google
Markets

ബുള്ളുകള്‍ വീണ്ടും കളം പിടിച്ചു, നിക്ഷേപകര്‍ക്ക് നേട്ടം മൂന്ന് ലക്ഷം കോടി, വിപണി ആവേശത്തിന് പിന്നിലെന്ത്?

വിശാല വിപണിയും ഇന്ന് ഉന്മേഷത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.67 ശതമാനം ഉയര്‍ന്നു

Resya Raveendran

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് പൂര്‍ണമായും കാളകള്‍ക്ക് വഴിമാറി. ദിവസം മുഴുവന്‍ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 450 പോയിന്റ് മുന്നേറി 82,150ന് മുകളിലും നിഫ്റ്റി 150 പോയിന്റ് നേട്ടത്തോടെ 25,000 പോയിന്റിനു മുകളിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിക്കുന്നത്.

വിശാല വിപണിയും ഇന്ന് ഉന്മേഷത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.67 ശതമാനം ഉയര്‍ന്നു. ഓട്ടോ, ഐ.ടി സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്ന് ഇന്ന് മുഖ്യ നേട്ടക്കാര്‍ ആയി.

നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം 442 ലക്ഷം കോടിയില്‍ നിന്ന് 445 ലക്ഷം കോടിയായി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് മൂന്ന് ലക്ഷം കോടി രൂപയുടെ വര്‍ധന.

വിപണിയുടെ മുന്നേറ്റത്തിനു പിന്നില്‍

യൂറോപ്യന്‍ യൂണിയനുമേല്‍ ആക്രമണാത്മകമായ തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് വൈകിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് വിപണിയെ ഉയര്‍ത്താന്‍ ഇന്ന് പ്രധാനമായും സഹായിച്ചത്. ഇതിനൊപ്പം ഡോളര്‍ സൂചികയിലെ ഇടിവും ആഭ്യന്തര ഇക്വിറ്റി വിപണികളെ പിന്തുണച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കാരിന് വമ്പന്‍ ഡിവിഡന്റ് ലഭിച്ചതും വിപണിയെ ആവേശത്തിലാക്കി.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭവും ആഭ്യന്തര ബോണ്ട് വരുമാനത്തിലെ കുറവും നിക്ഷേപകരെ അപകടസാധ്യത കൂടിയ ആസ്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഗ്രാമീണ ഉപഭോഗം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും നാലാം പാദത്തിലെ ജിഡിപി വളര്‍ച്ചയും ശക്തമായതോടെ വിശാലമായ വിപണിയും മികച്ച പ്രകടനം കാഴ്ചവച്ചു. പ്രതീക്ഷിച്ചതിലും മികച്ച കോര്‍പ്പറേറ്റ് വരുമാനവും വിപണിക്ക് അനുകൂലമായി.

ഇന്ത്യന്‍ രൂപ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു, അമേരിക്കന്‍ ഡോളറിനെതിരെ 24 പൈസ ഉയര്‍ന്ന് 85.09 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ (എഫ്ഐഐ) 1,794.59 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.സി.എല്‍, നെസ്‌ലെ, ടാറ്റാ മോട്ടോഴ്‌സ്, ഐ.ടി.സി എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടത്തിലായ ഓഹരികള്‍.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പാക്കേജ്ഡ് ഭക്ഷ്യ കമ്പനിയായ നെസ്‌ലെ ഇന്ത്യയുടെ ഓഹരി വിഹിതം ഉയര്‍ത്തിയത്‌ ഓഹരി വിലയില്‍ രണ്ട് ശതമാനത്തോളം കുതിപ്പിനിടയാക്കി

. സെബി നിഷ്‌കര്‍ഷിക്കുന്ന അഞ്ച് ശതമാനത്തിനു മുകളിലാണ് ഇപ്പോള്‍ ഓഹരി വിഹിതം. 1,49,000 അധികം ഓഹരികളാണ് വിപണി വഴി എല്‍.ഐ.സി സ്വന്തമാക്കിയത്. ഇതോടെ എല്‍.ഐ.സിയുടെ കൈവശമുള്ള ഓഹരിയുടെ എണ്ണം 4.82 കോടിയായി. ഓഹരി വിഹിതം 5.001 ശതമാനവും.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

സെന്‍സെക്‌സിലെ 30 ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് എറ്റേണല്‍ (സൊമാറ്റോ) ഓഹരിയാണ്. ഓഹരി വില നാല് ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ വിദേശ ഉടമസ്ഥതയില്‍ നിയന്ത്രണം വരുന്നതോടെ വിവിധ സൂചികകളില്‍ ഓഹരിയുടെ വെയിറ്റ് കുറയുമെന്ന്‌ ഗ്ലോബല്‍ ഇന്‍ഡെക്‌സ് പ്രൊവൈഡറായ എഫ്.ടി.എസ്.ഇ ചൂണ്ടിക്കാട്ടിയതാണ് ഓഹരിവിലയെ ബാധിച്ചത്. എഫ്.ടി.എസ്.ഇ റീബാലന്‍സിംഗ് വരുന്നതോടെ 3,235 കോടി രൂപയോളം പിന്‍വലിക്കപ്പെടുമെന്നതായിരുന്നു റിപ്പോര്‍ട്ട്. വിദേശ ഉടമസ്ഥാവകാശം 49.5 ശതമാനത്തില്‍ താഴെ നിറുത്തുമെന്നാണ് എറ്റേണല്‍ അടുത്തിടെ അറിയിച്ചത്.

അള്‍ട്രാ ടെക് സിമന്റ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, എന്‍.ടി.പി.സി എന്നിവയും ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി.

മുന്നേറ്റവുമായി കെ.എസ്.ഇ, സ്‌കൂബിക്ക് 5% നഷ്ടം

കെ.എസ്.ഇ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനവുമായി കേരള കമ്പനികളില്‍ മുന്നില്‍. ഓഹരി വില 10.33 ശതമാനം ഉയര്‍ന്ന് 2,450 രൂപയിലെത്തി. നാളെ കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗ് നടക്കാനിരിക്കെയാണ് ഓഹരിയുടെ മുന്നേറ്റം. നാലാം പാദഫലവും 2024-2025 സാമ്പത്തിക വര്‍ഷത്തെ കണക്കുകളും നാളെ പുറത്തുവിടും.

സെല്ല സ്‌പേസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നു.

Performance of Kerala Stocks

ഭൂരിഭാഗം കേരള ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു. കിറ്റെക്‌സും സ്‌കൂബിയും ടിസിഎമ്മും അടക്കമുള്ള ഓഹരികള്‍ അഞ്ച് മുതല്‍ രണ്ട് ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ജിയോജിത് മൂന്ന് ശതമാനം നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT