പ്രതീകാത്മക ചിത്രം  Image Source: Canva
Markets

ഓഹരി വിപണിയുടെ തളർച്ചയോ സർക്കാർ നിയന്ത്രണങ്ങളോ? ഇന്ത്യൻ ട്രേ‍ഡർമാർ കമ്മോഡിറ്റിയിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട്?

ഇക്വിറ്റി F&O വിപണിയിൽ റീറ്റെയ്ൽ ട്രേഡർമാരുടെ എണ്ണം കുറഞ്ഞപ്പോൾ MCX-ലെ കമ്മോഡിറ്റി ഡെറിവേറ്റീവിൽ ഇടപാടുകാരുടെ എണ്ണത്തിൽ വൻ വർധന; വിലയിലെ ചാഞ്ചാട്ടം, കുറഞ്ഞ മുതൽമുടക്കിലുള്ള ഓപ്ഷൻസ് വ്യാപാരം, നീണ്ട ട്രേഡിങ് സമയം എന്നിവ ഈ മാറ്റത്തിന് പിന്നിലെ ഘടകങ്ങളാകാമെന്ന് നിതിൻ കാമത്ത് വിലയിരുത്തുന്നു

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡർമാരുടെ എണ്ണത്തിൽ 20% ഇടിവുണ്ടായപ്പോൾ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ ട്രേഡർമാരുടെ എണ്ണം 62% വർധിച്ചു. സ്വർണം, വെള്ളി തുടങ്ങിയ ബുള്ള്യയനുകളിൽ ദിവസേനയുള്ള കടുത്ത വില ചാഞ്ചാട്ടവും കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാനുള്ള സാധ്യതകളും ട്രേഡർമാരെ കമ്മോഡിറ്റിയിലേക്ക് ആകർഷിക്കുന്നു.

ഇന്ത്യൻ ഡെറിവേറ്റീവ് വിപണിയിലെ ട്രേഡർമാരുടെ പങ്കാളിത്തത്തിൽ വലിയ മാറ്റം പ്രകടമാകുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ (MCX) കമ്മോഡിറ്റി ട്രേഡർമാരുടെ എണ്ണത്തിൽ 62 ശതമാനത്തിന്റെ വമ്പൻ വർധനയാണ് (തൊട്ടുമുൻ വർഷത്തെ 13 ലക്ഷത്തിൽ നിന്നും 21 ലക്ഷമായി വളർന്നു) രേഖപ്പെടുത്തിയത്. എന്നാൽ ഇതേ കാലയളവിൽ രാജ്യത്തെ ഓഹരി വിപണിയുടെ ഭാ​ഗമായ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (Equity F&O) വിഭാ​ഗത്തിലെ ട്രേഡർമാരുടെ എണ്ണത്തിൽ 20 ശതമാനത്തോളം (1.06 കോടിയിൽ നിന്നും 85 ലക്ഷമായി താഴ്ന്നു) ഇടിവുണ്ടായി.

അതേസമയം സ്വ‌‌ർണം, വെള്ളി തുടങ്ങിയ ബുള്ള്യയനുകളിലെ കടുത്ത ചാഞ്ചാട്ടമാണോ ഹ്രസ്വകാലയളവിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ട്രേഡർമാരെ കമ്മോഡിറ്റി വിപണിയിലേക്ക് ആകർഷിക്കുന്നതെന്ന ചോദ്യവുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകൻ നിതിൻ കാമത്ത് സമൂഹമാധ്യമത്തിലൂടെ കുറിപ്പുമായി രം​ഗത്തെത്തി.

എന്തുകൊണ്ട് ട്രേ‍‌ഡർമാർക്ക് മനഃമാറ്റം?

ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ, നാച്ചുറൽ ​ഗ്യാസ്, സ്വർണം, വെള്ളി തുടങ്ങിയ ഉയർന്ന ലഭ്യതയുള്ള കമ്മോഡിറ്റികളിൽ ദിവസേന പ്രകടമാകുന്ന വൻ വിലവ്യതിയാനം, ഹ്രസ്വകാലയളവിൽ ലാഭകരമായ ട്രേഡ് എടുക്കാനുള്ള നിരവധി അവസരങ്ങൾ നൽകുന്നുണ്ടെന്ന വിലയിരുത്തലാണ് സ്പെക്യുലേറ്റീവ് ട്രേഡർമാരെ (speculative traders) ആകർഷിക്കുന്ന മുഖ്യഘടകം. ആ​ഗോള സംഘർഷങ്ങളും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണം. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വ്യാപാരം സാധ്യമാക്കുന്ന എം.സി.എക്സ് (MCX) ഓപ്ഷനുകളുടെ വളർച്ചയും റീട്ടെയിൽ ട്രേ‍ഡർമാരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്.

ഇന്ത്യൻ ഓഹരി വിപണിയുടെ പ്രവർത്തന സമയം അവസാനിച്ച ശേഷവും ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് ട്രേഡ് ചെയ്യാൻ എംസിഎക്സിലെ ദീർഘിപ്പിച്ച വ്യാപാര സമയം സഹായിക്കുന്നു. യു.എസ് വിപണിയിലെ ട്രെൻഡുകളും വിദേശത്തുനിന്നുള്ള സാമ്പത്തിക വിവരങ്ങളും തത്സമയം പ്രയോജനപ്പെടുത്താൻ ഇത് ട്രേഡ‍ർമാക്ക് അവസരമൊരുക്കുന്നതായും നിതിൻ കാമ്മത്ത് ചൂണ്ടിക്കാട്ടി. വൈകുന്നേര സമയങ്ങളിൽ 'കമ്മോഡിറ്റി ഓപ്ഷനുകൾ' (commodity options) പരീക്ഷിച്ചുനോക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നതും കമ്മോഡിറ്റി ട്രേഡിങ്ങിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്.

സെബി നിയന്ത്രണങ്ങളും ഇക്വിറ്റി എഫ്&ഒയിലെ മാറ്റങ്ങളും

ഇന്ത്യൻ ഓഹരി വിപണിയിലെ ഡെറിവേറ്റീവ് (F&O) വിഭാ​ഗത്തിൽ റീട്ടെയിൽ ട്രേ‍ഡർമാരുടെ അമിതമായ ഊഹക്കച്ചവടം (speculations) തടയാൻ ലക്ഷ്യമിട്ടാണ് ഇക്വിറ്റി വിഭാ​ഗത്തിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് കോൺട്രാക്ടുകളുടെ വലുപ്പം (Contract size), പ്രതിവാര സൂചിക-എക്സ്പയറികൾ (weekly index expiries) എന്നിവയിൽ മാർക്കറ്റ് റെ​ഗുലേറ്ററായ സെബി (SEBI) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വർധിച്ച ഇടപാട് ചെലവുകളും ഉയർന്ന മാർജിൻ ആവശ്യകതകളും ട്രേഡർമാരെ കൂടുതൽ അപകടസാധ്യതയുള്ള ഓപ്ഷൻ തന്ത്രങ്ങളിലേക്കോ ബദൽ നിക്ഷേപ മാർഗങ്ങളിലേക്കോ നയിക്കാൻ സാധ്യതയുണ്ട്.

ഈ നിയന്ത്രണങ്ങളൊക്കെ പ്രാബല്യത്തിലായിട്ടും റീട്ടെയ്ൽ എഫ്&ഒ ട്രേഡിങ് ആഭ്യന്തര വിപണിയിൽ നിന്ന് പൂർണമായും വരുതിയിലായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പകരം, ആ നിക്ഷേപങ്ങളും ഹ്രസ്വകാല ലാഭം തേടുന്ന ട്രേഡർമാരും മറ്റ് ഫിനാൻഷ്യൽ പ്രോഡക്ടുകളിലേക്കും കമ്മോഡിറ്റി പോലുള്ള പുതിയ പ്ലാറ്റ്‌ഫോമുകളിലേക്കും വഴിമാറി ഒഴുകുകയാണ്.

Commodity derivatives participation on MCX rose sharply in FY26 while individual equity F&O participation declined, prompting questions about volatility, options trading and regulatory changes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT