് ഗെയിൻ (Listing Gain) മാത്രം ലക്ഷ്യമിട്ട് എം.വി ഇലക്ട്രോസിസ്റ്റംസ് ഐ.പി.ഒയിൽ അപേക്ഷിക്കാം. എന്നാൽ ദീർഘകാല നിക്ഷേപകർ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുന്നത് വരെ ഈ ഐ.പി.ഒ ഒഴിവാക്കുന്നതാണ് (Skip) ഉചിതമെന്നും അനലിസ്റ്റ് പി. സനൽ പറഞ്ഞു.
(Disclaimer: പി. സനൽ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റാണ് (SEBI Reg No: INH000022880). ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും ഐ.പി.ഒകളെ/ഓഹരികളെ സംബന്ധിച്ച വിശകലനങ്ങളും പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐ.പി.ഒകൾ/ഓഹരികൾ വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറിൽ നിന്നും മാർഗനിർദേശം തേടുകയോ ചെയ്യേണ്ടതാണ്.)
Read DhanamOnline in English
Subscribe to Dhanam Magazine