Markets

വരുമാനം കുത്തനെ കൂടി, വില്പനയും റെക്കോഡില്‍, എന്നിട്ടും മാരുതി സുസൂക്കിയുടെ ലാഭത്തില്‍ ഇടിവ്!

ഓഹരിയൊന്നിന് 140 രൂപ വീതം ഡിവിഡന്റ് നല്കാന്‍ കമ്പനി ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്

Dhanam News Desk

രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ (Maruti Suzuki India) മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദ ഫലം പ്രഖ്യാപിച്ചു. വില്പനയിലും വരുമാനത്തിലും പുതിയ റെക്കോഡുകള്‍ സ്ഥാപിച്ചെങ്കിലും ലാഭത്തില്‍ ഇടിവുണ്ടായത് തിരിച്ചടിയായി. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 7% കുറവാണ് രേഖപ്പെടുത്തിയത്.

മാര്‍ച്ച് പാദത്തിലെ ലാഭം മുന്‍വര്‍ഷത്തെ 3,857 കോടി രൂപയില്‍ നിന്ന് 3, 591 കോടി രൂപയായി താഴ്ന്നു. അതേസമയം, നികുതിയടക്കമുള്ളവയ്ക്ക് മുമ്പുള്ള കമ്പനിയുടെ പ്രവര്‍ത്തനലാഭം 30.4 ശതമാനം വര്‍ധിച്ച് 4,409 കോടി രൂപയായി.

വരുമാനത്തില്‍ വലിയ വര്‍ധന

കമ്പനിയുടെ വരുമാനം മുന്‍വര്‍ഷം മാര്‍ച്ച് പാദത്തേക്കാള്‍ 28 ശതമാനം വര്‍ധിച്ചു. 40,910 കോടി രൂപയില്‍ നിന്ന് 52,449 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. കമ്പനിയുടെയും വിപണി വിദഗ്ധരുടെയും പ്രതീക്ഷയ്ക്കപ്പുറത്തേക്ക് വരുമാനം ഉയര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓഹരിയൊന്നിന് 140 രൂപ വീതം ഡിവിഡന്റ് നല്കാന്‍ കമ്പനി ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അന്തിമതീരുമാനം ഓഗസ്റ്റ് 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിക്കു ശേഷമായിരിക്കും കൈക്കൊള്ളുക.

വില്പന കുതിച്ചു

മാരുതി സുസൂക്കിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാദ വില്പനയ്ക്ക് മാര്‍ച്ച് സാക്ഷ്യംവഹിച്ചത്. 6,76,209 യൂണിറ്റുകളാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ വിറ്റഴിച്ചത്. 2025ല്‍ സമാനപാദത്തേക്കാള്‍ 11.8 ശതമാനം വര്‍ധന. ആഭ്യന്തര വില്പന 5,38,994 യൂണിറ്റ്. കയറ്റുമതിയില്‍ റെക്കോഡ് കുറിക്കാന്‍ സാധിച്ചു, 1,37,215 യൂണിറ്റ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാരുതി സുസൂക്കിയുടെ ആകെ വില്പന 2,422,713 യൂണിറ്റുകളാണ്. 19,749,39 യൂണിറ്റുകള്‍ ആഭ്യന്തര മാര്‍ക്കറ്റിലും 4,47,774 യൂണിറ്റുകള്‍ വിദേശത്തും വിറ്റഴിച്ചു. 1,74,370 കോടി രൂപയുടേതാണ് ആകെ വിറ്റുവരവ്. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 20.2 ശതമാനം വര്‍ധന. 14,445 കോടി രൂപയാണ് 2026 സാമ്പത്തികവര്‍ഷത്തെ ലാഭം. തൊട്ടു മുന്‍വര്‍ഷമിത് 14,298 കോടി രൂപയായിരുന്നു.

ലാഭം കുറഞ്ഞതിന് കാരണമെന്താണ്

റെക്കോഡ് വില്പനയും വരുമാനവും ലഭിച്ചെങ്കിലും നികുതിക്കു ശേഷമുള്ള ലാഭം കുറയാന്‍ കാരണങ്ങള്‍ പലതാണ്. പശ്ചിമേഷ്യന്‍ യുദ്ധം അടക്കമുള്ള സാഹചര്യങ്ങളാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് ലാഭത്തില്‍ പ്രതിഫലിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചെലവില്‍ 28 ശതമാനമാണ് വര്‍ധന. ഇത് ആകെ ലാഭത്തില്‍ പ്രതിഫലിച്ചു.

ലാഭം കുറഞ്ഞെന്ന വാര്‍ത്ത നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും പ്രതിഫലിച്ചു. വൈകുന്നേരം ഓഹരിവിലയില്‍ ഇടിവുണ്ടായി. 2.51 ശതമാനം ഇടിവില്‍ 12,890 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

Maruti Suzuki reports record revenue and sales but declining quarterly profit due to rising costs and raw material prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT