പ്രതീകാത്മക ചിത്രം Image Source: Canva/manipalhospitals.com
Markets

മണിപ്പാൽ ഹെൽത്ത് ഐ.പി.ഒ: മികച്ച നേട്ടം പ്രതീക്ഷിക്കണോ? നിക്ഷേപകർ എന്ത് ചെയ്യണം?

രാജ്യത്തെ മുൻനിര മൾട്ടിസ്പെഷ്യാലിറ്റി ശൃംഖലയുടെ വൻ ഐപിഒ; കടം തീർത്ത് വിപുലീകരണം ലക്ഷ്യമിടുമ്പോഴും ഉയർന്ന വാല്യുവേഷൻ ലിസ്റ്റിംഗ് നേട്ടം ചുരുക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ

Pintu Prakash

മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ഐ.പി.ഒ ഇന്ത്യൻ ഹെൽത്ത്‌കെയർ മേഖലയിലെ ഏറ്റവും വലിയ ഇഷ്യൂകളിലൊന്നായി ശ്രദ്ധ നേടുന്നു. 9,275 കോടി രൂപ സമാഹരിച്ച് കടബാധ്യത വൻതോതിൽ കുറയ്ക്കാനും സഹ്യാദ്രി ഹോസ്പിറ്റൽസിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കാനുമാണ് ലക്ഷ്യം. ഉയർന്ന വാല്യുവേഷനും കുറഞ്ഞ ഗ്രേ മാർക്കറ്റ് പ്രീമിയവും കാരണം ലിസ്റ്റിംഗ് നേട്ടം പരിമിതമായേക്കാമെങ്കിലും, 3–5 വർഷ ദീർഘകാല കാഴ്ചപ്പാടുള്ള നിക്ഷേപകർക്ക് പരിഗണിക്കാവുന്ന അവസരമായി വിദഗ്ധർ വിലയിരുത്തുന്നു.

രാജ്യത്തെ ഏറ്റവും വലിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളിലൊന്നായ മണിപ്പാൽ ഹോസ്പിറ്റൽസിന് നേതൃത്വം നൽകുന്ന കോർപറേറ്റ് സ്ഥാപനമായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (Manipal Health Enterprises Ltd) പ്രാരംഭ പൊതുഓഹരി വിൽപ്പന (ഐ.പി.ഒ) ബുധനാഴ്ച (ജൂലൈ 29) ആരംഭിക്കും. ഐ.പി.ഒയിലൂടെ ഇതിന്റെ ഓഹരികൾ ലഭിക്കുന്നതിനുവേണ്ടി ജൂലൈ 31 വരെ നിക്ഷേപകർക്ക് അപേക്ഷ സമർപ്പിക്കാനാകും. ദീർഘകാല വളർച്ചാ സാധ്യതകളും കടബാധ്യത കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനവും ഈ ഐ.പി.ഒയുടെ അനുകൂല ഘടകങ്ങളാണ്. മറുവശത്ത് ഓഹരിയുടെ ഉയർന്ന വാല്യുവേഷൻ പ്രതികൂല ഘടകമായി നിൽക്കുന്നു.

​ഗ്രേ മാർക്കറ്റിൽ അധികം ഡിമാൻഡ് ഉയരാത്തത് ഐ.പി.ഒയുടെ ലി​സ്റ്റിം​ഗ് നേട്ടം പരിമിതപ്പെടുത്തുമോ എന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ഐ.പി.ഒയിൽ നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് ആയ പി. സനൽ (SEBI Reg No: INH000022880) വിശദമാക്കുന്നു.

ബിസിനസ് പശ്ചാത്തലം

ടി.എം.എ. പൈ സ്ഥാപിച്ച മണിപ്പാൽ ഗ്രൂപ്പിന്റെ ഭാഗമായി 2010-ൽ ആരംഭിച്ച കോർപറേറ്റ് കമ്പനിയാണ് മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ്. 2026 മാർച്ചിലെ കണക്കനുസരിച്ച് രാജ്യമെമ്പാടുമായി 24-ലധികം ന​ഗരങ്ങളിലായി 13,037 ബെഡ്ഡുകളുള്ള 49 ഹോസ്പിറ്റലുകളും 21 ക്ലിനിക്കുകളും കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേസമയം ബെംഗളൂരു, കൊൽക്കത്ത, പൂനെ തുടങ്ങിയ 3 മെട്രോ നഗരങ്ങളിലേയും ഹെൽത്ത്കെയർ വിപണിയിൽ മേധാവിത്വമുള്ള ഏക സ്വകാര്യ ഹോസ്പിറ്റൽ ശൃംഖലയാണിത്. ഓങ്കോളജി, കാർഡിയോളജി, ന്യൂറോളജി, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവയിൽ മികച്ച പരിചരണം നൽകുന്ന കമ്പനിയിൽ 24,240 മുഴുവൻ സമയ ജീവനക്കാരുണ്ട്.

ഐപിഒ പ്രധാന വിവരങ്ങൾ

ഇന്ത്യൻ ആരോഗ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ.കളിൽ ഒന്നാണ് മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റേത്. മൊത്തം 9,275 കോടി രൂപ സമാഹരിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 8,000 കോടി രൂപയുടെ പുതിയ ഓഹരികൾ അനുവ​ദിച്ചും (Fresh Issue), 1,275 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു. ഐ.പി.ഒയിലൂടെ കൈമാറുന്ന മൊത്തം ഓഹരികളുടെ 10 ശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവെച്ചിട്ടുള്ളത്.

  • പ്രൈസ് ബാൻഡ്: ₹560 – ₹590 (ജീവനക്കാർക്ക് ₹56 ഇളവ്)

  • ലോട്ട് സൈസ്: 25 ഓഹരികൾ (കുറഞ്ഞ നിക്ഷേപം ₹14,750)

  • സബ്‌സ്‌ക്രിപ്ഷൻ തീയതികൾ: ജൂലൈ 28 – ജൂലൈ 31

  • ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 5 (ബി.എസ്.ഇ; എൻ.എസ്.ഇ)

സമാഹരിക്കുന്ന പണത്തിന്റെ വിനിയോ​ഗം

ഐ.പി.ഒ വഴി ലഭിക്കുന്ന പുതിയ മൂലധനത്തിൽ നിന്നും 5,552.76 കോടി രൂപ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ അനുബന്ധ കമ്പനിയായ മണിപ്പാൽ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കടങ്ങൾ വീട്ടാൻ ഉപയോഗിക്കും. ആശുപത്രി ശൃംഖലയുടെ വിപുലീകരണ പ്രവർത്തനങ്ങൾ കാരണം 2024 സാമ്പത്തിക വർഷത്തിലുണ്ടായിരുന്ന 3,943.98 കോടി രൂപയുടെ കടം 2026 സാമ്പത്തിക വർഷത്തിനൊടുവിൽ 10,553.43 കോടി രൂപയായി കുതിച്ചുയർന്നിരുന്നു.

ഐ.പി.ഒയിലൂടെ കിട്ടുന്ന പണത്തിന്റെ വലിയൊരു ഭാ​ഗവും കടബാധ്യത കുറയ്ക്കാൻ വിനിയോ​ഗിക്കുന്നതിലൂടെ കമ്പനിയുടെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കാൻ സഹായിക്കും. ബാക്കി വരുന്ന തുകയിൽ നിന്നും 574 കോടി രൂപ സഹ്യാദ്രി ഹോസ്പിറ്റൽസിന്റെ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം വാങ്ങാനും വിനിയോഗിക്കുമെന്നാണ് ഐ.പി.ഒ രേഖകളിൽ വ്യക്തമാക്കുന്നു.

സാമ്പത്തിക പ്രകടനം

2026 സാമ്പത്തിക വർഷത്തിൽ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ മൊത്തം വരുമാനം 26 ശതമാനം വർധിച്ച് 10,520.52 കോടി രൂപയായി. പ്രവർത്തന ലാഭം (EBITDA) 27.05 ശതമാനം മാർജിനോടെ 2,795.94 കോടി രൂപയായും ഉയർന്നിട്ടുണ്ട്. എന്നാൽ ഉയർന്ന പലിശച്ചെലവുകൾ കാരണം കമ്പനിയുടെ അറ്റാദായം (PAT) 2025-ലെ 1,081.67 കോടി രൂപയിൽ നിന്നും 15 ശതമാനം ഇടിഞ്ഞ് 916.52 കോടി രൂപയായി. ഐ.പി.ഒ.യിലൂടെ കടബാധ്യതയുടെ ​ഗണ്യമായ ഭാ​ഗം തീർക്കുന്നതോടെ കമ്പനിയുടെ ലാഭക്ഷമത വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ലാഭക്ഷമത വെളിവാക്കുന്ന ആർ.ഒ.സി.ഇ അനുപാതം 21.88 ശതമാനമായാണ് രേഖപ്പെടുത്തുന്നത്.

ഇൻസൈറ്റിൽ റിസർച്ച് അനലി​സ്റ്റ് പി. സനൽ

വാല്യുവേഷൻ വിശകലനം:

ഓഹരിയുടെ അപ്പർ പ്രൈസ് ബാൻഡായ 590 രൂപയിൽ, ഐ.പി.ഒ.യ്ക്ക് ശേഷമുള്ള മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ പി.ഇ അനുപാതം 84.65 മടങ്ങിലാണുള്ളത്. പൈസ്-ടു-ബുക്ക് അനുപാതം (പി.ബി. റേഷ്യോ) 8.13 മടങ്ങിലും രേഖപ്പെടുത്തുന്നു. ഐ.പി.ഒ കണക്കുകളുടെ അടിസ്ഥാനത്തിൽ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ നിലവിലെ വിപണി മൂലധനം (Market Cap) 77,606 കോടി രൂപയാണ്. ഹെൽത്ത്‌കെയർ മേഖലയിലെ മാനദണ്ഡങ്ങൾ വച്ചുനോക്കിയാൽ പോലും ഇത് ഉയർന്ന വാല്യുവേഷനാണെന്ന് റിസർച്ച് അനലി​സ്റ്റ് പി. സനൽ പറഞ്ഞു.

നിക്ഷേപകർ എന്ത് ചെയ്യണം?

നിലവിൽ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ഐ.പി.ഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 2 ശതമാനത്തിൽ താഴെയായാണ് രേഖപ്പെടുത്തുന്നത്. കൂടാതെ ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയും (Issue Size) ഉയർന്നതാണ്. ഐ.പി.ഒയിൽ ഓഹരിക്ക് നിശ്ചയിച്ചിട്ടുള്ള വിലയുടെ അടിസ്ഥാനത്തിൽ വാല്യുവേഷൻ അൽപ്പം ഉയർന്നതായതിനാലും ഈ ഐ.പി.ഒയിൽ നിന്നും പെട്ടെന്നുള്ള ലിസ്റ്റിംഗ് നേട്ടം (Listing Gains) പരിമിതമായേക്കാം എന്നാണ് പി. സനലിന്റെ നി​ഗമനം.

എന്നാൽ അതിവേഗം വളരുന്ന രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖല എന്ന നിലയിൽ മണിപ്പാൽ ഹെൽത്തിന് വലിയ വിപണി സാധ്യതയുണ്ട്. ഐ.പി.ഒ വഴി കടബാധ്യതകൾ വൻതോതിൽ കുറയ്ക്കുന്നതും കമ്പനിയുടെ ഭാവി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ഹെൽത്ത് ഇൻഷുറൻസിന് ലഭിക്കുന്ന പ്രചാരവും മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയും ഇന്ത്യയിൽ ഹെൽത്ത്‌കെയർ മേഖലയുടെ മുന്നേറ്റത്തിന് അനുകൂല ഘടകങ്ങളാണ്. ചുരുക്കത്തിൽ ഹെൽത്ത്‌കെയർ സെക്ടറിൽ അടുത്ത 3-5 വർഷത്തേക്ക് ദീർഘകാല കാഴ്ചപ്പാടുള്ള നിക്ഷേപകർക്ക്, മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ഐ.പി.ഒയിൽ അപേക്ഷിക്കുന്ന (Subscribe for Long Term) കാര്യം പരിഗണിക്കാവുന്നതാണെന്നും പി. സനൽ വ്യക്തമാക്കി.

(Disclaimer: പി. സനൽ സെബി അം​ഗീകൃത റിസർച്ച് അനലിസ്റ്റാണ് (SEBI Reg No: INH000022880). ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും ഐ.പി.ഒ/ഓഹരിയെ സംബന്ധിച്ച വിശകലനങ്ങളും പഠനാവശ്യാ‍ർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐ.പി.ഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറിൽ നിന്നും മാർ​ഗനിർദേശം തേടുകയോ ചെയ്യേണ്ടതാണ്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT