Markets

വ്യാപാരക്കരാര്‍ പ്രതീക്ഷകളില്‍ വിപണിക്ക് മുന്നേറ്റം, ആവശേത്തില്‍ ബാങ്കിംഗ്, ഐ.ടി ഓഹരികള്‍, വഴി മാറി നടന്ന് കേരള ഓഹരികള്‍

മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടം സ്വന്തമാക്കി

Dhanam News Desk

ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ശക്തമായ മുന്നേറ്റം. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കുമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയാണ് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്.

പുതിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച്, അമേരിക്കയുമായി കൂടുതല്‍ വാണിജ്യബന്ധമുള്ള ഓഹരികളില്‍. ഇത് ഈ മേഖലകളിലെ ഓഹരികളില്‍ വാങ്ങല്‍ താല്‍പ്പര്യം വര്‍ധിപ്പിച്ചു.

നിഫ്റ്റി സൂചികകളുടെ പ്രകടനം

പ്രധാന സൂചികകളെല്ലാം വലിയ നേട്ടം രേഖപ്പെടുത്തി. നിക്ഷേപകര്‍ ആത്മവിശ്വാസം വീണ്ടെടുത്തതോടെ വിപണിയില്‍ ഉടനീളം വാങ്ങല്‍ താല്‍പ്പര്യം ദൃശ്യമായി.

സെന്‍സെക്‌സ് 513 പോയിന്റ് ഉയര്‍ന്ന് 81,186.47ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 26,050 പോയിന്റ് കടന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും വിപണിയില്‍ സജീവമായത് സൂചികകള്‍ക്ക് കരുത്തായി. വിശാല വിപണിയില്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും പ്രധാന സൂചികകളുടെ ചുവടുപിടിച്ച് നേട്ടം സ്വന്തമാക്കി. മിക്ക പ്രധാന സെക്ടറല്‍ ഇന്‍ഡെക്‌സുകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓഹരികളിലെ ഉയര്‍ച്ചയും താഴ്ചയും

ബാങ്കിംഗ്, ഐ.ടി കരുത്തില്‍

ബാങ്കിംഗ് ഓഹരികള്‍ നല്‍കിയ കരുത്തിലാണ് വിപണിയുടെ മുന്നേറ്റം. നിഫ്റ്റി ബാങ്ക് സൂചിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 59,200 പോയിന്റ് കടന്നു.

ഐടി ഓഹരികളുടെ മികച്ച പ്രകടനവും സൂചികകള്‍ക്ക് തുണയായി. യുഎസിലെ തൊഴില്‍ കണക്കുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് അടുത്ത സാമ്പത്തിക നയ യോഗത്തില്‍ പലിശ നിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷകള്‍ സജീവമായി. ഇത് ഐടി ഓഹരികളില്‍ വലിയ വാങ്ങല്‍ താല്‍പ്പര്യമുണ്ടാക്കി. രൂപയുടെ വിനിമയ നിരക്കിലെ അനുകൂല സാഹചര്യങ്ങളും ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമായി. ഗ്ലോബൽ ടെക് ഭീമനായ എൻവിഡിയയുടെ പാദഫല പ്രഖ്യാപനം വരാനിരിക്കെയാണ് ഐ.ടി ഓഹരികളുടെ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

വിപ്രോ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് എന്നിവ രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.

ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഓഹരികളെയും വിപണിയിലെ ഈ ഉണര്‍വ് ഉയര്‍ത്തി. ബിഎസ്ഇ , 360 വണ്‍ തുടങ്ങിയ ഓഹരികള്‍ ഇന്നത്തെ മികച്ച നേട്ടക്കാരില്‍ ഉള്‍പ്പെടുന്നു.

നാളെ പുറത്തുവരുന്ന എഫ്ഒഎംസി മിനിറ്റ്‌സുകളിലേക്കാണ് ഇനി വിപണിയുടെ ശ്രദ്ധ. ഫെഡറല്‍ റിസര്‍വിന്റെ അടുത്ത പണനയത്തെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍ നിന്ന്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഈ റിപ്പോര്‍ട്ടിനൊപ്പം വരാനിരിക്കുന്ന പാദഫലങ്ങളും സാമ്പത്തിക രംഗത്തെ പുതിയ പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വഴി മാറിനടന്ന് കേരള ഓഹരികള്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ശക്തമായ മുന്നേറ്റം ദൃശ്യമായെങ്കിലും, കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്. ചില ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റ് പ്രമുഖ ഓഹരികള്‍ നേരിയ നഷ്ടത്തിലായി.

കേരള ഓഹരികളില്‍ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് പ്രൈമ അഗ്രോ ഓഹരികളാണ്. 10.29% നേട്ടത്തിലാണ്‌ കമ്പനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്.

സ്‌റ്റെല്‍ ഹോള്‍ഡിംഗ്സ് ഓഹരി വിലയില്‍ 4.14 ശതമാനം വര്‍ധനവുണ്ടായി. കിറ്റെക്‌സ് ഗാര്‍മെന്റ്സ് 3.84% നേട്ടം കൈവരിച്ചു. കേരള ആയുര്‍വേദ ( 1.84%), ധനലക്ഷ്മി ബാങ്ക് (1.64%), ഫെഡറല്‍ ബാങ്ക് (0.61% ) എന്നിവയും നേട്ടം നിലനിര്‍ത്തി.

ആസ്പിന്‍ വാള്‍ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തില്‍ അധികം ഇടിവുമായി നഷ്ടത്തില്‍ മുന്നില്‍ നിന്നു. ടി.സി.എം ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിവിലാണ്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ 2.11 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ ഓഹരികളും ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT