Demat account  Image : Canva
Markets

വിപണി വീണ്ടും ഇടിവിൽ; ഐടി മേഖലയ്ക്കു തകർച്ച

ഐടി ഓഹരികൾക്ക് സമ്മർദം തുടരുമ്പോൾ ബാങ്കുകളും മെറ്റൽ ഓഹരികളും നേട്ടം കരസ്ഥമാക്കിയത് വിപണിയിൽ നേരിടുന്ന തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകരമാകുന്നു.

T C Mathew

നാമമാത്ര നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി ആദ്യം ചാഞ്ചാട്ടത്തിലായി, പിന്നീടു കൂടുതൽ താഴോട്ടു നീങ്ങി. സെൻസെക്സ് 83,603 വരെ കയറിയിട്ട് 83,196 വരെ ഇടിഞ്ഞു. നിഫ്റ്റി 25,760 വരെ ഉയർന്നിട്ട് 25,652 വരെ താഴ്‌ന്നു. ഐടി കമ്പനികൾ ഇന്നും താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളും മെറ്റൽ കമ്പനികളും മികച്ച നേട്ടം ഉണ്ടാക്കി

ആന്ത്രോപിക് എഐയുമായി സഹകരണ കരാർ ഉണ്ടാക്കിയതും എഐ ഉപയോഗിച്ചു സേവനം നൽകാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചതും ഇൻഫോസിസിൻ്റെ ലക്ഷ്യവില ഉയർത്താൻ നിക്ഷേപ ബാങ്കുകളെ പ്രേരിപ്പിച്ചു. സിഎൽഎസ്എ 1779 രൂപയും എച്ച്എസ്ബിസി 1870 രൂപയുമായി ലക്ഷ്യവില കൂട്ടി. എന്നാൽ രാവിലെ വ്യാപാരത്തിൽ ഇൻഫോസിസ് ഓഹരി മൂന്നര ശതമാനത്തിലധികം ഇടിഞ്ഞു.

ഐടി ഓഹരികൾ സമ്മർദത്തിൽ

മിക്ക ഐടി കമ്പനികളും ഇന്നു താഴ്ചയിലാണ്. കമ്പനികളുടെ എഐ ഉപയോഗവും അതിൻ്റെ ഫലവും സംബന്ധിച്ചു വ്യക്തത വരാത്തതാണു കാരണം. നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനം താഴ്‌ന്നു. പെഴ്സിസ്റ്റൻ്റ്, എൽടിഐ മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, കോഫോർജ് , എംഫസിസ്, വിപ്രോ, എച്ച്സിഎൽ, ടിസിഎസ് തുടങ്ങിയവയെല്ലാം താഴുകയാണ്.

ഐടി സേവന കമ്പനികൾ എൻട്രി ലെവലിലും മിഡ് ലെവലിലും ഇപ്പോൾ ജോലിക്കാരെ എടുക്കുന്നില്ലെന്നു റിക്രൂട്ടിംഗ് സർവീസ് കമ്പനി ടീം ലീസ് പറഞ്ഞു. ജിസിസികളിലെ ഐടി ഉൽപന്ന കമ്പനികൾ വിശേഷ യോഗ്യത ഉള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഐടി ജോലിക്ക് അപേക്ഷിക്കുന്നവരിൽ 30 ശതമാനം പേർക്കു മാത്രമേ അവസരം ലഭിക്കുന്നുള്ളൂ.

പ്രധാന ഓഹരി വാർത്തകൾ

സ്വിസ് നിക്ഷേപബാങ്ക് യുബിഎസ് ഐടിസിയുടെ ലക്ഷ്യവില 420 ൽ നിന്ന് 395 രൂപയായി കുറച്ചു. ഓഹരി ഒന്നര ശതമാനം ഉയർന്നു. എൽജി ഇലക്ട്രോണിക്സിൻ്റെ ലക്ഷ്യവില 1750 രൂപയായി ഗോൾഡ്മാൻ സാക്സ് ഉയർത്തി. ഓഹരി അര ശതമാനം താഴ്‌ന്നു. ഗുജറാത്തിൽ വലിയ നിർമാണ കരാർ ലഭിച്ച ദിലീപ് ബിൽഡ്കോൺ ഓഹരി രാവിലെ അഞ്ചു ശതമാനം വരെ ഉയർന്നു.

ഹിന്ദുജ ലെയ്‌ലൻഡ് ഫിനാൻസിനെ എൻഡിഎൽ വെഞ്ചേഴ്സിൽ ലയിപ്പിക്കുന്നതിനു കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി. എൻഡിഎൽ ഓഹരി 20 ശതമാനം വരെ ഉയർന്നിട്ടു താഴ്‌ന്നു. ഗ്രൂപ്പിലെ ധനകാര്യസേവന കമ്പനികൾ ഒന്നിപ്പിക്കാനാണ് ഹിന്ദുജ ഗ്രൂപ്പിൻ്റെ നീക്കം.

കമ്മോഡിറ്റി മാർക്കറ്റ് വാർത്ത

രൂപ ഇന്നു തുടക്കത്തിൽ ബലപ്പെട്ടു. പിന്നീടു ദുർബലമായി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 90.65 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 90.63 രൂപ വരെ താഴ്ന്നിട്ട് 90.71 രൂപയിലേക്ക് കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4928 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,13,080 രൂപയിൽ തുടരുന്നു. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,53,303 രൂപ വരെ കയറിയിട്ട് 1,52,850 ലേക്കു താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 74.2 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,33,673 രൂപ വരെ കയറി.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 67.57 ഡോളറിലേക്കു താഴ്‌ന്നു. ക്രൂഡ് വിലയിടിവ് ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികളെ നാലു ശതമാനം വരെ താഴ്‌ത്തി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഉയർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT