രാവിലെ അര ശതമാനം നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി താമസിയാതെ 0.95 ശതമാനം വരെ ഉയർന്നു. നിഫ്റ്റി 24,000 കടന്നിട്ടു തിരിച്ചിറങ്ങി.
യുദ്ധവിരാമ ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമായി. ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിപണിയെ സഹായിച്ചു.
മികച്ച നാലാം പാദ റിസൽട്ട് പുറത്തുവിട്ട ടിസിഎസ് ഓഹരിയുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജുകൾ ഉയർത്തി. നൊമുറ 2930 രൂപയും ജെപി മോർഗൻ 3150 രൂപയും സിഎൽഎസ്എ 2985 രൂപയും ആയി ലക്ഷ്യവില നിർണയിച്ചു. 30 പാദങ്ങൾക്കുള്ളിലെ ഏറ്റവും മികച്ച വരുമാന വർധനയാണ് കമ്പനി കഴിഞ്ഞ പാദത്തിൽ നേടിയത്. കരാറുകളുടെ കാര്യത്തിലും റെക്കോർഡ് കുറിച്ചു. എന്നാൽ നിക്ഷേപകരുടെ ലാഭമെടുക്കലിനെ തുടർന്നു ഓഹരി രാവിലെ മൂന്നു ശതമാനം വരെ ഇടിഞ്ഞു.
ഓഹരികൾ തിരിച്ചു വാങ്ങുന്ന കാര്യം 15,16 തീയതികളിലെ ഡയറക്ടർ ബോർഡ് തീരുമാനിക്കും എന്ന അറിയിപ്പിനെ തുടർന്ന് വിപ്രോ ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. അതേസമയം ഇൻഫോസിസും എച്ച്സിഎലും അടക്കം ഐടി നിഫ്റ്റി സൂചികയിലെ എല്ലാ ഓഹരികളും രണ്ടു ശതമാനത്തോളം താഴ്ചയിലായി. നിഫ്റ്റി ഐടി സൂചിക 1.75 ശതമാനം താഴ്ന്നു.
ഫാർമ, ഹെൽത്ത് കെയർ സൂചികകളും രാവിലെ ഇടിഞ്ഞു. സ്‌ത്രൈണ രോഗങ്ങൾക്കുളള ഔഷധങ്ങൾ പലതും നിർമിക്കുന്ന ഒരു അമേരിക്കൻ കമ്പനിയെ ഏറ്റെടുക്കാൻ സൺ ഫാർമ ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ ധനകാര്യ ബാധ്യത വരുത്തുന്നതാണ് ഇടപാട്. സൺ ഫാർമ ഓഹരി നാലു ശതമാനം ഇടിഞ്ഞു
ബാങ്ക്, ധനകാര്യ മേഖലകൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. ബാങ്ക് നിഫ്റ്റി 1.75 ശതമാനം കുതിച്ചു. ഫെഡറൽ ബാങ്ക് 1.75 ശതമാനം കയറി 288.90 രൂപയിൽ എത്തി. അഞ്ചു ദിവസം കൊണ്ട് ഓഹരി 7.5 ശതമാനം ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.5 ശതമാനവും സിഎസ്ബി ബാങ്ക് 1.75 ശതമാനവും ധനലക്ഷ്‌മി ബാങ്ക് 1.5 ശതമാനവും കയറി. അഞ്ചു ദിവസം കൊണ്ടു ധനലക്ഷ്മി ബാങ്ക് 14-ഉം സിഎസ്ബി പത്തും ശതമാനം നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാൻസ് രാവിലെ മൂന്നു ശതമാനം വരെ കയറി
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ നാലര ശതമാനം കുതിച്ചു. ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് എന്നിവ മൂന്നര ശതമാനം വരെ ഉയർന്നു.
ക്രൂഡ് ഓയിൽ വില കുറയുന്നത് ഏഷ്യൻ പെയിൻ്റ്സ് അടക്കം പെയിൻ്റ് കമ്പനി ഓഹരികളെ നാലു ശതമാനം വരെ ഉയർത്തി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4766 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ വർധിച്ച് 1,12,200 രൂപയായി. ക്രൂഡ് ഓയിൽ രാവിലെ ഉയർന്ന ശേഷം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 96.66 ഡോളറിലേക്ക് കയറിയിട്ട് 96.12 ലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine