google
Markets

മെറ്റല്‍ ഷോക്കേറ്റ സൂചികകള്‍ ഒടുവില്‍ നഷ്ടം കുറച്ചു, വീഴ്ചയിലും അടിപതറാതെ നിറ്റയും ഇസാഫും, കിതച്ച്‌ പോപ്പീസും ടി.സി.എമ്മും

സ്‌മോള്‍ ക്യാപ് സൂചികയ്ക്ക് തിളക്കം, മിഡ്ക്യാപും നേട്ടത്തില്‍

Dhanam News Desk

രാവിലത്തെ വലിയ നഷ്ടം വാപാരാന്ത്യത്തില്‍ ഏറെക്കുറെ തിരിച്ചു പിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഈ ദിവസത്തെ ഉയര്‍ന്ന നിലവാരത്തിനടുത്ത് വ്യാപാരം അവസാനിപ്പിക്കാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചു. ബാങ്കിംഗ്, മിഡ്ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് നഷ്ടത്തില്‍ നിന്ന് കരകയറാനായില്ലെങ്കിലും വലിയ വീഴ്ചയില്‍ നിന്ന് സൂചികകളെ തിരിച്ചു കയറ്റിയത്. സെന്‍സെക്‌സ് 77 പോയിന്റ് ഇടിഞ്ഞ് 81,374ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 24,717ലുമാണ് വ്യാപാരാന്ത്യമുള്ളത്.

നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

വിശാല വിപണിയില്‍ നിഫ്റ്റി ബാങ്ക് സൂചിക റെക്കോഡിന് അടുത്തെത്തി. മിഡ്ക്യാപ് ഓഹരികള്‍ 600 പോയിന്റ് ഉയര്‍ന്നു.

യുദ്ധ ആശങ്കയും മെറ്റല്‍ തീരുവയും

സ്റ്റീലിനും അലൂമിനിയത്തിനുമുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം മെറ്റല്‍ ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കി.

ഇതിനിടെ റഷ്യന്‍-യുക്രൈന്‍ സംഘര്‍ഷം വീണ്ടും ആരംഭിച്ചതും ആശങ്കയ്ക്കിടയാക്കി. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും മികച്ച മണ്‍സൂണും നാലാം പാദത്തിലെ ജി.ഡി.പി കണക്കുകളും മികച്ച ജി.എസ്.ടി വരുമാനവുമെല്ലാം ആഭ്യന്തര ഓഹരി വിപണിക്ക് അനുൂകലമാകുമെന്നാണ് വിലയിരുത്തലുകള്‍. വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം.

രണ്ട് പുതുമുഖങ്ങള്‍ വിപണിയിലേക്ക്‌

ഇന്ന് ഓഹരി വിപണിയില്‍ പുതുതായി രണ്ട് കമ്പനികള്‍ കന്നിയങ്കം കുറിച്ചു. ശ്ലോസ് ബാംഗളൂര്‍ ഏഴ് ശതമാനം നഷ്ടത്തിലാണ് ലിസ്റ്റിംഗ് എങ്കിലും ഇഷ്യു പ്രൈസിന് അടുത്ത വിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. ആറ് ശതമാനം ഡിസ്‌കൗണ്ട് വിലയില്‍ ലിസ്റ്റ് ചെയ്ത ഏജിസ് വൊപാക് ടെര്‍മിനല്‍സ് മൂന്ന്‌ ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളുടെ കുതിപ്പും കിതപ്പും

അദാനി പോര്‍ട്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, എറ്റേണല്‍ (സൊമാറ്റ), എച്ച്.യു.എല്‍, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് സെന്‍സെക്‌സിലെ മുഖ്യ നേട്ടക്കാര്‍. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ മുഖ്യ നഷ്ടക്കാരുമായി.

ഓഹരികളുടെ നേട്ടവും വീഴ്ചയും

വ്യക്തിഗത ഓഹരികളെടുത്താല്‍ ഐ.ടി കമ്പനിയായ എംഫസിസ് നാല് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വമ്പന്‍ ഇടപാടുകാരില്‍ ഒന്നിനെ നഷ്ടമായേക്കാമെന്ന സൂചനകളാണ് ഓഹരിയെ ബാധിച്ചത്. ഓട്ടോ ഓഹരികള്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഹീറോ മോട്ടോ കോര്‍പ്പ് രണ്ട് ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് ഒരു ശതമാനം ഇടിവിലാണ്. വില്‍പ്പന കണക്കുകള്‍ പ്രതീക്ഷയ്ക്കും താഴെയായിരിക്കുമെന്ന നിഗമനങ്ങളാണ് ഓഹരിയെ താഴ്ത്തിയത്. അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി ഒരു ശതമാനം ഉയര്‍ന്നു. എതിരാളികളെ മറികടന്ന വളര്‍ച്ച കാഴ്ചവയ്ക്കുന്നുവെന്ന് പുതിയ വില്‍പ്പനക്കണക്കുകള്‍ സൂചിപ്പിച്ചതാണ് ഓഹരിയെ ഉയര്‍ത്തിയത്.

കേരള ഓഹരികള്‍ക്കും ക്ഷീണം

കേരള ഓഹരികളില്‍ ഇന്ന് വലിയ നഷ്ടക്കഥകളും ലാഭക്കഥകളുമില്ല. ശതമാനക്കണക്കില്‍ നോക്കിയാല്‍ കൂടുതല്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത് (8.75 ശതമാനം) പ്രൈമ അഗ്രോ ഓഹരിയാണ്. നിറ്റ ജെലാറ്റിന്‍ 6.61 ശതമാനം ഉയര്‍ന്നപ്പോള്‍ പ്രൈമ ഇന്‍ഡസ്ട്രീസ് 4.99 ശതമാനം മുന്നേറി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 4.78 ശതമാനം നേട്ടം രേഖപ്പെടുത്തി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഡ്‌ട്രേഡ് ക്യാപിറ്റല്‍ എന്നിവ നാല് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എം ഓഹരികളാണ് ഇന്ന് നഷ്ടത്തില്‍ മുമ്പന്‍. ഓഹരി വില ഇടിഞ്ഞത് ഏഴ് ശതമാനത്തോളം. പോപ്പീസ് കെയര്‍ അഞ്ച് ശതമാനം നഷ്ടം രേഖപ്പെടുത്തി. കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ്, വണ്ടര്‍ലാ എന്നിവയടക്കമുള്ള ഓഹരികളും നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT