പ്രതീകാത്മക ചിത്രം Image Source: Canva/mahanadicoal.in
Markets

കുറഞ്ഞ കടം, ഉയർന്ന ലാഭം; മഹാനദി കോൾഫീൽഡ്സ് ഐപിഒയുടെ വാല്യുവേഷൻ ആകർഷകമാണോ?

കോൾ ഇന്ത്യയുടെ ഉപകമ്പനിയായ മഹാനദി കോൾഫീൽഡ്സിന്റെ 8,981.12 കോടി രൂപയുടെ ഐപിഒയ്ക്ക് തുടക്കമായി; കുറഞ്ഞ കടബാധ്യതയും ഉയർന്ന ലാഭക്ഷമതയും അനുകൂല ഘടകങ്ങളാകുമ്പോൾ മാർജിൻ ഇടിവും വരുമാന വളർച്ചയിലെ മന്ദഗതിയും നിക്ഷേപകർ വിലയിരുത്തേണ്ടതുണ്ട്

Dhanam News Desk

മ​ഹാരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യയുടെ (Coal India) ഉപകമ്പനിയായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (Mahanadi Coalfields Ltd) പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് ഇന്ന് (നവംബർ 19) തുടക്കമായി. നവംബർ 23 വരെ നീളുന്ന ഐപിഒയിലൂടെ 8,981.12 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പൂർണമായും ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആയതിനാൽ ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനിയുടെ ആവശ്യങ്ങൾക്കായല്ല, ഓഹരികൾ വിൽക്കുന്ന കോർപറേറ്റ് പ്രൊമോട്ടറായ കോൾ ഇന്ത്യയ്ക്കാണ് ലഭിക്കുക. മഹാനദി കോൾഫീൽഡ്സിന്റെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലുമായി നവംബർ 27-ന് ലിസ്റ്റ് ചെയ്യുമെന്നാണ് അറിയിപ്പ്.

ഐപിഒയുടെ പ്രധാന വിവരങ്ങൾ

66.18 കോടി ഓഹരികളാണ് ഒ.എഫ്.എസ് വഴി വിൽപ്പനയ്ക്കുള്ളത്. ഓഹരിയൊന്നിന് 129–136 രൂപയാണ് പ്രൈസ് ബാൻഡ്. ഇതിന്റെ ഉയർന്ന വിലയിൽ കമ്പനിയുടെ വിപണിമൂല്യം ഏകദേശം 90,010 കോടി രൂപയാകും. ഐപിഒയ്ക്കുശേഷവും കേന്ദ്ര സർക്കാരും കോൾ ഇന്ത്യയും ചേർന്നുള്ള 90 ശതമാനം ഓഹരി പങ്കാളിത്തം തുടരും. അതേസമയം പൊതുജനങ്ങളുടെ പങ്കാളിത്തം 10 ശതമാനമായി ഉയരും.

മുൻഗണനാ വിഹിതമായി മാറ്റിവെച്ച 9.93 കോടി ഓഹരികൾ ഒഴിവാക്കിയുള്ള 56.26 കോടി ഓഹരികളിൽ 50 ശതമാനം യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും (ക്യു.ഐ.ബി), 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും (എൻ.ഐ.ഐ), 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമാണ്. ജീവനക്കാർക്കായി അഞ്ച് ശതമാനവും കോൾ ഇന്ത്യയുടെ ഓഹരിയുടമകൾക്കായി 10 ശതമാനവും സംവരണം ചെയ്തിട്ടുണ്ട്.

ആങ്കർ നിക്ഷേപകരുടെ താൽപര്യം

ഐപിഒയ്ക്ക് മുന്നോടിയായി 53 ആങ്കർ നിക്ഷേപകർക്കുള്ള ഓഹരികൾ അനുവദിച്ചു. ആങ്കർ വിഹിതത്തിന്റെ 53.04 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളാണ് സ്വന്തമാക്കിയത്. ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ചേർന്ന് 26.37 ശതമാനവും നേടി. 4.18 കോടി ഓഹരികളുമായി എൽഐസിയാണ് ഈ ഐപിഒയിലെ ഏറ്റവും വലിയ ആങ്കർ നിക്ഷേപകൻ. നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ സ്മോൾ ക്യാപ് ഫണ്ടും ശ്രദ്ധേയമായ പങ്കാളിത്തം നേടി. ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ ഈ സാന്നിധ്യം ഐപിഒയിലെ താൽപര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും റീട്ടെയിൽ നിക്ഷേപകർ മഹാനദി കോൾഫീൽഡ്സിന്റെ മൂല്യമതിപ്പും (വാല്യുവേഷൻ) സാമ്പത്തിക പ്രകടനവും കൂടി പരിശോധിക്കണം.

രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകൻ

ഉൽപ്പാദന അളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി കമ്പനിയാണ് മഹാനദി കോൾഫീൽഡ്സ്. ഒഡീഷയിലെ തൽച്ചർ, ഇബ് വാലി കൽക്കരിപ്പാടങ്ങളിലാണ് പ്രധാന പ്രവർത്തനം. വൈദ്യുതി ഉൽപ്പാദനത്തിനും സിമന്റ്, സ്റ്റീൽ, അലുമിനിയം, പേപ്പർ തുടങ്ങിയ വ്യവസായങ്ങൾക്കും ആവശ്യമായ നോൺ-കോക്കിങ് കൽക്കരിയാണ് പ്രധാന ഉൽപ്പന്നം. 2026 ജൂൺ 30-നുള്ള കണക്കനുസരിച്ച് 14 ഓപ്പൺകാസ്റ്റ് ഖനികളും മൂന്ന് ഭൂഗർഭ ഖനികളുമടക്കം ആകെ 17 ഖനികളുണ്ട്. വർഷം ഒരു കോടി ടൺ ശേഷിയുള്ള ഇബ് വാലി കോൾ വാഷറിയും കമ്പനിയുടെ പ്രവർത്തനശേഷിക്ക് കരുത്താണ്.

ലാഭം ഉയർന്ന നിലയിൽ; മാർജിനിൽ സമ്മർദം

2025–26ൽ കമ്പനിയുടെ വരുമാനം മൂന്ന് ശതമാനം ഉയർന്ന് 33,899 കോടി രൂപയായപ്പോൾ അറ്റാദായം ഒരു ശതമാനം കുറഞ്ഞ് 10,698 കോടി രൂപയായി. 2026 സെപ്റ്റംബറിൽ അവസാനിച്ച ആറുമാസത്തിൽ മൊത്തവരുമാനം 17,108 കോടി രൂപയും അറ്റാദായം 4,881 കോടി രൂപയുമാണ്. എബിറ്റ്ഡ മാർജിൻ മുൻ സാമ്പത്തിക വർഷത്തെ 47.45 ശതമാനത്തിൽനിന്ന് 43.63 ശതമാനമായി കുറഞ്ഞു. കടമെടുക്കൽ വെറും 2.76 കോടി രൂപ മാത്രമാണെന്നത് മഹാനദി കോൾഫീൽഡ്സിന്റെ ശക്തമായ ബാലൻസ് ഷീറ്റിന്റെ സൂചനയാണ്.

വില ആകർഷകമാണോ?

136 രൂപ എന്ന ഉയർന്ന പ്രൈസ് ബാൻഡിൽ മഹാനദി കോൾഫീൽഡ്സ് ഐപിഒയുടെ പി.ഇ അനുപാതം 9.22 മടങ്ങിലാണുള്ളത്. 2025–26ലെ മൂലധനത്തിലെ വരുമാനം (ROCE) 73.26 ശതമാനമായിരുന്നെങ്കിലും 2026 സെപ്റ്റംബർ പകുതിവർഷത്തിൽ 30.44 ശതമാനമായി കുറഞ്ഞു. അറ്റമൂല്യത്തിലെ വരുമാനവും 53.87 ശതമാനത്തിൽനിന്ന് 22.29 ശതമാനമായി താഴ്ന്നു. ഉയർന്ന ലാഭക്ഷമതയും കുറഞ്ഞ കടബാധ്യതയും അനുകൂല ഘടകങ്ങളാണ്. എന്നാൽ വരുമാനവളർച്ച മന്ദഗതിയിലായതും മാർജിനുകളിലെ ഇടിവും ശ്രദ്ധിക്കണം. അതിനാൽ ആങ്കർ നിക്ഷേപകരുടെ പങ്കാളിത്തം മാത്രം നോക്കിയല്ല, വിലയും ലാഭത്തിന്റെ തുടർച്ചയും വിലയിരുത്തിയാണ് നിക്ഷേപ തീരുമാനമെടുക്കേണ്ടത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Mahanadi Coalfields, a subsidiary of Coal India, has opened its ₹8,981.12-crore IPO, with investors weighing its strong profitability and low debt against slowing revenue growth and margin pressure.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT