ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം വിപണി ചാഞ്ചാട്ടത്തിലായി. ഇടയ്ക്കു നഷ്ടത്തിലേക്കു മാറിയ ശേഷം സൂചികകള്‍ മികച്ച നേട്ടത്തിലേക്കു മാറി. നിഫ്റ്റി 24,000 നു മുകളില്‍ വ്യാപാരം തുടങ്ങിയിട് 24,067 വരെ കയറി. സെന്‍സെക്‌സ് 77,000നു മുകളില്‍ ഓപ്പണ്‍ ചെയ്തിട്ട് കുറച്ചു സമയം താഴ്ന്നു നിന്നെങ്കിലും പിന്നീടു തിരിച്ചു കയറി.
ബാങ്ക് ഓഹരികള്‍ ഇന്നു ചാഞ്ചാട്ടത്തിലായി. ഐടിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും മികച്ച മുന്നേറ്റം നടത്തി. ഓഹരിവില്‍പനയെ പറ്റി ശ്രുതി പരക്കുന്നത് ഐഡിബിഐ ബാങ്കിനെ ആറു ശതമാനത്തോളം ഉയര്‍ത്തി. നാഷണല്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് ഐപിഒ നടത്താനുള്ള പ്രാരംഭ നടപടിയായി ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് ഇന്നു സമര്‍പ്പിക്കും.
നീന്തല്‍ കുളങ്ങള്‍ക്കു വെള്ളം നല്‍കുകയില്ലെന്നും വ്യാവസായിക-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ജലവിതരണം 20 ശതമാനം കുറയ്ക്കുമെന്നും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചതു മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളെ താഴ്ത്തി. ഓബറോയ്, ഗോദ്‌റെജ്, ലോധ തുടങ്ങിയവ മുന്നു ശതമാനം വരെ ഇടിഞ്ഞു. നിയന്ത്രണം മൂലം, നിര്‍മാണത്തിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈകും.
കൊറോണ റെമഡീസിന്റെ ഓഹരികളുടെ ബള്‍ക്ക് ഇടപാടിനെ തുടര്‍ന്ന് ഓഹരി 10 ശതമാനത്തിലധികം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.
യുബിഎസ് എറ്റേണലിന് 305 രൂപയും നൈകയ്ക്ക് 290 രൂപ, മീഷോയ്ക്ക് 210 രൂപയും ഇന്‍ഫോ എഡ്ജിന് 1280 രൂപയും ലക്ഷ്യവില നിശ്ചയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യവില സിഎല്‍എസ്എ 1800 രൂപയായി ഉയര്‍ത്തി. ഓഹരിയെ ഔട്‌പെര്‍ഫോം വിഭാഗത്തില്‍ പെടുത്തി. കോഫോര്‍ജിന് എച്ച്എസ്ബിസി 1710 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ഡിക്‌സണ്‍ ടെക്‌നോളജീസിന് 12,700 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെപി മോര്‍ഗന്‍ ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കി. ബേണ്‍സ്‌റ്റൈന്‍ സണ്‍ ഫാര്‍മയ്ക്ക് 2235 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട് പെര്‍ഫോം റേറ്റിംഗ് നല്‍കി.
ഓഹരി എക്‌സ് ബോണസ് ആയതിനെ തുടര്‍ന്ന് ബ്രിഗേഡ് എന്റര്‍പ്രൈസസ് 20 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു രാവിലെ നില കൂടുതല്‍ മെച്ചപ്പെടുത്തി. ഡോളര്‍ 10 പൈസ താഴ്ന്ന് 94.46 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 94.30 രൂപയിലേക്കു താഴ്ന്നു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4330 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപ ആയി.
ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം 79 ഡോളറിനു താഴെയായി. ബ്രെന്റ് 78.44 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 75.38 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine