മണപ്പുറം ഫിനാൻസ് 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 341.40% വളർച്ചയോടെ 585 കോടി രൂപയുടെ സംയുക്ത ലാഭം നേടി, ഓഹരി വിലയും 3% ഉയർന്നു. ആസ്തി അടിസ്ഥാനത്തിൽ 57.20% വളർച്ചയോടെ AUM 69,635 കോടിയായി. സ്വർണപ്പണയ ആസ്തികൾ 97.9% ഉയർന്ന് 57,006 കോടിയായി. ബെയ്ൻ ക്യാപിറ്റൽ സംയുക്ത നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഫലമാണിത്.
രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന് (BSE: 531213, NSE: MANAPPURAM) നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (Q1 FY27) മികച്ച പ്രവർത്തനഫലം റിപ്പോർട്ട് ചെയ്തു. നികുതിക്ക് ശേഷമുള്ള കമ്പനിയുടെ സംയുക്ത ലാഭം (PAT) വാർഷികാടിസ്ഥാനത്തിൽ 341.40 ശതമാനം വർധനയോടെ 585 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 132 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
ഇതിനെ തുടർന്ന് ബുധനാഴ്ച (ഓഗസ്റ്റ് 12) മൂന്ന് ശതമാനത്തോളം നേട്ടത്തിൽ 369.95 രൂപയിലാണ് (എൻ.എസ്.ഇയിൽ) വ്യാപാരം പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കേരള ഓഹരിയിൽ 10 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപിറ്റൽ (Bain Capital), മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രവർത്തനഫലം കൂടിയാണിത്.
ജൂൺ സാമ്പത്തിക പാദത്തിൽ മണപ്പുറം ഫിനാൻസ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളിൽ (AUM) 57.20 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആസ്തികൾ 69,635 കോടി രൂപയായി ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ സ്വർണപ്പണയ ആസ്തികളിൽ 97.9 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി. ആകെ 57,006 കോടി രൂപയിലെത്തി ഇത്. സ്വർണവായ്പകൾ ഒഴികെയുള്ള ആസ്തികൾ കമ്പനിയുടെ മൊത്തം ആസ്തികളുടെ 18.14 ശതമാനം വരും. അനുബന്ധ സ്ഥാപനമായ ആശീർവാദ് മൈക്രോ ഫിനാൻസിന്റെ ജൂൺ പാദത്തിലെ ലാഭം 21 കോടി രൂപയാണ്.
മൊത്തം പ്രവർത്തന വരുമാനം: വാർഷികാടിസ്ഥാനത്തിൽ 34.1 ശതമാനം വർധിച്ച് 3,033 കോടി രൂപയിലെത്തി (മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,262 കോടി രൂപയായിരുന്നു).
അറ്റ പലിശ വരുമാനം (NII): 25 ശതമാനം വളർച്ചയോടെ 1,759 കോടി രൂപയായി (മുൻ വർഷം 1,407 കോടി രൂപ).
ശാഖകളുടെ എണ്ണം: ജൂൺ 30 വരെയുള്ള കണക്കുപ്രകാരം രാജ്യത്തുടനീളമുള്ള മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 5,328 ആയി ഉയർന്നു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം തന്നെ മികച്ച വായ്പാ വളർച്ചയാണ് കമ്പനി കാഴ്ചവെച്ചതെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ വ്യക്തമാക്കി. ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെട്ടതും ആശീർവാദ് മൈക്രോ ഫിനാൻസ് ലാഭത്തിലേക്ക് തിരിച്ചെത്തിയതും മൊത്തത്തിലുള്ള ലാഭക്ഷമതയെ ഏറെ സഹായിച്ചു. മിതമായ നിരക്കിലുള്ള ഫണ്ടുകളുടെ ലഭ്യത വിപണിയിൽ വെല്ലുവിളിയായി തുടരുമ്പോഴും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണവിലയിലുണ്ടായ ചാഞ്ചാട്ടങ്ങൾ ബിസിനസ് രംഗത്ത് വെല്ലുവിളിയായെങ്കിലും, പ്രവർത്തന മികവ്, ചെലവ് ചുരുക്കൽ, ഡിജിറ്റൽ മേഖലയിലേക്കുള്ള പരിവർത്തനം എന്നിവയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine