തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് നാലാം പാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധന നേടി. 2026 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 69.7ശതമാനം ഉയര്‍ന്ന് 405 കോടി രൂപയായി. ഇതേ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 22.4ശതമാനം വര്‍ധിച്ച് 63.798കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
നാലാം പാദ സാമ്പത്തിക ഫലം പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് (Jefferies) ഓഹരിയുടെ റേറ്റിംഗ് 'ഹോള്‍ഡില്‍' നിന്ന് 'ബൈ' (Buy) എന്നതിലേക്ക് ഉയര്‍ത്തി. മണപ്പുറം ഫിനാന്‍സിന്റെ ലക്ഷ്യവില (Target Price) 285 രൂപയില്‍ നിന്ന് 360 രൂപയായും ജെഫറീസ് വര്‍ധിപ്പിച്ചു. ഇത് നിലവിലെ വിലയില്‍ നിന്ന് ഏകദേശം 17-18% വര്‍ധനയാണ് സൂചിപ്പിക്കുന്നത്.
സ്വര്‍ണപ്പണയ വായ്പയിലെ ശക്തമായ വളര്‍ച്ചയും, പലിശ മാര്‍ജിനുകള്‍ (NIM) മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഓഹരിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി ജെഫ്രീസ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ബെയ്ന്‍ ക്യാപിറ്റല്‍ (Bain Capital) കമ്പനിയില്‍ നിക്ഷേപം നടത്തിയത് വരും വര്‍ഷങ്ങളില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ കരുതുന്നു.
ആക്‌സിസ് സെക്യൂരിറ്റീസും മണപ്പുറം ഫിനാന്‍സ് ഓഹരികളുടെ റേറ്റിംഗ് 'ഹോള്‍ഡ്'എന്നതില്‍ നിന്നും 'ബൈ' എന്നതിലേക്ക് ബ്രോക്കറേജ് ഉയര്‍ത്തിയിട്ടുണ്ട്. ഓഹരികള്‍ക്ക് 340 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. അതായത് നിലവിലെ വിപണി വിലയേക്കാള്‍ 11 ശതമാനം വര്‍ധന. 2028 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിക്കപ്പെടുന്ന അഡ്ജസ്റ്റഡ് ബുക്ക് വാല്യൂവിന്റെ (Adjusted Book Value) 1.6 മടങ്ങ് മൂല്യമാണ് ആക്‌സിസ് സെക്യൂരിറ്റീസ് ഓഹരിക്ക് നല്‍കിയിരിക്കുന്നത് (നിലവില്‍ ഇത് 1.4 മടങ്ങാണ്).
അതേസമയം, മറ്റൊരു ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലി (Morgan Stanley) ഈ ഓഹരിക്ക് 270 ലക്ഷ്യവില നിശ്ചയിച്ച് ജാഗ്രത തുടരുന്നുണ്ട്.
നാലാം പാദത്തില്‍ കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി 50,953 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.1ശതമാനം കൂടുതല്‍. 2026 സാമ്പത്തിക വര്‍ഷം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48.3 ശതമാനം വര്‍ധിച്ച് 63,798 കോടി രൂപയായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷം ഇത് 43,034 കോടി രൂപയായിരുന്നു. മൊത്തം ആസ്തിയുടെ 20.1 ശതമാനം സ്വര്‍ണ വായ്പ കൂടാതെയുള്ള ആസ്തിയാണ്. നാലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്.
കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള ലാഭം 405 കോടി രൂപയും. 2025 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാലാം പാദത്തില്‍ ശാഖകളുടെ എണ്ണം 5,340 ആയും ജീവനക്കാരുടെ എണ്ണം 42,100 ആയും ഉയര്‍ന്നിട്ടുണ്ട്.
ആഭ്യന്തരവും ബാഹ്യവുമായ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാലാം പാദത്തില്‍ കമ്പനിക്കു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ഇക്കാലയളവില്‍ സ്വര്‍ണ വില വളരെ കൂടുകയും ആഗോള സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും വിതരണ തടസങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവുകയും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെല്ലാമിടയിലും കമ്പനി സ്തുത്യര്‍ഹമായ മുന്നേറ്റം നടത്തിയതായി അദ്ദേഹം നിരീക്ഷിച്ചു.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു ശേഷം മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി. ഒരു ശതമാനത്തിലധികം ഉയര്‍ന്നാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 34 ശതമാനം നേട്ടമാണ് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
Manappuram Finance posts 69.7% profit growth in Q4, with brokerages raising target prices and outlook.
Read DhanamOnline in English
Subscribe to Dhanam Magazine