Markets

മിഡ്ക്യാപ്പുകളുടെ തുണയില്‍ നേരിയ പച്ചപ്പ്, ഇരട്ട ആശ്വാസത്തില്‍ വോഡഫോണ്‍, വിപണിയില്‍ ഇന്ന് സംഭവിച്ചത്

മിഡ് ക്യാപ് സ്റ്റോക്കുകളുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതാണ് ഓഹരികള്‍ക്ക് കരുത്തായത്

Resya Raveendran

ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 39.78 പോയിന്റ് നേട്ടത്തോടെ 83,97849ലും നിഫ്റ്റി 41.25 പോയിന്റ് ഉയര്‍ന്ന് 25,763.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സ്റ്റോക്കുകളും തെരഞ്ഞെടുത്ത ചില ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ സ്റ്റോക്കുകളുമാണ് വിപണിയെ നേട്ടത്തില്‍ പിടിച്ചു നിര്‍ത്തിയത്. മിഡ് ക്യാപ് സ്റ്റോക്കുകളുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതാണ് ഓഹരികള്‍ക്ക് കരുത്തായത്.

വിവിധ സൂചികകളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചികയാണ് വലിയ മുന്നേറ്റം കാഴ്ചവച്ചത്. രണ്ട് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

ശ്രീറാം ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, എസ്.ബി.ഐ, ടാറ്റ കണ്‍സ്യൂമര്‍ എന്നിവരാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം, മാരുതി സുസുക്കി, ഐ.ടി.സി, ടി.സി.എസ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ നഷ്ടം രേഖപ്പെടുത്തി.

ആവേശത്തില്‍ ഐഡിയയും ശ്രീറാമും

നിഫ്റ്റി 200ല്‍ ഇന്ന് വോഡഫോണ്‍ ഐഡിയയുടെ ദിനമായിരുന്നു. ഓഹരി വില 9.75 ശതമാനം ഉയര്‍ന്ന് 9.58 രൂപയിലെത്തി. അധിക എ.ജി.ആര്‍ കുടിശികയിലും കുടുശികകളിലുമുള്ള റീഅസസ്‌മെന്റിലും സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസ വാര്‍ത്തയുണ്ടായതാണ് വോഡഫോണിന് കരുത്തായത്. ഇതുകൂടാതെ യു.എസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് (TGH) നഷ്ടത്തിലും കടഭാരത്തിലും കഷ്ടപ്പെടുന്ന വോഡഫോണ്‍ ഐഡിയയുടെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനായി 35,000-52,800 കോടി രൂപ നിക്ഷേപിക്കാനായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും ഓഹരിയുടെ കുതിപ്പിന്‌ കാരണമായി.

രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ ബ്രോക്കറേജുകള്‍ റേറ്റിംഗ് ഉയര്‍ത്തിയത് എന്‍.ബി.എഫ്.സിയായ ശ്രീറാം ഫിനാന്‍സിന്റെ ഓഹരികളെ 6.18 ശതമാനം മുന്നേറ്റത്തിലാക്കി. ഓഹരി വില 52 ആഴ്ചയിലെ ഉയരമായ 800 രൂപ തൊടുകയും ചെയ്തു. ഓഹരി ബ്രോക്കിംഗ് സ്ഥാപനമായ ജെഫ്രീസ് ശ്രീറാം ഫിനാന്‍സിന് 'ബൈ' റേറ്റിംഗ് നല്‍കുകയും ഓഹരിയുടെ ലക്ഷ്യവില 800ല്‍ നിന്ന് 880 രൂപയാക്കുകയും ചെയ്തു. മറ്റൊരു ബ്രോക്കറേജായ സി.എല്‍.എസ്.എ ഓഹരി വര്‍ധിപ്പിക്കാനാണ്‌ (accumulate) നിര്‍ദേശിച്ചിരിക്കുന്നത്. 735 രൂപയില്‍ നിന്ന് ലക്ഷ്യവില 840 ആക്കുകയും ചെയ്തു.

രണ്ടാംപാദത്തില്‍ സംയോജിത ലാഭത്തില്‍ 6.5 ശതമാനം ഇടിവു രേഖപ്പെടുത്തിയ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരി വില ഇന്ന് 6 ശതമാനം ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി കമ്പനിക്ക് അനുകൂലമാകുമെന്ന കണക്കകൂട്ടലില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയതാണ് മുന്നേറ്റത്തിന് കാരണം.

ബാങ്ക് ഓഫ് ബറോഡ ഓഹരി ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 292.75 രൂപയിലെത്തി. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ മികച്ച പാദഫലങ്ങളാണ് ഓഹരിക്ക് ഗുണമായത്. എച്ച്.എസ്.ബി.സി, നോമുറ എന്നീ ബ്രോക്കറേജുകള്‍ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കിയിട്ടുണ്ട്. എച്ച്.എസ്.ബി.സി ഓഹരിയുടെ ലക്ഷ്യവില 340 രൂപയും നോമുറ 320 രൂപയുമാക്കി.

ഇന്നത്തെ ഓഹരികളുടെ നേട്ടവും നഷ്ടവും

നഷ്ടം രുചിച്ച്‌ മാരുതി മുതല്‍ സ്വിഗി വരെ

മാരുതി സുസുക്കി ഓഹരികള്‍ രണ്ടാം പാദഫലങ്ങള്‍ പുറത്തു വന്നതിനു ശേഷം മൂന്ന് ശതമാനം ഉയര്‍ന്നു. എബിറ്റ്ഡ് (EBITDA) മാര്‍ജിന്‍ കുറഞ്ഞത് ഓഹരിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി.

അദാനി ഗ്രീന്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിവിലാണ്. രണ്ടാം പാദത്തില്‍ കമ്പനിയുടെ തനിച്ചുള്ള ലാഭത്തില്‍ 81.65 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

രണ്ടാം പാദഫലത്തിനു ശേഷം സ്വിഗി ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം ഇടിവിലായി.

ഊര്‍ജമില്ലാതെ കേരള ഓഹരികളും

കേരള കമ്പനികളെടുത്താല്‍ ടി.സി.എം ആണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 13 ശതമാനത്തിലധികം ഉയര്‍ന്നു. പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഓഹരി വില 6.71 ശതമാനം ഉയര്‍ന്ന് 154 രൂപയിലെത്തി. സെല്ല സ്‌പേസ്, അബേറ്റ് ഇന്‍ഡസ്ട്രീസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവ മൂന്ന് മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു.

കേരള ഓഹരികളുടെ പ്രകടനം

എട്ടു ശതമാനത്തിനടുത്ത് വീഴചയുമായി പ്രൈമ അഗ്രോയാണ് നഷ്ടത്തില്‍ മുന്നില്‍ നിന്നത്. പോപ്പീസ് കെയര്‍ (4.98%), കേരള ആയുര്‍വേദ (3.79%) എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT