Image : Canva 
Markets

ഐപിഒ ഈ വര്‍ഷം റെക്കോഡ് മറികടക്കും! ഡിസംബറില്‍ വരുന്നത് ഹീറോ ഫിന്‍കോര്‍പ് മുതല്‍ ബോട്ട് വരെ; കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം

പ്രാരംഭ ഓഹരി വിപണിക്ക് തിളക്കമാര്‍ന്ന വര്‍ഷമാണ് 2025. ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി

Dhanam News Desk

പ്രാരംഭ ഓഹരി വിപണിക്ക് തിളക്കമാര്‍ന്ന വര്‍ഷമാണ് 2025. ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി. നവംബര്‍ 21 വരെ ഇതുവരെ 1.54 ലക്ഷം കോടി രൂപയാണ് 93 ലിസ്റ്റിംഗില്‍ നിന്നായി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1.59 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ഡസനോളം ഐപിഒകളാണ് ഡിസംബറില്‍ എത്തുന്നത്.

ഡിസംബറില്‍ മാത്രം 35,000 മുതല്‍ 40,000 കോടി രൂപയുടെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം. 2022ല്‍ 59,302 കോടി രൂപയായിരുന്നു ഐപിഒയിലൂടെ സമാഹരിച്ചത്. 2023ല്‍ ഇത് 49,436 കോടി രൂപയായിരുന്നു. 2024ല്‍ ഐപിഒകളുടെ എണ്ണത്തിലും സമാഹരണത്തിലും റെക്കോഡായിരുന്നു. ഐപിഒ വഴിയുള്ള സമാഹരണം മൂന്നിരട്ടി വര്‍ധിച്ച് 1.59 ലക്ഷം കോടി രൂപയായി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ (Meesho), ഇലക്‌ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ ബോട്ട് (boAt), ഹീറോ ഫിന്‍കോര്‍പ് (Hero Fincorp), മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ് (Milky Mist Dairy Food) അടക്കം ഒരു ഡസന്‍ ഐപിഒകളാണ് ഡിസംബറിനെ സമ്പന്നമാക്കാന്‍ ഒരുങ്ങുന്നത്. ഏതൊക്കെ ഐപിഒകളാണ് അടുത്ത മാസം എത്തുകയെന്ന് നോക്കാം.

മീഷോ (Meesho)

6,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ മീഷോ എത്തുന്നത്. 4,250 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ (Offer For Sale) 1,750 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കുന്നത്. 21.3 കോടി ഉപയോക്താക്കള്‍ മീഷോ പ്ലാറ്റ്‌ഫോമിലൂടെ സാധനങ്ങള്‍ വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നുണ്ട്. വിപണി മത്സരം നേരിടുന്നതിനും കടങ്ങള്‍ വീട്ടുന്നതിനുമായിട്ടാണ് ഐപിഒയിലേക്ക് കമ്പനി എത്തുന്നത്.

ബോട്ട് (boAt)

മാതൃകമ്പനിയായ ഇമാജിന്‍ മാര്‍ക്കറ്റിംഗ് (Imagine Marketing) ബോട്ടിന്റെ ഓഹരി വില്പനയിലൂടെ 1,500 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലെ പ്രമോട്ടര്‍മാര്‍ 1,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും ഐപിഒയിലുണ്ടാകും.

ഹീറോ ഫിന്‍കോര്‍പ് (Hero Fincorp)

ഹീറോ ഫിന്‍കോര്‍ഫിന്റെ ഐപിഒ 3,668 കോടി രൂപയുടേതാണ്. 2,100 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 1,568 കോടി രൂപയുടേത് ഓഫര്‍ ഫോര്‍ സെയിലിലും വിറ്റഴിക്കും. സെബിയില്‍ നിന്ന് നേരത്തെ തന്നെ ഐപിഒ അനുമതി ലഭിച്ച കമ്പനി തീയതി അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി

ഈ വര്‍ഷം ജൂലൈയിലാണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി (icici prudential asset management company) ഐപിഒയ്ക്കായി അപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സെബി അനുമതി ലഭിക്കുന്നത്. യു.കെ ആസ്ഥാനമായ പ്രുഡന്‍ഷ്യല്‍ കോര്‍പറേഷന്‍ ഹോള്‍ഡിംഗ്‌സ് ( Prudential Corporation Holdings) അവരുടെ 10 ശതമാനം ഓഹരിപങ്കാളിത്തം (1.76 കോടി ഓഹരികള്‍) വിറ്റഴിക്കും.

10,000 കോടി രൂപയുടെ ഓഹരിവില്പനയിലൂടെ ലഭിക്കുന്ന തുകയില്‍ കമ്പനിക്ക് ലഭിക്കില്ല. ഐ.സി.ഐ.സി.ഐ ഗ്രൂപ്പിന് 51 ശതമാനവും പ്രുഡന്‍ഷ്യല്‍ കോര്‍പറേഷന്‍ ഹോള്‍ഡിംഗ്‌സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ളതാണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി.

ആദ്യ എ.ഐ ഐപിഒയുമായി ഫ്രാക്ടല്‍ അനലിറ്റിക്‌സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫ്രാക്ടല്‍ അനലിറ്റിക്‌സ് (Fractal Analytics) ഐപിഒയ്ക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ എ.ഐ അധിഷ്ഠിത കമ്പനിയുടെ ഐപിഒയാണിതെന്ന പ്രത്യേകതയുമുണ്ട്. 1,279 കോടി രൂപയുടെ പുതിയ ഓഹരികളും 3,621 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ഐപിഒ.

മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്, ക്ലീന്‍മാക്‌സ് എന്‍വിറോ, ജുണിപ്പര്‍ ഗ്രീന്‍ എനര്‍ജി, പാര്‍ക് മെഡി വേള്‍ഡ്, ഇന്നോവേറ്റിവ്യൂ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരി വില്പനയും ഡിസംബറിലുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT